വിഎസുമായുള്ള അടുപ്പമാണ് പിണറായി വിജയനിൽ നിന്ന് അകറ്റിയത്. പിണറായിയെ കാണണമെന്നത് അന്ത്യാഭിലാഷമെന്നും ബര്‍ലിൻ കുഞ്ഞനന്തൻ നായര്‍

കണ്ണൂര്‍: വിഭാഗീയതയുടെ പേരിൽ പിണറായി വിജയനെതിരായ മുൻ നിലപാടിൽ കുറ്റബോധമുണ്ടെന്ന് ബര്‍ലിൻ കുഞ്ഞനന്തൻ നായര്‍. പിണറായി ആണ് ശരിയെന്ന് തെളിഞ്ഞു. വിമര്‍ശനങ്ങളിൽ ചിലത് വ്യക്തിപരമായി പോയെന്നും അതിൽ തെറ്റുപറ്റിയെന്നും ബോധ്യമുണ്ട്. പിണറായിയെ കാണണമെന്നത് ഇപ്പോഴത്തെ അന്ത്യാഭിലാഷം ആണ്. കണ്ട് മാപ്പു പറയാൻ തയ്യാറാണെന്നും ബര്‍ലിൻ കുഞ്ഞനന്തൻ നായര്‍ കണ്ണൂരിൽ പറഞ്ഞു. 

വിഎസുമായുള്ള അടുപ്പമാണ് പിണറായി വിജയനിൽ നിന്ന് അകറ്റിയത്. പിണറായിക്കെതിരെയുള്ള ആരോപണങ്ങൾ തിരുത്തിയിട്ടുണ്ട്. പിണറായിയെ കാണണമെന്നത് അന്ത്യാഭിലാഷമെന്നും ബര്‍ലിൻ കുഞ്ഞനന്തൻ നായര്‍ പറയുന്നു. ഇത്ര നല്ല മുഖ്യമന്ത്രി ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. ഏറ്റവും അധികം നല്ല കാര്യങ്ങൾ ചെയ്തിട്ടുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയൻ, ഇഎംഎസിനേക്കാള്‍ മിടുക്കനായി തീര്‍ന്നു. ജനക്ഷേമ സര്‍ക്കാരിന് തുടര്‍ച്ചയുണ്ടാകുമെന്നും ഉറപ്പാണ്. പിണറായി ചെയ്യുന്നതാണ് ശരിയെന്ന നിലപാട് തെറ്റായിരുന്നു എന്ന് മുമ്പു തന്നെ ബോധ്യപ്പെട്ടിട്ടുണ്ട്. അതിപ്പോൾ തീവ്രമായി വിശ്വസിക്കുന്നു എന്നും കുഞ്ഞനനന്തൻ നായര്‍ പറയുന്നു. 

ബര്‍ലിനും വിഎസും 

പൊളിച്ചെഴുത്ത് എന്ന് പേരിട്ട ആത്മകഥയിൽ പാര്‍ട്ടി വിഭാഗീയതയുടെ പശ്ചാത്തലത്തിലെഴുതിയ പല കാര്യങ്ങളും പിന്നീട് തിരുത്തിയിട്ടുണ്ട്. ഇടത് പക്ഷ പ്രസ്ഥാനത്തിനിടക്ക് വലിയ കോളിളക്കം ഉണ്ടാക്കിയ പുസ്തകമായിരുന്നു പൊളിച്ചെഴുത്ത്. പിണറായിക്കെതിരായ വിമര്‍ശനങ്ങൾ തെറ്റായിരുന്നു എന്ന് തോന്നിയത് കൊണ്ടാണ് തിരുത്തിയെഴുതിയത്. പിണറായിയെ നേരിട്ട് കാണണമെന്ന ആഗ്രഹമാണ് ജീവിത സായാഹ്നത്തിൽ ബാക്കിയുള്ളത്. അത് നടക്കുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. കണ്ടാൽ മുൻ നിലപാടുകളുടെ പേരിൽ മാപ്പു പറയുന്നതിൽ എന്താണ് തെറ്റെന്നും ബര്‍ലിൻ ചോദിക്കുന്നു,. 

വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളുമായി കണ്ണൂരിലെ വീട്ടിൽ വിശ്രമത്തിലാണ് ഇപ്പോൾ ബര്‍ലിൻ. രണ്ടു കണ്ണിനും കാഴ്ചയില്ല. വാര്‍ത്തയെല്ലാം സഹായികൾ വായിച്ചു കൊടുക്കും പ്രസംഗങ്ങൾ കേൾക്കും.