കൊച്ചി: സിറോ മലബാർ സഭ വ്യാജ രേഖ കേസിൽ സത്യം പുറത്തു വരട്ടെയെന്ന് കർദിനാൾ ജോർജ് ആലഞ്ചേരി. എല്ലാം ശുഭകരമായി പര്യവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും  വൈദികരെ ചോദ്യം ചെയ്തത് സംബന്ധിച്ച് ഇപ്പോൾ കൂടുതൽ പ്രതികരണത്തിനില്ലെന്നും കർദിനാൾ ജോർജ് ആലഞ്ചേരി പറഞ്ഞു. ഗൂഢാലോചനയുണ്ടോ എന്ന് പോലീസും കോടതിയും നിശ്ചയിക്കട്ടെ. പൊലീസ് അന്വേഷണത്തെ വിലയിരുത്തി ഒന്നും പറയാനില്ലെന്നും കർദിനാൾ ആലഞ്ചേരി കൂട്ടിച്ചേർത്തു.

അതേ സമയം, വ്യാജരേഖ ചമച്ച കേസിൽ അറസ്റ്റിലായ ആദിത്യൻ റിമാൻഡിലാണ്. തൃക്കാക്കര മജിസ്‌ട്രേറ്റ് ആണ് പ്രതിയെ ഈ മാസം 31വരെ റിമാൻഡ് ചെയ്തത്. വ്യാജരേഖ ആദ്യമായി ഇന്‍റര്‍നെറ്റിൽ അപ്‍ലോഡ് ചെയ്ത എറണാകുളം കോന്തുരുത്തി സ്വദേശി ആദിത്യന്‍റെ അറസ്റ്റ് ഇന്ന് രാവിലെയാണ് പൊലീസ് രേഖപ്പെടുത്തിയത്.

കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ വ്യാജരേഖ നിർമിച്ചത് ആദിത്യൻ ആണെന്നും തേവരയിലെ കടയിൽവെച്ചാണ് വ്യാജരേഖ തയ്യാറാക്കിയതെന്നും പൊലീസ് പറയുന്നു. ഇതിന് ഉപയോഗിച്ച കമ്പ്യൂട്ടറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. 

സിറോ മലബാർ സഭയിലെ സാന്ർജോസ് പള്ളി വികാരി ടോണി കല്ലൂക്കരൻ ആവശ്യപ്പെട്ടത് പ്രകാരമാണ് രേഖ തയ്യാറാക്കിയതെന്ന് ആദിത്യന്‍ പൊലീസിന് മൊഴി നൽകി. സഭയിൽ കര്‍ദ്ദിനാളിനെതിരെ വികാരം ഉണ്ടാക്കുകയായിരുന്നു ലക്ഷ്യമെന്നും മൊഴിയില്‍ പറയുന്നു.

ആദ്യഘട്ട ചോദ്യം ചെയ്യലിൽ തൻ ജോലി ചെയ്ത വ്യാപാര സ്ഥാപനത്തിന്‍റെ സർവ്വറിൽ കണ്ടെത്തിയ രേഖകളാണ് വൈദികർക്ക് അയച്ചതെന്നായിരുന്നു ആദിത്യന്‍റെ മൊഴി. എന്നാൽ ഈ സ്ഥാപനത്തിന്‍റെ സർവ്വറിൽ പോലീസ് പരിശോധനയിൽ അത്തരം രേകകളൊന്നും കണ്ടെത്താനായിട്ടില്ല.

പ്രമുഖ വ്യാപാര കേന്ദ്രത്തിൽ കർദ്ദിനാളിനും മറ്റ് ചില ബിഷപ്പുമാർക്കും നിക്ഷേപം ഉണ്ടെന്ന് വരുത്താനുള്ള രേഖകളാണ് ആദിത്യൻ കൃത്രിമമായി ഉണ്ടാക്കിയത്. 

വ്യാജ രേഖ ചമയ്ക്കൽ, അത് ഒറിജിനലാണെന്ന രീതിയിൽ പ്രചരിപ്പിക്കൽ അടക്കമുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്. കോടതിയിൽ ഹാജരാക്കിയപ്പോൾ താൻ നിരപരാധിയാണെന്നും തന്നെ ബോധപൂർവ്വ കുടുക്കിയതാണെന്നും  കോടതിയോട് മാത്രമായി ചിലത് വെളിപ്പെടുത്താനുണ്ടെന്നും പ്രതി പറഞ്ഞു.

തുടർന്ന് ഉദ്യോഗസ്ഥരെ മാറ്റി നിർത്തി കോടതി മൊഴി വിശദമായി കേട്ടു. ആദിത്യന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ വൈദികനായ ടോണി കല്ലൂക്കരനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പോലീസ് തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സാന്ർജോസ് പള്ളിയിൽ പോലീസ് എത്തിയെങ്കിലും വൈദികനെ  പള്ളിയിൽ നിന്ന്  മാറ്റിയിരുന്നു. കേസിൽ ഫാദർ പോൾ തേലക്കാട് അടക്കമുള്ള മറ്റ് വൈദികരുടെ പങ്കും പോലീസ് വിശദമായി പരിശോധിക്കുകയാണ്.

   

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.