സംസ്ഥാനത്തെ ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ 1960ന് ശേഷമുള്ള ഏറ്റവും വലിയ നിയമനത്തിന് ആരോഗ്യ വകുപ്പ് ശുപാർശ നൽകി. മെഡിക്കൽ കോളേജുകളിലെ 800 ഡോക്ടർമാർ ഉൾപ്പെടെ ആകെ 1800 ഡോക്ടർമാരെയും ആയിരത്തോളം മറ്റ് ആരോഗ്യ പ്രവർത്തകരെയും നിയമിക്കാനാണ് നീക്കം. 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ സുപ്രധാന തീരുമാനം.
തിരുവനന്തപുരം: സംസ്ഥാനത്തെ ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ നിയമന ശുപാർശ നൽകി ആരോഗ്യ വകുപ്പ്. മെഡിക്കൽ കോളേജിലേക്ക് 800 ഓളം ഡോക്ടർമാരുടെ നിയമനത്തിനാണ് ശുപാർശ നൽകിയിട്ടുള്ളത്. സ്പെഷ്യാലിറ്റി സൂപ്പർ സ്പെഷ്യാലിറ്റി നിയമനങ്ങൾക്കാണ് ശുപാർശ ചെയ്തത്. നിയമനങ്ങൾക്കായി ആരോഗ്യ വകുപ്പ് ധനകാര്യ വകുപ്പിനെ സമീപിച്ചു. ആരോഗ്യ വകുപ്പിൽ ആകെ 1800 ഡോക്ടർമാരുടെ നിയമനത്തിനും ശുപാർശ നൽകി. നഴ്സുമാർ , ലാബ് ടെക്നീഷ്യന്മാർ, ഫാർമസിസ്റ്റുകൾ എന്നീ തസ്തികളിലേക്ക് ആയിരത്തോളം പേരുടെ നിയമനത്തിനും ശുപാർശയുണ്ട്.
1960ന് ശേഷമുള്ള ഏറ്റവും വലിയ നിയമന ശുപാർശ എന്നാണ് ആരോഗ്യ വകുപ്പ് വിശദീകരിക്കുന്നത്. കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ മുഖ്യമന്ത്രിയോട് നിയമന ശുപാർശ വിഷയം കെ മുരളീധരൻ ഉന്നയിച്ചിരുന്നു. അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനങ്ങൾ വ്യാപിപ്പിക്കാനുള്ള നീക്കങ്ങൾക്കിടെയാണ് ആരോഗ്യവകുപ്പ് നിയമന ശുപാർശകൾ സമർപ്പിക്കുന്നത്.
അതേസമയം, പിഴവുകൾ മറച്ചുവെക്കാതെ, ഉത്തരവാദിത്തത്തോടും സുതാര്യതയോടും കൂടി പ്രവർത്തിക്കുന്ന തൊഴിൽ സംസ്കാരം വളർത്തിയെടുക്കാൻ ഡോക്ടർമാർ തയാറാകണമെന്ന് ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ പറഞ്ഞിരുന്നു. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലെ 2020 എംബിബിഎസ് ബാച്ചിന്റെ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാവിയിൽ എത്ര സത്യസന്ധമായി ജോലി ചെയ്താലും ചിലപ്പോൾ വിമർശനങ്ങൾ കേൾക്കേണ്ടി വന്നേക്കാം. പാവപ്പെട്ട രോഗികളുടെ ആശ്വാസ കേന്ദ്രങ്ങളായ സർക്കാർ ആശുപത്രികളിൽ സേവനം അനുഷ്ഠിക്കാൻ പഠിച്ചിറങ്ങുന്ന ഡോക്ടർമാർ മുന്നോട്ടുവരണമെന്നും മന്ത്രി പറഞ്ഞു.


