വിഡിഎസിനെ പരിഹസിക്കുന്ന സൈബർ സഖാക്കൾ നമ്പൂതിരിപ്പാട്, നായനാർ എന്നതൊക്കെ ജാതി പേരാണെന്നും ആദരണീയ ഹര്‍കിഷന്‍സിംഗ് സുര്‍ജിത് മരണം വരെ ടര്‍ബന്‍ തലയില്‍ കെട്ടിയിരുന്നു എന്നതും സഖാക്കള്‍ മറക്കരുതെന്നുമാണ് ബി ആർ എം ഷെഫീർ
തിരുവനന്തപുരം: ജാതിപ്പേര് പറഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്തതിൽ എതിർത്തും അനുകൂലിച്ചും ചർച്ചകൾ. ജാതി വാൽ ഇല്ലാത്ത കോൺഗ്രസാണ് ഇൻക്ലൂസിവ് എന്ന് പാർട്ടി വക്താവായ ജിന്റോ ജോൺ നിലപാട് എടുത്തത്. മുൻ സത്യപ്രതിജ്ഞകളിൽ ഉപയോഗിക്കാതിരുന്ന മേനോൻ ഇപ്പോൾ എങ്ങനെ വന്നു എന്നാണ് പാർട്ടി വക്താവായ അനൂപ് വി ആർ ചോദിക്കുന്നത്.എന്നാൽ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിന്റെ ചിത്രമടക്കം പങ്കുവച്ചാണ് മുഖ്യമന്ത്രിക്ക് ബി ആർ എം ഷെഫീർ പിന്തുണ പ്രഖ്യാപിച്ചത്. നമ്പൂതിരിപ്പാട്, നായനാർ എന്നതൊക്കെ ജാതി പേരാണെന്നും ആദരണീയ ഹര്‍കിഷന്‍സിംഗ് സുര്‍ജിത് മരണം വരെ ടര്‍ബന്‍ തലയില്‍ കെട്ടിയിരുന്നു എന്നതും വിഡിഎസിനെ പരിഹസിക്കുന്ന സൈബർ സഖാക്കൾ മറക്കരുതെന്നുമാണ് ബി ആർ എം ഷെഫീർ ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കുന്നത്.

വടശേരി വിലാസിനി അമ്മയുടെയും കെ.ദാമോദര മേനോന്‍റെയും മകനായ വി.ഡി.സതീശൻ ഇത്തവണ ജാതിപ്പേര് കൂടി ചേർത്ത്, വടശ്ശേരി ദാമോദര മേനോൻ സതീശൻ എന്നാണ് സത്യപ്രതിജ്ഞാ സമയത്ത് പറഞ്ഞത്. നെഹ്‍റൂവിയൻ സോഷ്യലിസത്തിന്‍റെ വക്താവാണെന്ന് പറയുന്നയാൾക്ക് ഇപ്പോൾ ജാതിപ്പേര് പറഞ്ഞ് ഐഡന്റിറ്റി സ്ഥാപിക്കേണ്ട ആവശ്യം എന്താണെന്നും അത് ന്യൂനപക്ഷ പ്രീണനം ആരോപിക്കുന്നവർക്കുള്ള സന്ദേശമാണെന്നും ഭൂരിപക്ഷങ്ങൾ അകന്നുപോകാതിരിക്കാനുള്ള തന്ത്രമാണെന്നും തുടങ്ങി സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചകൾ തകൃതിയാണ്. അതിനിടയിലാണ് കോൺഗ്രസിനകത്ത് നിന്നും സമാന ശബ്ദം ഉയർന്നിട്ടുള്ളത്.


