ദില്ലിയിൽ നടന്ന പ്രതിഷേധത്തിനിടെ എൻ എസ് യു ഐ നേതാവ് ആതിര വിജയന് മർദനമേറ്റ സംഭവത്തിൽ കേരളത്തിലെ മ്യൂസിയം പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ദില്ലി പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.
ദില്ലി: ദില്ലി സമരത്തിനിടെയുള്ള കയ്യേറ്റത്തിൽ കേരളത്തിൽ കേസെടുത്തു. എൻ എസ് യു ഐ നേതാവ് ആതിര വിജയന്റെ പരാതിയിലാണ് കേസെടുത്തത്. ഡിജിപിക്ക് ലഭിച്ച പരാതിയിൽ മ്യൂസിയം പൊലീസാണ് കേസെടുത്തത്. സീറോ എഫ്ഐആർ ആണ് എടുത്തത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ 13ന് നടത്തിയ പ്രതിഷേധത്തിനിടെ ആതിരയ്ക്ക് മർദനമേറ്റു എന്നാണ് എഫ്ഐആറിൽ പറയുന്നത്. പ്രതികളുടെ സ്ഥാനത്ത് പ്രത്യേകമായി ആരുടെയും പേര് പറയുന്നില്ല. അതേസമയം ആതിര നൽകിയ പരാതിയിൽ പാർലമെൻ്റ് സ്ട്രീറ്റ് പൊലീസ് ഇനിയും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. വൈകുന്നേരത്തിനുള്ളിൽ കേസെടുത്തില്ലെങ്കിൽ രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ സ്റ്റേഷനിലേക്ക് പോകാൻ നീക്കമുണ്ട്.
ആതിര വിജയനോട് ദില്ലി പൊലീസ് ചെയ്തത് ഗുരുതര തെറ്റാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. പരാതി നൽകിയിട്ടും ദില്ലി പൊലീസ് കേസെടുത്തില്ല. നിലവിൽ കേരളത്തിൽ എഫ്ഐആർ ഇട്ടത് ആതിര നൽകിയ പാരതിയുടെ അടിസ്ഥാനത്തിലാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സ്ത്രീ എന്ന പരിഗണന പോലും പൊലീസ് നൽകിയില്ലെന്ന് ആതിര ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പൊലീസ് സ്വകാര്യ ഭാഗത്ത് മർദിച്ചു. പോലീസ് മർദ്ദനത്തിലേറ്റ ശാരീരിക അവശതകൾ മാറിയിട്ടില്ല. കണ്ണിൽ രക്തം കട്ട പിടിച്ചെന്നും കേൾവിക്ക് ബുദ്ധിമുണ്ടെന്നും അടിവയറ്റിൽ ഇപ്പോഴും വേദനയുണ്ടെന്നും ആതിര പറഞ്ഞു. സ്റ്റേഷനില് എത്തിച്ചതിന് പോലും തെളിവില്ലെന്നാണ് ദില്ലി പൊലീസ് പറയുന്നത്. ദില്ലി പൊലീസ് കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും ആതിര വിജയന് വ്യക്തമാക്കി. ഫോൺ തിരിച്ച് നൽകുന്നില്ലെന്നും ക്രൂരമായി മർദിച്ചെന്നും മലയാളി വിദ്യാർത്ഥി അർജുൻ പ്രതികരിച്ചു.
