കോഴിക്കോട് ബേപ്പൂരിൽ മത്സ്യബന്ധനത്തിനിടെ ബോട്ടിന്‍റെ എഞ്ചിൻ റൂമിൽ നിന്നുള്ള രാസവസ്തു ശ്വസിച്ച് മരിച്ച രണ്ട് പശ്ചിമബംഗാൾ സ്വദേശികളുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. റിപൻ ദാസ്,ഷഹബേദ് ദാസ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെയാണ് ബേപ്പൂർ ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ നാല് പേർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.

കോഴിക്കോട്: കോഴിക്കോട് ബേപ്പൂരിൽ മത്സ്യബന്ധനത്തിനിടെ ബോട്ടിന്‍റെ എഞ്ചിൻ റൂമിൽ നിന്നുള്ള രാസവസ്തു ശ്വസിച്ച് മരിച്ച രണ്ട് പശ്ചിമബംഗാൾ സ്വദേശികളുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. റിപൻ ദാസ്,ഷഹബേദ് ദാസ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെയാണ് ബേപ്പൂർ ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ നാല് പേർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ബോട്ടിന്‍റെ എഞ്ചിനിൽ ലീക്ക് കണ്ടതിനെ തുടർന്ന് പരിശോധന നടത്തുന്നതിനിടെ നാല് തൊഴിലാളികൾ കുഴഞ്ഞുവീഴുകയായിരുന്നു. ചികിത്സയിലുള്ള മറ്റ് രണ്ട് പേരുടെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തിൽ ബേപ്പൂർ കോസ്റ്റൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Add Asianetnews as a Preferred SourcegooglePreferred

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് റിപണ്‍ ദാസും, ഷഹബേദ് ദാസും മരിച്ചത്. ബേപ്പൂർ ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ആയിഷ ബോട്ടിലെ ജീവനക്കാർക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കരയിൽ നിന്നും 15 നോട്ടിക്കൽ മൈൽ അകലെ ആയതിനാൽ രക്ഷാപ്രവർത്തനത്തിന് കാലതാമസം ഉണ്ടായതായി മത്സ്യ തൊഴിലാളികൾ പറഞ്ഞു. ഫിഷറീസ് ആംബുലൻസിന്റെ എഞ്ചിൻ തകരാറിൽ ആയതിനാൽ വിനോദ സഞ്ചാരത്തിന് ഉപയോഗിക്കുന്ന സ്പീഡ് ബോട്ടിലാണ് മത്സ്യ തൊഴിലാളികളെ കരയ്ക്കെത്തിച്ചത്. ദേഹാസ്വാസ്ഥ്യം ഉണ്ടായ മറ്റ് രണ്ട് പേർ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. എഞ്ചിൻ റൂമിൽ നിന്നും കെമിക്കൽ കലർന്ന വായു ശ്വസിച്ചതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.അതേസമയം, മത്സ്യബന്ധന ബോട്ട് ഇന്ന് ഫിഷറീസ്, പൊലീസ് അധികൃതര്‍ പരിശോധിക്കും. ബോട്ട് ഹാര്‍ബറിലെ യാഡിലേക്ക് മാറ്റി.