കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് യൂണിയൻ തിരഞ്ഞെടുപ്പിന് പിന്നാലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന എസ്.എഫ്.ഐ പ്രവർത്തകർക്ക് നേരെ ക്രൂരമർദ്ദനം. എം.എസ്.എഫ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപിച്ച് പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു.

തേഞ്ഞിപ്പാലം: കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തമ്മിൽതല്ലിന്റെ ബാക്കി പത്രമായി ആശുപത്രിയിലും അതിക്രമം. പരിക്കേറ്റ് കാഷ്വാലിറ്റിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന എസ്.എഫ്.ഐ പ്രവർത്തകരെ ആശുപത്രിയിൽ എത്തി ക്രൂരമായി മർദ്ദിച്ചതായി പരാതി ഉയർന്നു. എം.എസ്.എഫ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് എസ് എഫ്.ഐ ആരോപിച്ചു. ആശുപത്രിയിൽ വെച്ച് അഗ്നിശമന ഉപകരണം ഉപയോഗിച്ച് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ 8 എം.എസ്.എഫ് പ്രവർത്തകർക്കെതിരെ തേഞ്ഞിപ്പാലം പൊലീസ് കേസെടുത്തു.

സംഭവത്തിൽ ആശുപത്രി അധികൃതർ നൽകിയ പരാതിയിലും തേഞ്ഞിപ്പാലം പോലീസ് കേസെടുത്തിട്ടുണ്ട്. ആശുപത്രിയിലെ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. കാഷ്വാലിറ്റിയിൽ ചികിത്സയിലായിരുന്ന യുവാക്കളെ മാരകായുധങ്ങൾ ഉപയോഗിച്ചാണ് ആക്രമിച്ചത്. ആരോഗ്യ പ്രവർത്തകരെ ആക്രമിക്കൽ, സംഘം ചേർന്ന് ലഹളയുണ്ടാക്കൽ, ഭീഷണിപ്പെടുത്തൽ, മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കൽ, ആശുപത്രി ഉപകരണങ്ങൾ നശിപ്പിക്കൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം, കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലുണ്ടായ വൻ അക്രമ സംഭവങ്ങളിൽ അന്വേഷണത്തിന് സർവ്വകലാശാല ഉന്നതതല സമിതിയെ നിയോഗിച്ചു. നാലംഗ സമിതിയാണ് വിഷയം അന്വേഷിക്കുക. സമിതി ഒരാഴ്ചയ്ക്കകം വൈസ് ചാൻസലർക്ക് (VC) അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം.