കേരളത്തിൽ നേമം, കഴക്കൂട്ടം എന്നിവിടങ്ങളിൽ വിജയം ഉറപ്പെന്ന് ബിജെപി വിലയിരുത്തുന്നു. കാട്ടാക്കട, മഞ്ചേശ്വരം അടക്കം 10 ഇടങ്ങളിൽ അട്ടിമറിക്ക് സാധ്യതയുണ്ടെന്നും പാർട്ടി കണക്കുകൂട്ടുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടിടത്ത് താമര വിരിഞ്ഞെന്ന അവകാശവാദവുമായി ബിജെപി നേതാക്കൾ. തൂക്കുസഭയിൽ 30ലേറെ സീറ്റുകൾ നേടി കറുത്ത കുതിരകൾ ആവുമെന്ന് പുറത്തു പറയുമ്പോഴും നിലവിൽ ബിജെപിയുടെ വിലയിരുത്തൽ രണ്ട് സീറ്റുകൾ ഉറപ്പെന്നാണ്. നേമത്ത് രാജീവ് ചന്ദ്രശേഖറിന്‍റെയും കഴക്കൂട്ടത്ത് വി മുരളീധരന്‍റെയും വിജയം ഉറപ്പെന്ന് വിലയിരുത്തിയാണ് ഇന്നലെ രാത്രി വൈകി നേതാക്കൾ പിരിഞ്ഞത്. കാട്ടാക്കട, വട്ടിയൂർകാവ്, ആറ്റിങ്ങൽ, ചാത്തന്നൂർ, മഞ്ചേശ്വരം, പാലക്കാട്, അടക്കം 10 ഇടങ്ങളിൽ അട്ടിമറിക്ക് സാധ്യതയുണ്ടെന്നും ബിജെപി വിലയിരുത്തുന്നു.

നേമത്ത് ന്യൂനപക്ഷ വോട്ടുകൾ രണ്ടായി വിഭജിച്ചെന്ന് ബിജെപി വിലയിരുത്തുന്നു. ശിവൻകുട്ടിക്കും ശബരീനാഥിനുമായി ന്യൂനപക്ഷ വോട്ടുകൾ വിഭജിക്കപ്പെട്ടപ്പോൾ നിഷ്പക്ഷ, യുവ വോട്ടുകൾ രാജീവ് ചന്ദ്രശേഖറിന് ലഭിച്ചെന്നാണ് ബിജെപി നേതാക്കളുടെ വിലയിരുത്തൽ. ശബരിമല വിഷയം ചർച്ചാ വിഷയമായത് കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന് എതിരും വി മുരളീധരന് അനുകൂലവുമാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. വട്ടിയൂർക്കാവിലും കാട്ടാക്കടയിലെ ഉയർന്ന പോളിങിലും ബിജെപിക്ക് പ്രതീക്ഷയുണ്ട്. മഞ്ചേശ്വരത്ത് ഇത്തവണ പ്രവാസി വോട്ടുകൾ കൂട്ടമായി എത്താത്തത് സുരേന്ദ്രന് ഗുണകരമാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. പാലക്കാടും ചാത്തന്നൂർ, മണലൂർ പോലുള്ള മണ്ഡലങ്ങളിലും അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് ബിജെപി കണക്കുകൂട്ടുന്നു.

അതേസമയം നേമത്ത് ഉറച്ച ജയ പ്രതീക്ഷയിലാണ് ശിവൻകുട്ടിയും ശബരീനാഥും. ന്യൂനപക്ഷ വോട്ടുകൾ വിഘടിപ്പിക്കാൻ ശ്രമിച്ചെങ്കിലും അത് ജയം തടയില്ലെന്നാണ് വി ശിവൻകുട്ടിയുടെ ആത്മവിശ്വാസം. രാഷ്ട്രീയ സാഹചര്യങ്ങൾ യുഡിഎഫിന് അനുകൂലമായിരുന്നുവെന്നും അട്ടിമറിയുണ്ടാകുമെന്നും ശബരിനാഥൻ പറയുന്നു.

നേമം നഷ്ടപ്പെടാനുള്ള ഒരു സാഹചര്യവുമില്ലെന്ന് ശിവൻകുട്ടി

നേമം മണ്ഡലം നിലനിര്‍ത്തുമെന്നും അത് നഷ്ടപ്പെടാനുള്ള ഒരു സാഹചര്യവുമില്ലെന്നും എൽഡിഎഫ് സ്ഥാനാര്‍ത്ഥി വി ശിവൻകുട്ടി. വോട്ടെടുപ്പിനുശേഷം നേമം നിലനിര്‍ത്താനാകുമെന്ന് തന്നെയാണ് കണക്കുകൂട്ടലെന്നും ബിജെപി പണമൊഴുക്കിയെങ്കിലും ന്യൂനപക്ഷങ്ങളെ അവര്‍ക്ക് വിലക്ക് വാങ്ങാനായില്ലെന്നും ശിവൻകുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പെട്ടികളിലാണ് ബിജെപി പണം കൊണ്ടുവന്നത്. പെട്ടികൊണ്ടുവന്ന വാഹനത്തിന്‍റെ നമ്പര്‍ വ്യാജമാണെന്നാണ് പൊലീസ് കണ്ടെത്തിയത്. പണവും മദ്യവും മണ്ഡലത്തിൽ ബിജെപി ഒഴുക്കി. ബിജെപിയുടെയും കോണ്‍ഗ്രസിന്‍റെയും പൊതുശത്രുവാണ് താൻ. അതിനാൽ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ന്യൂനപക്ഷ വോട്ടുകള്‍ വിഘടിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ ആ വോട്ടുകള്‍ എൽഡിഎഫിന് ലഭിച്ചെന്നാണ് പൊതുവായ വിലയിരുത്തൽ. എസ്ഐആറിനുശേഷമുള്ള വോട്ടിങായതിനാൽ കൂടുതൽ വിലയിരുത്തൽ വേണം. തോൽക്കാൻ സാധ്യതയുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുമെന്ന് കരുതുന്നില്ല. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയൊക്കെ വന്നിട്ട് ബിജെപിക്കെതിരെ സംസാരിക്കാൻ തയ്യാറായില്ല. സീനിയർ നേതാവായ പിണായിയെ ആക്രമിച്ചു. അതിന് ഉചിതമായ മറുപടി അദ്ദേഹം നൽകിയെന്നും കേരളത്തിൽ ഭരണ തുടർച്ചയുണ്ടാകുമെന്നും ശിവൻകുട്ടി പറഞ്ഞു.

YouTube video player