ക്രിമിനൽ കേസിൽ പ്രതിയായ ബിനോയ്ക്ക് ജാമ്യം നൽകരുതെന്ന് യുവതിയുടെ അഭിഭാഷകൻ വാദിച്ചപ്പോൾ പണംതട്ടാനുള്ള ശ്രമമാണ് കേസിന് പിന്നിലെന്ന് പ്രതിഭാഗം ആരോപിച്ചു. ബലാത്സംഗ കുറ്റം നിലനിൽക്കുമോ എന്ന് പരിശോധിച്ച ശേഷമാകും ഉത്തരവ്. 

മുംബൈ: പീഡനകേസിൽ ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ് ഇന്ന് മൂന്ന് മണിക്ക് ഉണ്ടാകും. നേരത്തെ ക്രിമിനൽ കേസിൽ പ്രതിയായ ബിനോയ്ക്ക് ജാമ്യം നൽകരുതെന്ന് യുവതിയുടെ അഭിഭാഷകൻ വാദിച്ചപ്പോൾ പണംതട്ടാനുള്ള ശ്രമമാണ് കേസിന് പിന്നിലെന്നാണ് പ്രതിഭാഗത്തിന്‍റെ ആരോപണം. ബലാത്സംഗ കുറ്റം നിലനിൽക്കുമോ എന്ന് പരിശോധിച്ചശേഷമാകും മുൻകൂര്‍ ജാമ്യാപേക്ഷ സംബന്ധിച്ച കോടതി തീരുമാനം. 

ജുൺ പതിമൂന്നിന് യുവതി ഓഷിവാര സ്റ്റേഷനിൽ പീഡന പരാതി നൽകി ഒരാഴ്ചയ്ക്ക് ശേഷമാണ് അറസ്റ്റ് തടയാൻ ബിനോയ് നീക്കം തുടങ്ങിയത്. 5 കോടി തട്ടാൻ യുവതിയും കൂട്ടാളികളും കള്ളക്കേസ് നൽകി എന്നായിരുന്നു മുൻകൂർ ജാമ്യ ഹർജിയിൽ ബിനോയ് വാദിച്ചത്. വിവാഹം കഴിഞ്ഞെന്ന് വ്യാജ രേഖ ഉണ്ടാക്കി ബിനോയ്ക്ക് വക്കീൽ നോട്ടീസ് അയക്കുകയും അതേസമയം വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പൊലീസിൽ പരാതി നൽകുകയും ചെയ്തത് ചൂണ്ടിക്കാട്ടിയായിരുന്നു വാദം. എന്നാൽ ബിനോയ്ക്കെതിരെ നിരവധി തെളിവുകളാണ് യുവതിയുടെ അഭിഭാഷകൻ നിരത്തിയത്.

സ്വന്തം ഇമെയിലിൽ നിന്ന് ബിനോയ് യുവതിക്കും കുഞ്ഞിനും വിസയും വിമാന ടിക്കറ്റും അയച്ചതിന്‍റെ തെളിവുകൾ യുവതിയുടെ അഭിഭാഷകൻ കോടതിയിൽ നൽകിയിട്ടുണ്ട്. ഈ ടിക്കറ്റുപയോഗിച്ച് യുവതി ദുബായി സന്ദർശിച്ചതിന്‍റെ യാത്ര രേഖകളും ഹാജരാക്കി. യുവതിയും ബിനോയിയും ഒന്നിച്ച് അന്ധേരി വെസ്റ്റിൽ താമസിച്ചതിന്‍റെ രേഖ പ്രൊസിക്യൂഷൻ കോടതിയിൽ നൽകി.

ബിനോയിയുടെ അച്ഛൻ മുൻമന്ത്രിയാണെന്നും നേരത്തെ ക്രിമിനൽകേസുള്ള പ്രതിക്ക് ജാമ്യം നൽകുന്നത് യുവതിക്കും കുഞ്ഞിനും ഭീഷണിയാണെന്നും അഭിഭാഷകൻ വാദിച്ചു. ഇതിനെ എതിർത്ത പ്രതിഭാഗം യുവതിക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്നും ഒരിക്കലും ബിനോയ് വിവാഹ വാഗ്ദാനം നൽകിയില്ലെന്നും വ്യക്തമാക്കി.

ജാമ്യാപേക്ഷയിൽ വിധി വരും വരെ അറസ്റ്റ് പാടില്ലെന്ന് കോടതി പറഞ്ഞിട്ടുണ്ട്. എന്നാൽ കോടതി മുൻകൂര്‍ ജാമ്യം നിഷേധിക്കുന്ന സാഹചര്യം ഉണ്ടായാൽ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പൊലീസിന് കടക്കേണ്ടിവരും,