സംഭവത്തിൽ പൊലീസിനെതിരേയും വ്യാപകമായി ആരോപണങ്ങൾ ഉയരുന്നുണ്ട്.
കൊച്ചി: എറണാകുളം കോട്ടുവള്ളിയിൽ അയൽവാസിയുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ ആശയ്ക്ക് പണം നൽകിയ ബിന്ദുവും ഭർത്താവും വീട്ടിൽ ഇല്ലെന്ന് വിവരം. ഇന്നലെ വൈകിട്ടോടെ രണ്ടുപേരും വീട്ടിൽ നിന്ന് പോയെന്ന് അയൽവാസികൾ പറയുന്നു. ആശ ആത്മഹത്യ ചെയ്തതോടെ ഇരുവരും വീടുവിട്ടുപോവുകയായിരുന്നു. സംഭവത്തിൽ പൊലീസിനെതിരേയും വ്യാപകമായി ആരോപണങ്ങൾ ഉയരുന്നുണ്ട്. പുഴയിൽ ചാടിയാണ് ആശ ആത്മഹത്യ ചെയ്തത്. അതേസമയം, വീട്ടമ്മയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. രാവിലെ പറവൂർ താലൂക്ക് ആശുപത്രിയിലാണ് ആശ ബെന്നിയുടെ പോസ്റ്റുമോർട്ടം.
ഇന്നലെ ഉച്ചയോടെയാണ് വീടിന് സമീപത്തെ പുഴയിൽ ചാടി ആശ ബെന്നി (42) ജീവനൊടുക്കിയത്.പൊലീസിൽ പരാതി നൽകിയിട്ടും നീതി കിട്ടിയില്ലെന്നാണ് ആശയുടെ ഭർത്താവ് ബെന്നി പറയുന്നത്. റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥന്‍റെ ഭാര്യയും അയൽവാസിയുമായ ബിന്ദു, അമിത പലിശ ഈടാക്കുകയും വീണ്ടും പണം ആവശ്യപ്പെടുകയും ചെയ്തതിൽ മനംനൊന്താണ് ആത്മഹത്യയെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു. കടം വാങ്ങിയ പത്ത് ലക്ഷം രൂപയ്ക്ക് പകരമായി 30 ലക്ഷത്തോളം രൂപ നൽകിയിട്ടും വീണ്ടും പണം ആവശ്യപ്പെട്ട് ബിന്ദുവും ഭർത്താവ് പ്രദീപും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പറവൂർ പൊലീസ് സ്റ്റേഷനിൽ വെച്ച് പോലും ബിന്ദുവിൽ നിന്നും ഭർത്താവിൽ നിന്നും ഭീഷണി ഉണ്ടായിട്ടും പൊലീസ് ഇടപെട്ടില്ലെന്നും ആക്ഷേപമുണ്ട്. വൈകുന്നേരം മൂന്ന് മണിക്കാണ് ആശയുടെ സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്.
ഭീഷണിയെ കുറിച്ച് ആശ ആലുവ റൂറല്‍ എസ്പിക്ക് കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. പരാതിക്ക് പിന്നാലെ പറവൂര്‍ പൊലീസ് ഇരുകൂട്ടരെയും സ്റ്റേഷനില്‍ വിളിച്ചു വരുത്തി സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ പലിശക്കാര്‍ രാത്രി വീണ്ടും ആശയുടെ വീട്ടിലെത്തി ഭീഷണി മുഴക്കി. ഇതില്‍ മനം നൊന്താണ് ആശ ആത്മഹത്യ ചെയ്തതെന്ന് കുടുംബം പറയുന്നു. റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന്‍ പ്രദീപ്, ഭാര്യ ബിന്ദു എന്നിവര്‍ക്കെതിരെ ആശ എഴുതിയ ആത്മഹത്യ കുറിപ്പും വീട്ടില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. മുതലും പലിശയും തിരിച്ചടച്ചിട്ടും പലിശക്കാര്‍ ഭീഷണി തുടര്‍ന്നുവെന്ന് ആശയുടെ ആത്മഹത്യ കുറിപ്പിൽ പറയുന്നു.



