കോർപ്പറേഷൻ കൗൺസിലർ സ്ഥാനത്തു നിന്നുള്ള രാജി ആർ ശ്രീലേഖ പിൻവലിക്കുമെന്ന നിലപാടിൽ ബിജെപി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മേയർ വിവി രാജേഷ്, എസ് സുരേഷ് എന്നിവർ ശ്രീലേഖയുമായി സംസാരിച്ചു
തിരുവനന്തപുരം: കോർപ്പറേഷൻ കൗൺസിലർ സ്ഥാനത്തു നിന്നുള്ള രാജി ആർ ശ്രീലേഖ പിൻവലിക്കുമെന്ന നിലപാടിൽ ബിജെപി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മേയർ വിവി രാജേഷ്, എസ് സുരേഷ് എന്നിവർ ശ്രീലേഖയുമായി സംസാരിച്ചു. കടുത്ത നിലപാടിലേക്ക് കടന്ന ശ്രീലേഖയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി നേതൃത്വം. എന്നാൽ ശാസ്തമംഗലം വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇട്ട രാജി പ്രഖ്യാപനം ശ്രീലേഖ ഇതുവരേയും പിൻവലിച്ചിട്ടില്ല. ശാസ്തമംഗലം കൗൺസിലർ എന്ന നിലയിലുള്ള പ്രവർത്തനത്തെ സഹായിക്കാൻ പാർട്ടി കൂടുതൽ ക്രമീകരണങ്ങൾ നടത്തിയേക്കുമെന്നാണ് സൂചന. ഇന്നലെയാണ് കൗൺസിലർ സ്ഥാനം രാജിവെച്ചുകൊണ്ട് ശ്രീലേഖ സംസ്ഥാന നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയത്.
അതേസമയം, നഗര ഭരണത്തിൽ പ്രതിസന്ധി ഇല്ലെന്നു മേയർ വിവി രാജേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. പല കൗൺസിലർമാരും പല കത്തുകൾ നൽകാറുണ്ട്. ശ്രീലേഖ കൗൺസിലർ ആയി തുടരുമെന്നും മേയർ വ്യക്തമാക്കി. ശ്രീലേഖ ഇതുവരെ മാധ്യമങ്ങളോട് സംസാരിച്ചിട്ടില്ല. മേയർക്ക് രാജി കത്ത് നൽകിയ ശ്രീലേഖ നഗരസഭ സെക്രട്ടറിക്ക് രാജി നൽകിയിട്ടില്ല. ഇന്നലെ രാവിലെ 11.52ന് ശാസ്തമംഗലം വാർഡിൻ്റെ വാട്സ്ആപ് ഗ്രൂപ്പിലിട്ട സന്ദേശത്തിലൂടെയാണ് രാജിക്കാര്യം ആർ ശ്രീലേഖ അറിയിക്കുന്നത്. 30 ന് മേയർക്ക് രാജിക്കത്ത് നൽകി. തിങ്കളാഴ്ച് കോപ്പി കലക്ടർക്കും നൽകും. രാജി വ്യക്തിപരമായ കാരണങ്ങളാലാണ്. എല്ലാ സ്നേഹത്തിനും സഹകരണത്തിനും നന്ദിയെന്നായിരുന്നു വാട്സ് അപ്പ് സന്ദേശം.
മേയർ കത്ത് രഹസ്യമാക്കിവെച്ചതോടെയാണ് രാജിക്കാര്യം പരസ്യമാക്കിയുള്ള ശ്രീലേഖയുടെ നീക്കം. സംസ്ഥാനത്തെ ആദ്യ വനിതാ ഡിജിപി ബിജെപിയിൽ ചേരുന്നത് 2024ൽ ആണ്. പാർട്ടി ദേശീയതലത്തിൽ വലിയനേട്ടമാക്കി ഉയർത്തിക്കാട്ടിയായിരുന്നു എൻട്രി. തദ്ദേശ തെരഞ്ഞെടുപ്പിൽ മേയർ സ്ഥാനാർത്ഥിയാക്കിയായിരുന്നു പ്രചാരണം. ചരിത്രത്തിലാദ്യമായി തലസ്ഥാനഭരണം പിടിച്ചിട്ടും മേയർ സ്ഥാനത്ത് നിന്ന് ശ്രീലേഖയെ വെട്ടി. അന്ന് മുതൽ തുടങ്ങിയ അതൃപ്തിയുടെ തുടർച്ചയാണ് രാജിഭീഷണി. ഏറ്റവും ഒടുവിൽ ദേശീയവനിതാ കമ്മീഷൻ അംഗത്വം ലഭിക്കാത്തതും കാരണമായി.



