തലയ്ക്കും മുഖത്തും പരിക്കേറ്റ മാനേജര്‍ ബേസിൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി

കൊല്ലം: കൊല്ലം കൊട്ടാരക്കര ബിവറേജസ് ഔട്ട്ലെറ്റിൽ മദ്യം വാങ്ങാനെത്തിയ ആൾ മാനേജറുടെ തല അടിച്ചു പൊട്ടിച്ചു. ബിയർകുപ്പി കൊണ്ട് ആക്രമിക്കുകയായിരുന്നു. തലയ്ക്കും മുഖത്തും പരിക്കേറ്റ മാനേജര്‍ ബേസിൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. മുഖത്തും തലക്കും പരിക്കുണ്ടെങ്കിലും ഗുരുതരമല്ല. ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. മൂന്നുപേരാണ് മദ്യം വാങ്ങാനെത്തിയത്. അതിലൊരാള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നു. ബിവറേജസ് ഔട്ട് ലെറ്റിന്‍റെ അകത്ത് ഹെല്‍മറ്റ് ധരിക്കുന്നതിന് വിലക്കുണ്ട്. എന്തിനാണ് ഹെല്‍മറ്റ് ധരിച്ചതെന്ന ചോദ്യം ചെയ്യലുണ്ടായി. ഹെല്‍മറ്റ് ധരിച്ചെത്തിയതുമായി ബന്ധപ്പെട്ട് വാക്കേറ്റമുണ്ടായി. ഇതിനിടയിൽ മൂന്നുപേരിലൊരാള്‍ മൊബൈൽ ഫോണിൽ വീഡിയോ ചിത്രീകരിച്ചു. 

വീഡിയോ എടുക്കുന്നതിനിടെ അറിയാതെ ഫ്ലാഷ് ലൈറ്റും ഓണായിരുന്നു. വീഡിയോ ചിത്രീകരിക്കുന്നത് കണ്ട മാനേജര്‍ മൊബൈൽ ഫോണ്‍ തട്ടിത്തെറിപ്പിച്ചു. ഇതിനുപിന്നാലെയാണ് കൂട്ടത്തിലുണ്ടായിരുന്നയാള്‍ വാങ്ങിയ ബിയര്‍ കുപ്പിയെടുത്ത് മാനേജറുടെ തലയില്‍ അടിച്ചത്. തുടര്‍ന്ന് അക്രമിയെ ജീവനക്കാര്‍ പിടിച്ചുവെച്ചെങ്കിലും പിന്നീട് വാതിൽ തകര്‍ത്തശേഷം രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ കൊട്ടാരക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.