തിരുവനന്തപുരം: സംസ്ഥാന ഭാരവാഹിത്വവുമായി ബന്ധപ്പെട്ട് ബിജെപിയില്‍ ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്ത ശേഷമുള്ള ആദ്യ കോർ കമ്മിറ്റി യോഗത്തിനിടെയാണ് സുരേന്ദ്രന്‍ പാര്‍ട്ടിയില്‍ ഭിന്നതയിലെന്ന നിലപാടുമായി രംഗത്തെത്തിയത്.

ശോഭ സുരേന്ദ്രൻ യോഗത്തിന് വരാത്തതിൽ അസ്വഭാവികതയില്ലെന്നും എല്ലാ യോഗത്തിലും എല്ലാവർക്കും പങ്കെടുക്കാൻ പറ്റില്ലല്ലോയെന്നും സുരേന്ദ്രന്‍ ചോദിച്ചു. പാർട്ടിയിൽ ഭിന്നതയുണ്ടെന്നത് വ്യാജ പ്രചാരണമാണെന്നും ഇത്തരം പ്രചാരണങ്ങൾ യോഗത്തിൽ ഇവർ എത്തിയതോടെ പൊളിഞ്ഞ‍െന്നും ബിജെപി അധ്യക്ഷന്‍ വിവരിച്ചു.

സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനുള്ള തീരുമാനത്തിലാണ് ബിജെപി സംസ്ഥാന ഘടകം. സിഎജി റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ പേരിലും കെ ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ടും പ്രതിഷേധിക്കുമെന്ന് സുരേന്ദ്രൻ വ്യക്തമാക്കി. ലൈഫ് പദ്ധതിയുടെ പേരിൽ സർക്കാർ നടത്തുന്ന ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിക്കാനും ബിജെപി തീരുമാനമുണ്ട്.

കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ സമയം നീട്ടി നൽകണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.