സിപിഎമ്മുകാരായ പ്രതികളെ യാത്രയയക്കാനാണ് പഴശ്ശി സൗത്ത് ലോക്കൽ കമ്മിറ്റി ഓഫീസിൽ ശൈലജ എത്തിയത്. യാത്രയയപ്പ് ചടങ്ങിന്‍റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു
കണ്ണൂര്‍: ആര്‍എസ്എസ് നേതാവ് സി. സദാനന്ദൻ വധശ്രമ കേസിലെ പ്രതികൾക്ക് ജയിലിലേക്ക് യാത്രയയപ്പ് നടത്താനെത്തി കെ.കെ.ശൈലജ എംഎൽഎ. സിപിഎമ്മുകാരായ പ്രതികളെ യാത്രയയക്കാനാണ് പഴശ്ശി സൗത്ത് ലോക്കൽ കമ്മിറ്റി ഓഫീസിൽ ശൈലജ എത്തിയത്. യാത്രയയപ്പ് ചടങ്ങിന്‍റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
പാര്‍ട്ടി പ്രവര്‍ത്തകര്‍ പരിപാടിയിൽ പങ്കെടുക്കുന്നതും ജയിലിൽ കീഴടങ്ങാനായി പോകുന്ന പ്രതികളായ സിപിഎം പ്രവര്‍ത്തകര്‍ക്കായി മുദ്രാവാക്യം മുഴക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സി സദാനന്ദൻ എംപിയുടെ കാൽവെട്ടിയെറിഞ്ഞ കേസിൽ 30വര്‍ഷത്തിനുശേഷമാണ് പ്രതികള്‍ കോടതിയിൽ കീഴടങ്ങിയത്. സുപ്രീം കോടതിയും അപ്പീൽ തള്ളിയതോടെയാണ് സിപിഎം പ്രവര്‍ത്തകായ പ്രതികള്‍ കോടതിയിൽ ഹാജരായത്.
സിപിഎമ്മുകാരായ എട്ടു പ്രതികളെയാണ് വിചാരണ കോടതി നേരത്തെ ശിക്ഷിച്ചത്. എന്നാൽ, ശിക്ഷാവിധിക്കെതിരെ മേൽകോടതികളിൽ അപ്പീൽ നൽകി ജാമ്യത്തിലായിരുന്നു പ്രതികള്‍. ഏഴുവര്‍ഷത്തെ തടവാണ് പ്രതികള്‍ക്കെതിരെ വിധിച്ചിരുന്നത്. തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികളെ ഇന്ന് കണ്ണൂര്‍ സെന്‍ട്രൽ ജയിലിലേക്ക് മാറ്റും. കേസിലെ പ്രതികള്‍ക്ക് മട്ടന്നൂര്‍ പഴശ്ശിയിൽ വെച്ച് യാത്രയയപ്പ് നൽകിയശേഷമാണ് കോടതിയിലേക്ക് കീഴടങ്ങാൻ പോയത്. ഈ പരിപാടിയിലാണ് മുൻ മന്ത്രി കൂടിയായ കെകെ ശൈലജ പങ്കെടുത്തത്. ജയിലിലേക്ക് പോകുന്നതിന് മുമ്പായുള്ള യാത്രയയപ്പിന്‍റെ വീഡിയോയും നേരത്തെ പുറത്തുവന്നിരുന്നു.
ജയിലിലേക്ക് പോകുന്ന പ്രതികൾക്ക് വലിയ യാത്രയയപ്പ് നൽകിയതും അതിൽ മുൻമന്ത്രി കെ കെ ശൈലജ ഉൾപ്പെടെ പങ്കെടുത്തതും ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് സി സദാനന്ദൻ എംപി പ്രതികരിച്ചു. എംഎൽഎ എന്നുള്ള നിലയിൽ അങ്ങനെയൊരു ചടങ്ങിൽ പങ്കെടുത്തു എന്നത് ദൗർഭാഗ്യകരമാണ്. അത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്.ഇത്തരം കുറ്റകൃത്യങ്ങൾക്ക് പ്രേരണ നൽകുന്ന സമീപനമാണ് കെ കെ ശൈലജ സ്വീകരിച്ചതെന്ന് പ്രതീക്ഷിച്ചാൽ മതിയെന്നും സി സദാനന്ദൻ പറഞ്ഞു.



