മകനോടൊപ്പം നടന്നുപോവുകയായിരുന്ന വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ച കേസില്‍ യുവാവ് പിടിയില്‍

കോഴിക്കോട്: മകനോടൊപ്പം നടന്നുപോവുകയായിരുന്ന വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ച കേസില്‍ യുവാവ് പിടിയില്‍. കോഴിക്കോട് ബാലുശ്ശേരി തലയാട് സ്വദേശിയായ സഹല്‍(28) ആണ് പിടിയിലായത്. വയനാട്ടില്‍ വെച്ച് ഇന്ന് പുലര്‍ച്ചെയാണ് ബാലുശ്ശേരി പോലീസ് സഹലിനെ പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. വൈകീട്ട് അഞ്ചോടെ ബാലുശ്ശേരി സന്ധ്യാ റോഡില്‍ വെച്ച് ഇയാള്‍ യുവതിയുടെ മാല പൊട്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.

ജോലി കഴിഞ്ഞ് മകനോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഉണ്ണികുളം സ്വദേശി അനുശ്രീയുടെ 2.5 പവന്‍ വരുന്ന മാലയാണ് സഹല്‍ പൊട്ടിച്ചെടുത്തത്. സമീപത്തെ ഒരു കടയിലെ സിസിടിവിയില്‍ ഇയാളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് ബാലുശ്ശേരി പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സഹല്‍ പിടിയിലായത്.