എന്‍സിബി പ്രതി ചേര്‍ക്കാത്തതുകൊണ്ട് എന്‍ഫോഴ്സ്മെന്‍റിന്‍റെ കേസ് നിലനില്‍ക്കില്ലെന്ന് അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
ബെംഗളൂരു: ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ബിനീഷ് കോടിയേരിക്ക് (bineesh kodiyeri) ജാമ്യം. അറസ്റ്റിലായി നാളെ ഒരുവര്‍ഷം പൂര്‍ത്തിയാകാനിരിക്കവേയാണ് ബിനീഷിന് ജാമ്യം ലഭിച്ചിരിക്കുന്നത്. അഞ്ചുലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യമുൾപ്പടെ കർശന ഉപാധികളോടെയാണ് കർണാടക ഹൈക്കോടതി (karnataka high court) ജാമ്യം അനുവദിച്ചത്. ലഹരിയിടപാടില്‍ ബിനീഷിന്‍റെ നേരിട്ടുള്ള പങ്ക് തെളിയിക്കാന്‍ ഇഡിക്ക് കഴിഞ്ഞിട്ടില്ലെന്ന വാദത്തിനിടെയാണ് ജാമ്യം.
എന്‍സിബി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബിനീഷ് കോടിയേരിയെ പ്രതി ചേര്‍ത്തിരുന്നില്ല. എന്‍സിബി പ്രതി ചേര്‍ക്കാത്തതുകൊണ്ട് എന്‍ഫോഴ്സ്മെന്‍റിന്‍റെ കേസ് നിലനില്‍ക്കില്ലെന്നായിരുന്നു ബിനീഷിന്‍റെ അഭിഭാഷകരുടെ വാദം. എന്നാല്‍ ബിനീഷ് പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ഇഡി ചൂണ്ടികാട്ടിയിരുന്നു. ഇഡി കുറ്റപത്രത്തില്‍ നാലാം പ്രതിയാണ് ബിനീഷ്. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഗുരു കൃഷ്ണകുമാര്‍, രഞ്ജിത്ത് ശങ്കര്‍ എന്നിവരാണ് ബിനീഷിനായി ഹാജരായത്. 2020 നവംബര്‍ 11 നാണ് രണ്ടാം വട്ട ചോദ്യം ചെയ്യലിനായി ബിനീഷ് കോടിയേരിയെ ബെംഗളൂരുവിലേക്ക് വിളിച്ചുവരുത്തി ഇഡി നാടകീയമായി അറസ്റ്റ് ചെയ്യുന്നത്.
Read Also : "ബിനീഷിന്‍റെ അക്കൗണ്ടിലെത്തിയത് അനധികൃത പണം", ലഹരിയിടപാടിലെ ലാഭതുകയെന്നും ഇഡി, ജാമ്യാപേക്ഷയെ എതിർത്തു
കോടിയേരി ബാലകൃഷ്ണന്‍റെ മകനായത് കൊണ്ട് വേട്ടയാടുകയാണെന്നും ലഹരി ഇടപാട് കെട്ടിച്ചമച്ച ആരോപണം മാത്രമാണെന്നും ആയിരുന്നു കോടതിയില്‍ തുടക്കം മുതലേ ബിനീഷിന്‍റെ നിലപാട്. ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും കെട്ടിച്ചമച്ച കഥകള്‍ അന്വേഷണ ഏജന്‍സികള്‍ പ്രചരിപ്പിക്കുകയാണെന്നും ബിനീഷ് കോടതിയില്‍ പറഞ്ഞിരുന്നു. ഡ്രൈവര്‍ അനിക്കുട്ടനും അരുണുമായി ഇടപാടുകളില്ല. അനിക്കുട്ടനെ നിയന്ത്രിക്കുന്നത് താനല്ല. ഏഴുലക്ഷം മാത്രമാണ് തനിക്ക് വേണ്ടി അനിക്കുട്ടന്‍ നിക്ഷേപിച്ചത്. മറ്റ് ഇടപാടുകള്‍ ഒന്നും തന്‍റെ അറിവോടെയല്ലെന്നും ബിനീഷ് പറഞ്ഞിരുന്നു.
- Read Also : ബിനീഷിനെതിരെ കേസെടുത്തത് മയക്കുമരുന്ന് കേസ് മാത്രം ആധാരമാക്കിയല്ല; ജാമ്യാപേക്ഷയ്ക്കെതിരെ ഇഡി കോടതിയിൽ
കോടിയേരിയോട് ശത്രുതയുള്ളവരുടെ ഗൂഡാലോചയാണ് പിന്നില്‍. അക്കൗണ്ടിലെത്തിയത് നേരായ കച്ചവടത്തിലെ ലാഭം മാത്രമാണ്. ലാഭവിഹിതത്തിലെ ആദായ നികുതി കൃത്യമായി അടച്ചതാണ്. ഇഡിക്ക് ഇത് ബോധ്യപ്പെടാത്തത് രാഷ്ട്രീയസമ്മര്‍ദ്ദം കാരണമെന്നും ബിനിഷ് കോടതിക്ക് മുന്നില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ബിനീഷ് കോടിയേരിക്ക് ലഹരി ഇടപാടില്‍ പങ്കുണ്ടെന്ന് തന്നെയായിരുന്നു ഇഡിയുടെ വാദം. ബിനീഷിന്‍റെ അക്കൗണ്ടിലെത്തിയത് ലഹരി ഇടപാടിലെ ലാഭമാണ്. പച്ചക്കറി കച്ചവടം കൊണ്ട് ആറുകോടി അക്കൗണ്ടിലെത്തുമോ?. ബി ക്യാപിറ്റല്‍ കമ്പനികളുടെ പിന്നില്‍ വന്‍ ഗൂഡാലോചനയാണ്. ബിനീഷിന്‍റെ ഡ്രൈവര്‍ അനിക്കുട്ടന്‍ സുഹൃത്ത് അരുണ്‍ എന്നിവരെ പല തവണ ചോദ്യം ചെയ്യാനായി വിളിപ്പിച്ചെങ്കിലും ഹാജരാകാത്തത് ദുരൂഹമാണ്. വായ്‍പ എടുത്താണ് അനൂപിന് പണം നല്‍കിയതെന്ന വാദം വിചിത്രമെന്നും ഇഡി വാദിച്ചിരുന്നു. അക്കൗണ്ടിലെത്തിയ മൂന്നേമുക്കാല്‍ കോടിയുടെ ഉറവിടം വെളിപ്പെടുത്താന്‍ ബിനീഷിന് കഴിഞ്ഞിരുന്നില്ല.

