മനോജിന്റെ മൂന്ന് വാരിയെല്ലും വലത്തെ തോളിലെ അസ്ഥിയും ഒടിഞ്ഞു. ഇയാളെ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പത്തനംതിട്ട: പത്തനംതിട്ട നഗരത്തിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്. കടയ്ക്കൽ സ്വദേശി മനോജിനാണ് പരിക്കേറ്റത്. മനോജിന്റെ മൂന്ന് വാരിയെല്ലും വലത്തെ തോളിലെ അസ്ഥിയും ഒടിഞ്ഞു. ഇയാളെ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരത്തിലെ കുഴികൾ അടയ്ക്കാനുള്ള കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. കുഴിയടയ്ക്കാൻ വാട്ടർ അതോറിറ്റി കരാറുകാരന് നൽകിയ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. നഗരത്തിലാകെ കുഴിച്ചിട്ടിരിക്കുന്ന സാഹചര്യമാണുള്ളത്. ആറ് മാസം കൊണ്ട് അവസാനിക്കേണ്ട ജോലി നീണ്ടുപോകുകയാണ്.

തിരുവനന്തപുരത്ത് വെഞ്ഞാറമൂട്ടിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തിരുവനന്തപുരം വർക്കല അയിരൂർ സ്വദേശി നിജാസ് (31) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അർദ്ധരാത്രി പന്ത്രണ്ടരയോടെ ആണ് അപകടം. വെഞ്ഞാറമൂട് നിന്നും കോലിയക്കോട് ഭാഗത്തേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന നിജാസിനെ വേളാവൂരിൽ വെച്ച് എതിർ ദിശയിൽ നിന്നും അമിത വേഗതിയിലെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
സാരമായി പരിക്ക് പറ്റിയ നിജാസിനെ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മേൽനടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റി. വെഞ്ഞാറമൂട്ടിലെ സ്വകാര്യ കേബിൾ നെറ്റ്‌വർക്കിലെ ജീവനക്കാരനാണ് മരണപ്പെട്ട നിജാസ്. ഇടിയുടെ ആഘാതത്തിൽ നിജാസ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ പൂർണമായും തകർന്നു. അതിനിടെ ആറ്റിങ്ങൽ മാമത്ത് നിർത്തിയിട്ടിരുന്ന കെഎസ്ആർടിസിബസ്സിൽ കാറിടിച്ചു മൂന്ന് പേർക്ക് പരിക്കേറ്റു. ബസ് കാത്ത് നിന്നവർക്കും കാറിൽ ഉണ്ടായിരുന്ന ആൾക്കുമാണ് പരിക്ക്.അപകടത്തിൽ പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

