ഭാരവാഹിപ്പട്ടികയെ ചൊല്ലി സംസ്ഥാന ബിജെപിയിൽ അമർഷം. പദവി നഷ്ടപ്പെട്ട നേതാക്കൾ പ്രതിഷേധം രേഖപ്പെടുത്തി. മുരളീധര പക്ഷത്തെ ഒതുക്കി കൃഷ്ണദാസ് പക്ഷത്തിന് പ്രാമുഖ്യം നൽകിയെന്നാണ് വിമർശനം.
തിരുവനന്തപുരം : ഭാരവാഹിപ്പട്ടികയെ ചൊല്ലി സംസ്ഥാന ബിജെപിയിലെ അമർഷം പുറത്തേക്ക്. പദവിയില്ലാത്തതിന്റെ എതിർപ്പ് സൂചിപ്പിച്ച് വക്താക്കളായിരുന്ന യുവരാജ് ഗോകുലും ഉല്ലാസ് ബാബുവും ഫേസ്ബുക്ക് പോസ്റ്റിട്ടു. രാജീവ് ചന്ദ്രശേഖർ കൃഷ്ണദാസ് പക്ഷത്തിന്റെ നേതാവായി മാറിയെന്നാണ് മുരളീധര പക്ഷത്തിൻറെ വിമർശനം.
മാരാർജി ഭവൻ ഉദ്ഘാടനത്തിൽ നേതാക്കൾ ഒരുമിച്ചാണ് എത്തിയത്. പക്ഷെ ഉള്ളിൽ കടുത്ത അമർഷമാണ് പുകയുന്നത്. അമിത് ഷാ എത്തുന്നതിന്റെ തലേന്ന് പ്രഖ്യാപിച്ച പട്ടികയിൽ മുരളീധരപക്ഷത്തെ കൂട്ടത്തോടെ വെട്ടിയതിലാണ് രോഷം. യുവാക്കൾക്കും പുതുമുഖങ്ങൾക്കും പ്രധാന്യം എന്ന പേരിൽ മുരളീപക്ഷത്തെയും മറ്റൊരു വിഭാഗം നേതാക്കളെയും ഒതുക്കിയെന്നാണ് പരാതി. പട്ടികയിലെ 90 ശതമാനവും കൃഷ്ണദാസ് പക്ഷനേതാക്കളാണ്. രാജീവ് ചന്ദ്രശേഖർ ആ ഗ്രൂപ്പിന്റെ നേതാവായെന്നാണ് മുരളീപക്ഷ വിമർശനം. എ.എൻ രാധാകൃഷ്ണൻ, സി ശിവൻകുട്ടി, ജെആർ പത്മകുമാർ, പി രഘുനാഥ്, നാരായണൻ നമ്പൂതിരി, പിആർ ശിവശങ്കരൻ, ഉല്ലാസ് ബാബു, യുവരാജ് ഗോകുൽ എന്നിവരെല്ലാം പുറത്തായി.
അമിത്ഷായുടെ പുത്തരിക്കണ്ടത്തെ പരിപാടിക്ക് പുറത്തുനിന്നുള്ള സെൽഫി പോസ്റ്റ് ചെയ്ത് താൻ പുറത്താണെന്ന് സൂചിപ്പിച്ച് യുവരാജ് ഗോകുൽ. ഉള്ളത് കൊണ്ട് തൃപ്തിപ്പെടണമെന്ന് പറഞ്ഞ അമ്മയെ ഓർമ്മിക്കുന്നുവെന്നും അപ്പുറത്തേക്ക് എത്തിനോക്കി ഒന്നും ആശിക്കേണ്ടെന്നുമാണ് പോസ്റ്റ് .വക്താവ് സ്ഥാനത്ത് നിന്നും മാറ്റപ്പെട്ട രണ്ടുപേർക്കും പുതിയ പദവിയൊന്നുമില്ല. ഈ പോക്ക് പോയാൽ ഇനി ജില്ലാ അധ്യക്ഷന്മാരെയും വെട്ടാനിടയുണ്ടെന്നാണ് മുരളീപക്ഷ ആശങ്ക. നിലവിൽ 30 ജില്ലാ അധ്യക്ഷന്മാരിൽ 23 ഉം മുരളീവിഭാഗം നേതാക്കളാണ്. രാജീവ് ചന്ദ്രശേഖറിന് കേന്ദ്രം പിന്തുണക്കുമ്പോൾ ഇപ്പോൾ പരാതി നൽകിയാലും ഇടപടെലിന് സാധ്യതയില്ല. എന്നാൽ തർക്കം കൂടുതൽ മുറുകിയാൽ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തെ അടക്കം ബാധിച്ചാൽ സ്ഥിതി മാറും.




