Asianet News MalayalamAsianet News Malayalam

Thalassery : നിരോധനാജ്ഞ ലംഘിച്ച് തലശ്ശേരിയിൽ പ്രകടനം നടത്തി ബിജെപി, സുരക്ഷ ശക്തമാക്കി

രണ്ട് ദിവസം മുൻപ് കെ.ടി.ജയകൃഷ്ണൻ മാസ്റ്ററുടെ ചരമവാർഷിക ദിനത്തിൽ ബിജെപി - ആർഎസ്എസ് പ്രവർത്തകർ തലശ്ശേരി ന​ഗരത്തിൽ പ്രകടനം നടത്തിയിരുന്നു. ഇതിൽ പ്രകോപന മുദ്രാവാക്യം ഉയർന്നതിനെത്തുടർന്നാണ് നഗരത്തിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയത്. 

BJP workers gathered in Thalassery by breaking prohibition act
Author
Thalassery, First Published Dec 3, 2021, 6:09 PM IST

തലശ്ശേരി: നിരോധനാജ്ഞ ലംഘിച്ച് തലശ്ശേരിയിൽ (Thalassery) ബിജെപി-ആർഎസ്എസ് പ്രവർത്തകർ തടിച്ചു കൂടിയതിനെ തുടർന്ന് വൈകിട്ടോടെ നിലനിന്നത് വൻ സംഘർഷാവസ്ഥ. തലശ്ശേരിയിലെ ബിജെപി ഓഫീസിന് മുന്നിൽ ഒത്തുചേർന്ന പ്രവർത്തകർ അവിടെ നിന്നും മുദ്രാവാക്യം വിളിയുമായി സിപിഎം ഓഫീസിലേക്ക് വരികയായിരുന്നു. ഏതാണ്ട് മുന്നൂറോളം ബിജെപി പ്രവർത്തകർ തലശ്ശേരി ടൗണിൽ എത്തിയിരുന്നു. ന​ഗരത്തിൻ്റെ വിവിധ ഭാ​ഗങ്ങളിലായി ബിജെപി പ്രവ‍ർത്തകർ തമ്പടിച്ചു നിന്നു. പത്ത് മിനിറ്റിനകം പ്രതിഷേധം അവസാനിപ്പിക്കണമെന്ന് പൊലീസ് ബിജെപി പ്രവ‍ർത്തകരോട് ആവശ്യപ്പെടുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തതിനെത്തുടർന്ന് പ്രവർത്തകർ പിന്നീട് പിരിഞ്ഞുപോകുകയായിരുന്നു.

രണ്ട് ദിവസം മുൻപ് കെ.ടി.ജയകൃഷ്ണൻ മാസ്റ്ററുടെ ചരമവാർഷിക ദിനത്തിൽ ബിജെപി - ആർഎസ്എസ് പ്രവർത്തകർ തലശ്ശേരി ന​ഗരത്തിൽ പ്രകടനം നടത്തിയിരുന്നു. പ്രകടനത്തിൽ വർ​ഗീയചേരിതിരിവുണ്ടാക്കുന്ന മുദ്രാവാക്യങ്ങൾ വിളിക്കുകയും സംഭവം വിവാദമായതിനെ തുട‍ർന്ന് കണ്ടാലറിയുന്ന 25 ആർഎസ്എസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

ബിജെപി- ആർഎസ്എസ് പ്രവർത്തകരുടെ പ്രകടനത്തിന് മറുപടിയുമായി കഴിഞ്ഞ ദിവസം എസ്.‍ഡിപിഐ, യൂത്ത് ലീ​ഗ്, സിപിഎം സംഘടനകൾ തലശ്ശേരി ടൗണിൽ മുദ്രാവ്യം വിളിച്ചിരുന്നു. എസ്‍ഡിപിഐ പ്രകടനത്തിനിടെ വ‍ർ​ഗ്​ഗീയ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് ഇന്ന് ബിജെപി പ്രവർത്തകർ വീണ്ടും പ്രകടനം നടത്തും എന്ന് പ്രഖ്യാപിച്ചു. ഇതോടെ തലശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ കണ്ണൂർ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു.

ഇന്നു മുതൽ ഡിസംബർ ആറാം തീയതി വരെയാണ് നിരോധനാജ്ഞ. നിരോധനാജ്ഞയുടെ ഭാ​ഗമായി ആളുകൾ കൂട്ടം കൂടി നിൽക്കരുതെന്നും പ്രകടനങ്ങൾക്ക് നിരോധനിച്ചതായും പൊലീസ് അറിയിച്ചിരുന്നു. എന്നാൽ ഈ നിരോധനാജ്ഞ ലംഘിച്ചും ബിജെപി പ്രവർത്തകർ ഇവിടെ സംഘടിക്കുകയായിരുന്നു. വൈകിട്ട് മൂന്ന് മണിയോടെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും വളരെ പെട്ടെന്ന് തന്നെ ബിജെപി പ്രവർത്തകർ ന​ഗരത്തിൻ്റെ പലഭാ​ഗത്തായി തമ്പടിച്ചു. 

സംഘർഷസാധ്യത ഒഴിവാക്കാൻ പത്ത് മിനിറ്റിനകം പ്രതിഷേധം അവസാനിപ്പിച്ച് സ്ഥലത്ത് നിന്നും മാറണമെന്നും അല്ലാത്ത പക്ഷം എല്ലാവരേയും അറസ്റ്റ് ചെയ്തു നീക്കുമെന്നും പൊലീസ് ബിജെപി നേതാക്കളെ അറിയിച്ചു. പിന്നീട് ബിജെപി നേതൃത്വത്തിൻ്റെ നിർദേശപ്രകാരം ബിജെപി പ്രവർത്തകർ സമാധാനപരമായി പിരിഞ്ഞു പോവുകയായിരുന്നു. അടിയന്തര സാഹചര്യം നേരിടാൻ കണ്ണൂർ കമ്മീഷണർ ആർ.ഇളങ്കോയുടേയും മൂന്ന് അസി.കമ്മീഷണ‍ർമാരുടേയും നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹമാണ് തലശ്ശേരി ന​ഗരത്തിൻ്റെ എല്ലാ ഭാ​ഗത്തുമായി ക്യാംപ് ചെയ്യുന്നത്.

Follow Us:
Download App:
  • android
  • ios