അജ്മാന്‍:  വണ്ടിച്ചെക്ക് കേസില്‍ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുടെ വാദം പൊളിഞ്ഞു. പരാതിക്കാരനായ നാസില്‍ തന്‍റെ ചെക്ക് മോഷ്ടിച്ചതാണെന്നാണ് തുഷാര്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍, ഇത് വിശ്വസനീയമല്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.

നാസില്‍ ചെക്ക് മോഷ്ടിച്ചതാണെന്ന് വാദിച്ച തുഷാറിനോട് , മോഷണം നടന്ന സമയത്ത് എന്തുകൊണ്ട് പരാതി നല്‍കിയില്ലെന്ന് പ്രോസിക്യൂഷന്‍ ചോദിച്ചു.  പ്രോസിക്യൂഷന്‍റെ മധ്യസ്ഥതയില്‍ ഒത്തു തീര്‍പ്പ് ശ്രമം നടന്നെങ്കിലും ഇരുകൂട്ടരും തമ്മില്‍ ധാരണയിലെത്തിയില്ല. ഒത്തുതീര്‍പ്പിന്‍റെ ഭാഗമായി തുഷാര്‍ മുന്നോട്ടുവച്ച തുക അംഗീകരിക്കാന്‍ നാസിര്‍ തയ്യാറാകാഞ്ഞതിനെത്തുടര്‍ന്നാണ് ഒത്തുതീര്‍പ്പുശ്രമം പരാജയപ്പെട്ടത്. 

ചെക്ക് കേസില്‍ വ്യാഴാഴ്ചയാണ് തുഷാര്‍ വെള്ളാപ്പള്ളി യുഎഇയിലെ അജ്മാനിൽ അറസ്റ്റിലായത്. പത്ത് വര്‍ഷം മുന്‍പുള്ള ചെക്ക് ഇടപാടില്‍ തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയുടെ പരാതിയിലാണ് തുഷാർ അറസ്റ്റിലായത്. കോടതി ജാമ്യം അനുവദിച്ചതോടെ ഒന്നര ദിവസത്തെ ജയില്‍ വാസത്തിന് ശേഷം തുഷാര്‍ പുറത്തിറങ്ങി. അജ്മാന്‍ കോടതിയില്‍ ജാമ്യത്തുക കെട്ടിവച്ചതോടെയാണ് തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം കിട്ടിയത്.