സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമത്തിൽ എതിർപ്പ് തുടർന്ന് ബിജെപി.
തിരുവനന്തപുരം: സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമത്തിൽ എതിർപ്പ് തുടർന്ന് ബിജെപി. അയ്യപ്പസംഗമം സിപിഎം ആണോ നടത്തേണ്ടതെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ ചോദിച്ചു. ആരെ ക്ഷണിക്കണമെന്ന് സിപിഎം തീരുമാനിക്കേണ്ടെന്ന് പറഞ്ഞ കുമ്മനം രാജശേഖരൻ മുഖ്യമന്ത്രിക്ക് അയ്യപ്പനിൽ വിശ്വാസമുണ്ടോ എന്നു ചോദ്യമുന്നയിച്ചു. എക്സ്പോ പോലെയല്ല നടത്തേണ്ടതെന്നും ബിജെപി വ്യക്തമാക്കി.
ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതിൽ സർക്കാരിനെതിരെ വിമർശനവുമായി യോഗക്ഷേമസഭയും രംഗത്തെത്തി. സാമ്പത്തിക ലാഭത്തിനോ ഇലക്ഷൻ സ്റ്റണ്ടോ എന്ന് സംശയിക്കുന്നതായി യോഗക്ഷേമ സഭാ സംസ്ഥാന അധ്യക്ഷൻ അക്കീരമൺ കാളിദാസ ഭട്ടതിരി പറഞ്ഞു. ശബരിമലയെ വീണ്ടും വിവാദ വിഷയം ആക്കരുതെന്നും പമ്പയിലെ സംഗമത്തിൽ ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആചാരങ്ങൾ പാലിക്കപ്പെടേണ്ട സ്ഥലമാണ് ശബരിമല. തെറ്റിദ്ധാരണ ഒഴിവാക്കി സുതാര്യമാക്കണമെന്നും അക്കീരമൺ കാളിദാസ ഭട്ടതിരി പറഞ്ഞു.
അതേ സമയം, ആഗോള അയ്യപ്പ ഭക്തജന സംഗമം നടത്തുക മതേതര സർക്കാർ ചെയ്യേണ്ട പണിയല്ലെന്നും ഭക്തജന സമ്മേളനം വിളിച്ചു ചേർക്കാൻ മന്ത്രിക്ക് അധികാരമില്ലെന്നും കുമ്മനം രാജശേഖരൻ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ശബരിമല ഹിന്ദു ക്ഷേത്രം മതവിഷയമാണ്. ശബരിമലക്ക് വേണ്ടി ഒന്നും ചെയ്യാത്ത സർക്കാരാണിത്. ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യാൻ പോലും മനസില്ലാത്ത മന്ത്രിയാണ് വി എൻ വാസവൻ. ശബരിമല ഹിന്ദു ക്ഷേത്രമാണ്. മന്ത്രി ശിവൻകുട്ടിയോട് പറയാൻ ഉള്ളത് ഇത് കേരളമാണ് എന്നാണ്. ഭക്തജനങ്ങളെ ഇറക്കി പ്രതിരോധിക്കുമെന്നും സംഗമത്തിന് പിന്നിൽ രാഷ്ട്രീയ മുതലെടുപ്പാണ് ലക്ഷ്യമെന്നും ആയിരുന്നു കുമ്മനം രാജശേഖരന്റെ പ്രതികരണം. ഡിഎംകെയെ കൂട്ട് പിടിച്ച് അയ്യപ്പ വിശ്വാസം വികലമാക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചിരുന്നു.



