കുന്നംകുളത്ത് ബസ്സിൽ നിന്ന് വീണ് യുവതിക്ക് ഗുരുതര പരിക്ക്. ചൊവ്വല്ലൂർപടി സ്വദേശിനിയായ 22കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൃശൂർ: ഇറങ്ങുന്നതിനു മുമ്പ് മുന്നോട്ടെടുത്ത ബസ്സിൽ നിന്നും വീണ് യുവതിക്ക് പരിക്കേറ്റു. ഗുരുവായൂർ ചൊവ്വല്ലൂർപടി സ്വദേശിനിയായ 22 വയസ്സുള്ള യുവതിക്കാണ് പരിക്കേറ്റത്. കുന്നംകുളം ബസ് സ്റ്റാൻഡിൽ വച്ചായിരുന്നു സംഭവം. പെരുമ്പിലാവിൽ യൂണിവേഴ്സിറ്റി പരീക്ഷ എഴുതി മടങ്ങി വരുന്നതിനിടെയാണ് അപകടം ഉണ്ടായത്.
ഗുരുവായൂർ - കുറ്റിപ്പുറം റൂട്ടിൽ സർവീസ് നടത്തുന്ന ആദിദേവ് ലിമിറ്റഡ് എന്ന ബസ്സിൽ നിന്നാണ് യുവതി വീണത്. പരിക്കേറ്റ യുവതിയെ നാട്ടുകാർ കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിന് പരിക്കേറ്റ് എല്ലുകൾ ഒടിഞ്ഞ യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. യുവതി കുന്നംകുളം പൊലീസിൽ പരാതി നൽകി.
രണ്ടു ദിവസം മുൻപ് കോട്ടയം കാഞ്ഞിരപ്പള്ളിയിലും സമാനമായ സംഭവമുണ്ടായി. ബസിൽ നിന്ന് ഇറങ്ങുന്നതിനിടയിൽ വിദ്യാർത്ഥി റോഡിൽ വീണു. കുട്ടി ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തതാണ് അപകട കാരണം. വിദ്യാർത്ഥി വീണിട്ടും ഒന്ന് തിരിഞ്ഞുപോലും നോക്കാതെ ബസ് നിർത്താതെ പോയി. കുട്ടി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു എന്നത് ഏറെ ആശ്വാസകരമാണ്.
കണ്ണൂർ പഴയങ്ങാടിയിലാകട്ടെ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡ് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ട്രാഫിക് നിയന്ത്രിക്കുകയായിരുന്ന ഉദ്യോഗസ്ഥൻ കൈകാണിച്ചിട്ടും സ്വകാര്യ ബസ് തെറ്റായ ദിശയിലൂടെ വരിക ആയിരുന്നു. ഹോം ഗാർഡ് രാജേഷ് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

