Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് മദ്യവിൽപന അവസാനിപ്പിക്കാൻ സാധ്യത? ബെവ്കോ മദ്യവിൽപനശാലകൾ ഇന്നു തുറക്കില്ല

സംസ്ഥാനത്തെ മദ്യവിൽപനയിൽ ഇന്നു ചേരുന്ന മന്ത്രിസഭായോഗം നിർണായക തീരുമാനമെടുക്കും.

BEVCO Liquor shops will remain closed today
Author
Thiruvananthapuram, First Published Mar 25, 2020, 9:30 AM IST


തിരുവനന്തപുരം: ‌സംസ്ഥാനത്തെ ബിവറേജസ് കോ‍‍ർപറേഷന്റെ മദ്യവിൽപനശാലകൾ ഇനിയൊരു അറിയിപ്പുണ്ടാവും വരെ തുറക്കേണ്ടെന്ന് ബെവ്കോ എംഡി ജി.സ്പർജൻ കുമാർ ഉത്തരവിട്ടു. ദേശീയതലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്നു ചേരുന്ന മന്ത്രിസഭായോ​ഗത്തിലെ തീരുമാനം അറിഞ്ഞ ശേഷം മാത്രം മദ്യവിൽപനാശാലകൾ തുറന്നാൽ മതിയെന്നാണ് എംഡി നൽകിയിരിക്കുന്ന നിർദേശം. 

നേരത്തെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ ലോക്ക് ഡൗണിൽ സ്വകാര്യ ബാറുകൾ അടച്ചു പൂട്ടിയിരുന്നുവെങ്കിലും മദ്യവിൽപനശാലകൾ തുറന്നു പ്രവർത്തിച്ചിരുന്നു. കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജനങ്ങളെ വീട്ടിലിരുത്താൻ സർക്കാർ ശ്രമിക്കുന്നതിനിടെ മദ്യവിൽപന ശാലകളിൽ ആളുകൾ തടിച്ചു കൂടുന്ന അവസ്ഥയ്ക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. 

എന്നാൽ മദ്യത്തെ അവശ്യവസ്തുവായാണ് കാണുന്നതെന്നും പെട്ടെന്ന് മദ്യം നിരോധിച്ചാൽ ഉണ്ടാവുന്ന സാമൂഹിക പ്രത്യാഘാതങ്ങൾ ​ഗുരുതരമായിരിക്കുമെന്നും ചൂണ്ടിക്കാട്ടി സർക്കാർ മദ്യവിൽപനശാലകൾ അടച്ചിടാൻ തയ്യാറായിരുന്നില്ല. ഇതിനിടെയാണ് ഇന്നലെ തീർത്തും അപ്രതീക്ഷിതമായി പ്രധാനമന്ത്രി ദേശീയ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഇന്നു ചേരുന്ന മന്ത്രിസഭായോ​ഗം മദ്യവിൽപന സംബന്ധിച്ച നിർണായക തീരുമാനം എടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 

അതേസമയം സ്വകാര്യ ബാർ കൗണ്ടറുകൾ വഴി മദ്യ വിൽക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ ഉടനെ തീരുമാനമെടുക്കില്ല. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗണിന് ‌ പിന്നാലെ കേന്ദ്രസർക്കാരും മൂന്നാഴ്ച നീണ്ടു നിൽക്കുന്ന ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് തിടുക്കപ്പെട്ട് ഒരു തീരുമാനത്തിലേക്ക് പോകേണ്ടെന്ന് സർക്കാർ തീരുമാനിച്ചത്. 

ലോക്ക് ഡൗണിന്റെ ഭാ​ഗമായി സംസ്ഥാനത്തെ മുഴുവൻ സ്വകാര്യ ബാറുകളും അടച്ചിടാൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ ബെവ്കോയുടേയും കൺസ്യൂമ‍ർ ഫെഡിന്റേയും വിദേശ മദ്യവിൽപനശാലകൾ അടച്ചിട്ടതുമില്ല. കടുത്ത നിയന്ത്രണങ്ങളോടെ നടപ്പാക്കുന്ന ലോക്ക് ഡൗണിനിടയിലും മദ്യവിൽപനശാലകളിൽ കനത്ത തിരക്കനുഭവപ്പെടുകയും വരുമാനം മുടങ്ങിയ ബാർലോബി സർക്കാരിൽ സമ്മർദ്ദം ശക്തമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് സ്വകാര്യ ബാർ കൗണ്ടറുകൾ വഴി മദ്യം വിൽക്കാനുള്ള ആലോചന സർക്കാരും എക്സൈസ് വകുപ്പും ആരംഭിച്ചത്. 

ബെവ്കോ മദ്യവിൽപനശാലകളിലെ അതേ വിലയ്ക്ക് മദ്യം വിതരണം ചെയ്യാൻ തയ്യാറാണെന്ന് ബാർ ഉടമകൾ സർക്കാരിനെ അറിയിച്ചു. ഇതോടെ അടുത്ത രണ്ട് ദിവസത്തിൽ ഇക്കാര്യത്തിൽ തീരുമാനം പ്രഖ്യാപിക്കാൻ സർക്കാർ ഒരുങ്ങുകയും ചെയ്തു. ബാറുകൾ അടയ്ക്കുന്നതോടെ തൊഴിൽ നഷ്ടപ്പെടുന്ന ജീവനക്കാരെ മുൻനിർത്തി ഇത്തരമൊരു കാര്യം സർക്കാർ ആലോചിക്കുന്നുണ്ടെന്ന് എക്സൈസ് മന്ത്രിയാണ് സ്ഥിരീകരിച്ചത്. 

ഇതിനിടയിലാണ് തീർത്തും അപ്രതീക്ഷിതമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യവ്യാപകമായി മൂന്നാഴ്ച നീണ്ടു നിൽക്കുന്ന ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. കേന്ദ്രസർക്കാരിന്റെ ഉത്തരവിൽ ബിവറേജസ് അവശ്യസർവ്വീസായി ഉൾപ്പെടുത്തിയിട്ടില്ല. ഇതോടെ മദ്യവിൽപനശാലകൾ അടച്ചു പൂട്ടാൻ സർക്കാരിന് മേൽ സമ്മർദ്ദമുണ്ടായേക്കും. ദേശീയ ലോക്ക് ഡൗൺ ചർച്ച ചെയ്യാൻ ചേരുന്ന ഇന്നത്തെ മന്ത്രിസഭായോ​ഗം ഇക്കാര്യം ചർച്ച ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്. 

Follow Us:
Download App:
  • android
  • ios