കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങളിലും ആശുപത്രിയിലെ അതിക്രമത്തിലും കുറ്റക്കാരായവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു. ആശുപത്രിയിൽ ചികിത്സയിലായിരുന്ന എസ്.എഫ്.ഐ പ്രവർത്തകരെ എം.എസ്.എഫ് പ്രവർത്തകർ മർദ്ദിച്ച സംഭവത്തിൽ പോലീസ് പ്രതികളെ സംരക്ഷിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
തിരുവനന്തപുരം: കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങളിലും ആശുപത്രിയിലെ അതിക്രമത്തിലും കുറ്റക്കാരായവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു. അക്രമികളുടെ കൃത്യമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടും അവരെ സംരക്ഷിക്കുന്ന പോലീസിന്റെ നിലപാട് പ്രതിഷേധാർഹമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിദ്യാർത്ഥി സംഘടനകളുടെ പേരിൽ പോറ്റിവളർത്തുന്ന ഗുണ്ടാ സംഘത്തെ നിലക്കുനിർത്താൻ മുസ്ലിം ലീഗ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം സർവകലാശാല ക്യാമ്പസ് യൂണിയൻ തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ തമ്മിൽതല്ലിന്റെ തുടർച്ചയായി പരിക്കേറ്റ് ആശുപത്രി കാഷ്വാലിറ്റിയിൽ ചികിത്സയിലായിരുന്ന എസ്.എഫ്.ഐ പ്രവർത്തകരെ ഒരുസംഘം കയറി മർദ്ദിക്കുകയായിരുന്നു. എം.എസ്.എഫ് പ്രവർത്തകർ ആശുപത്രിയിലെ അഗ്നിശമന ഉപകരണം ഉപയോഗിച്ച് മർദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
സംഭവത്തിൽ 8 എം.എസ്.എഫ് പ്രവർത്തകർക്കെതിരെയും, ആശുപത്രി അധികൃതർ നൽകിയ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി തേഞ്ഞിപ്പാലം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ നാലംഗ ഉന്നതതല സമിതിയെ വി.സി നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു പിന്നാലെയാണ് പോലീസിന്റെ പ്രതികളുടെ സംരക്ഷണ നിലപാടിനെതിരെ ശക്തമായ വിമർശനവുമായി പിണറായി വിജയൻ രംഗത്തെത്തിയത്.






