Asianet News MalayalamAsianet News Malayalam

'വീട്ടിൽ പോയേ', ലോക്ക് ഡൌണിൽ പുറത്തിറങ്ങിയവരെ ഓടിച്ച് കളക്ടർമാരും പൊലീസും

ബഹുഭൂരിപക്ഷം പേരും ലോക്ക്ഡൌണിനോട് സഹകരിച്ചെങ്കിലും കൊച്ചി ഉൾപ്പടെയുള്ള ചില മെട്രോ നഗരങ്ങളിലും ചെറു പട്ടണങ്ങളിലും ആളുകൾ ഇറങ്ങി നടക്കുന്നതാണ് കണ്ടത്. അമൃതാനന്ദമയി മഠത്തിലെ വിദേശികളെ പരിശോധിക്കാൻ നാട്ടുകാരുടെ പരാതിയെത്തുടർന്ന് പൊലീസെത്തി. നിരവധി പേർക്കെതിരെയാണ് ഇന്ന് കേസെടുത്തത്. കാസർകോട്ട് രണ്ട് പ്രവാസികളുടെ പാസ്പോർട്ട് കണ്ടുകെട്ടി.

cases registered across the state for violating lockdown guidelines in kerala
Author
Thiruvananthapuram, First Published Mar 24, 2020, 6:56 PM IST

തിരുവനന്തപുരം/ കൊച്ചി/ കോഴിക്കോട്: ലോക്ക് ഡൌണിനോട് കേരളത്തിലെ ബഹുഭൂരിപക്ഷവും സഹകരിച്ചെങ്കിലും, വിലക്ക് ലംഘിച്ച് പുറത്തിറങ്ങിയതിന് നൂറുകണക്കിന് പേർക്കെതിരെ ഇന്ന് പൊലീസ് കേസെടുത്തു. കൊച്ചിയുൾപ്പടെ മെട്രോ നഗരങ്ങളിലും കട്ടപ്പനയുൾപ്പടെ അതിർത്തി നഗരങ്ങളിലും ആളുകൾ സ്വകാര്യ വാഹനങ്ങളിലും അല്ലാതെയും നിരത്തിലിറങ്ങിയത് അധികൃതർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചു. രാവിലെ വയനാട്ടിലെ ബിവറേജസിന് മുന്നിൽ പൊലീസിന് കനത്ത സുരക്ഷ ഏർപ്പെടുത്തേണ്ടി വന്നു. കാസർകോട്ട് ഹോം ക്വാറന്റൈൻ ലംഘിച്ച് പുറത്തിറങ്ങി നടന്ന രണ്ട് പ്രവാസികളുടെ പാസ്പോർട്ട് ജില്ലാ ഭരണകൂടം കണ്ടുകെട്ടി. പല ജില്ലകളിലും കമ്മീഷണർമാരും എസ്പിമാരും ജില്ലാ കളക്ടർമാരും നേരിട്ട് നിരത്തുകളിലിറങ്ങിയാണ് ലോക്ക് ഡൌൺ പരിശോധനകൾക്ക് നേതൃത്വം നൽകിയത്.

വീടിന് പുറത്തേക്ക് എന്ത് ആവശ്യത്തിന് ഇറങ്ങുകയാണെങ്കിലും തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിൽ സത്യവാങ്മൂലം നൽകണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിരുന്നതാണ്. അവശ്യസർവീസുകളല്ലാത്ത എല്ലാ കടകളും ഇന്ന് തിരുവനന്തപുരത്ത് അടഞ്ഞു കിടക്കുകയായിരുന്നു. ഓട്ടോ, ടാക്സി ജീവനക്കാർ അവശ്യസർവീസുകൾക്ക് മാത്രമേ ഉപയോഗിക്കാവൂ. തെറ്റായ വിവരമാണ് സത്യവാങ്മൂലത്തിലൂടെ നൽകിയതെങ്കിൽ കടുത്ത നിയമനടപടി നേരിടേണ്ടി വരും. ജില്ലാ പൊലീസ് മേധാവികളാകും ഈ പാസ് ഇഷ്യൂ ചെയ്യുകയെവന്നും ലോക്നാഥ് ബെഹ്റ അറിയിച്ചു. വിലക്കയറ്റവും പൂഴ്ത്തിവയ്പ്പുമുണ്ടായാൽ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുക്കുമെന്നും ബെഹ്റ വ്യക്തമാക്കി. 

തലസ്ഥാനം നിശ്ചലം

തിരുവനന്തപുരത്ത് സർക്കാർ നിർദേശം മറികടന്ന് പുറത്തിറങ്ങിയതിന് ഇന്ന് മാത്രം 120 കേസുകളാണ് റജിസ്റ്റർ ചെയ്തത്. കടുത്ത പരിശോധനകൾ തലസ്ഥാനത്ത് ഉണ്ടായിരുന്നതിനാൽ ആളുകൾ പുറത്തിറങ്ങുന്നതും കുറവായിരുന്നു. ജില്ലയിൽ ഹോം ഡെലിവറി നൽകുന്ന ചുരുക്കം ചില ഹോട്ടലുകളൊഴികെ ബാക്കിയെല്ലാ ഹോട്ടലുകളും അടഞ്ഞുകിടന്നു. തിരുവനന്തപുരം തിരുമലയിൽ അടക്കം നഗരത്തിന്റെ വിവിധ മേഖലകളിൽ റൂട്ട് മാർച്ച് നടത്തി. ഐജി ബൽറാം കുമാർ ഉപാധ്യായ അടക്കമുള്ളവർ നേരിട്ടെത്തിയായിരുന്നു ജില്ലയിൽ പരിശോധന. പലയിടത്തും വിലക്ക് ലംഘിച്ച ആളുകളെ പിടിച്ച് നിർത്തി ഐജി ഉപാധ്യായ ശകാരിച്ചു. 

കാസർകോട്ട് പുറത്തിറങ്ങിയ പ്രവാസികൾ കുടുങ്ങി!

99 ശതമാനം പേരും കാസർകോട് കടുത്ത ലോക്ക് ഡൌണിനോട് സഹകരിച്ചെങ്കിലും രാവിലെ പുറത്തിറങ്ങിയ ആളുകളെ വിരട്ടിയോടിക്കുന്ന കാഴ്ചയാണ് കണ്ടത്. ജില്ലയിലെ പ്രാദേശിക റോഡുകളടക്കം എല്ലാ റോഡുകളും പൂർണമായും അടച്ചിട്ടിരിക്കുകയാണ്. കർണാടക - കേരള അതിർത്തിയിലെ ഈശ്വരമംഗലം റോഡ് അടക്കം കർണാടക പൊലീസ് മണ്ണിട്ട് അടച്ചിരിക്കുകയാണ്. 

ഇതിനിടെ, നിയന്ത്രണങ്ങൾ ലംഘിച്ച കാസർകോട്ടെ 2 കൊവിഡ് ബാധിതർക്കെതിരെ കടുത്ത നടപടിയെടുക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകി. ഇവരുടെ പാസ്പോർട്ട് കണ്ടുകെട്ടാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. രോഗം മറച്ചുവെച്ച് പൊതുഇടങ്ങളിലേക്ക് എത്തുകയും ആളുകളുമായി ഇടപഴകുകയും ചെയ്ത 2 പ്രവാസികൾക്കെതിരെയാണ് നടപടി. ഭാവിയിൽ വിദേശത്തേക്ക് പോകുന്നതടക്കം തടയാനും നിർദ്ദേശമുണ്ട്.

കാസർകോട്ട് ഭക്ഷ്യവസ്തുക്കൾ വീട്ടിലെത്തിക്കുന്നത് പ്രായോഗികമല്ലെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്. അതിനാൽത്തന്നെ അവശ്യവസ്തുക്കളുടെ കടകൾ തുറന്ന് ആളുകളെ നിയന്ത്രിച്ച് സാധനങ്ങൾ വാങ്ങാൻ എത്തിക്കാനേ കഴിയൂ. പലയിടത്തും വസ്തുക്കൾക്ക് വില കൂട്ടി വിൽക്കുന്നതായും ജില്ലാ ഭരണകൂടത്തിന് വിവരം കിട്ടിയിട്ടുണ്ട്. പഴം, തക്കാളി, മീൻ എന്നീ ഭക്ഷ്യസാധനങ്ങൾക്ക് കൊറോണ വൈറസ് വ്യാപനത്തിൻ്റെ സാഹചര്യത്തിൽ വിലക്കൂട്ടി വിൽക്കുന്നതായി ശ്രദ്ധയിൽ പെട്ട സാഹചര്യത്തിൽ കാസർകോട് ജില്ലാ ലീഗൽ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥരോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നാളെ രാവിലെ 11 മണി മുതൽ  മിന്നൽ പരിശോധന നടത്തി അടിയന്തിര നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ ഡോ.ഡി സജിത് ബാബു ഉത്തരവ് നൽകിയിട്ടുണ്ട്.

ചിലയിടത്തെങ്കിലും വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരെ നാട്ടുകാർ ഇടപെട്ട് തടയുന്ന സംഭവങ്ങളുമുണ്ടായി. ഇവിടെയെല്ലാം പൊലീസ് ഇടപെട്ടിട്ടുണ്ട്. ഒപ്പം പ്രാദേശിക തലത്തിൽ ഐസൊലേഷൻ വാർഡുകളും സജ്ജീകരിച്ചിട്ടുണ്ട്.

cases registered across the state for violating lockdown guidelines in kerala

അമൃതാനന്ദമയി മഠത്തിലെ വിദേശികളെ പരിശോധിച്ചു

ലോക്ക് ഡൌൺ ലംഘിച്ചതിന് കൊല്ലം സിറ്റി പൊലീസ് പരിധിയിൽ മാത്രം ഇന്ന് 49 കേസുകളാണ് റജിസ്റ്റർ ചെയ്തത്. പ്രവർത്തനരഹിതമായ കെട്ടിടങ്ങൾ അടക്കം കൊവിഡ് ആശുപത്രികളാക്കാൻ സംസ്ഥാനസർക്കാർ തീരുമാനിച്ചിരുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ കൊവിഡ് കെയർ സെന്റർ ആക്കാൻ ഏറ്റെടുത്ത പ്രവർത്തനരഹിതമായ കൊല്ലം മറ്റേണിറ്റി ആശുപത്രി, കെട്ടിടമുടമ വിട്ടു നൽകിയില്ല. ഇതേത്തുടർന്ന് പൂട്ടുപൊളിച്ച് അകത്ത് കയറി കെട്ടിടം തഹസിൽദാർ ഏറ്റെടുത്തു. മാത്രമല്ല, ഉത്തരവ് മറികടന്ന് പ്രവർത്തിച്ച കശുവണ്ടി ഫാക്ടറിയും പൊലീസ് പൂട്ടിച്ചു. കൊല്ലം ഡീസെന്റ്മുക്കിലെ ഭാസ്‌കർ എക്സ്പോർട്‌സ് ആണ് പോലീസ് എത്തി അടപ്പിച്ചത്.

ഇതിനിടെ, മാർച്ച് 10-ന് ശേഷം കൊല്ലം അമൃതാനന്ദമയി മഠത്തിൽ എത്തിയ വിദേശികളെ കൊവിഡ് സ്രവ പരിശോധനയ്ക്ക് വിധേയരാക്കി. നാൽപതിൽ ഏറെ പേർ മഠത്തിൽ ഉണ്ടായിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന് കളക്ടറുടെ നിർദേശപ്രകാരം ആണ് ആരോഗ്യ വകുപ്പിന്റെ നടപടി. 

കണ്ണൂരിലും പത്തനംതിട്ടയിലും നിരത്തിലിറങ്ങി കളക്ടറും കമ്മീഷണറും

പത്തനംതിട്ടയിൽ ജില്ലാ കളക്ടർ പി ബി നൂഹ് നേരിട്ട് നിരത്തിലിറങ്ങിയാണ് അത്യാവശ്യകാര്യത്തിനല്ലാതെ പുറത്തിറങ്ങിയവരെ തിരികെ അയച്ചത്. കാസർകോട്ട് പൊലീസ് ജനങ്ങളെ വിരട്ടിയോടിക്കുന്ന കാഴ്ച കണ്ടു. 'എന്തിനാ പുറത്തിറങ്ങിയത്, വീട്ടിലേക്ക് പോകൂ', എന്ന് നല്ല മലയാളത്തിൽ ആളുകളെ തിരികെ വിരട്ടി വീട്ടിലേക്ക് വിട്ടു കണ്ണൂർ എസ്പി യതീഷ് ചന്ദ്ര. 

കണ്ണൂരിൽ ലോക്ക് ഡൌൺ ലംഘിച്ചതിന് മുപ്പത് പേർക്കെതിരെയാണ് കേസെടുത്തത്. കണ്ണൂർ പാറക്കണ്ടി ബീവറേജ് ഷോപ്പിൽ ആളുകൾ കൂട്ടംകൂടി മദ്യം വാങ്ങിയതിനെത്തുടർന്ന് പൊലീസിന് ഇടപെടേണ്ടി വന്നു. പത്തനംതിട്ടയിൽ വൈകിട്ടോടെ നിരോധനാജ്ഞയും പ്രഖ്യാപിച്ചു. 

police checking by yathish chandra in kannur part od lock downഇന്നും വിവാഹവും പിറന്നാൾ പാർട്ടിയും, പാസ്റ്റർ അറസ്റ്റിൽ

സർക്കാർ നിർദേശം ലംഘിച്ച് വിവാഹം നടത്തിയതിന് ചെങ്ങന്നൂരിൽ ചർച്ച് ഓഫ് ഗോഡ് മുൻ ഓവർസീയർ പി ജെ ജയിംസ്, പാസ്റ്റർ പി എം തോമസ് എന്നിവരെ ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. ലൌക്ക് ഡൌൺ നിലവിൽ വന്നിട്ടും ഇത് ലംഘിച്ച് വിവാഹം നടത്തിയതിനാണ് അറസ്റ്റ്. 

വയനാട്ടിൽ 20 ആളുകൾ കൂടുതൽ പേരെ പങ്കെടുപ്പിച്ചു കൊണ്ട് ചടങ്ങുകളോ മറ്റോ നടത്താൻ പാടില്ല എന്ന സർക്കാർ ഉത്തരവ് ലംഘിച്ച് മുപ്പതോളം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഇന്നലെ രാത്രി വീട്ടിൽ മകളുടെ പിറന്നാൾ പാർട്ടി നടത്തിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു. വേലിയമ്പം സ്വദേശിയായ പൊത്തകടവ് വീട്ടിൽ നിപു എന്നയാളെ പ്രതിയാക്കി കേണിച്ചറ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് വയനാട് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. 

തൃശ്ശൂരിൽ അമേരിക്കയിൽ നിന്ന് വന്ന് കറങ്ങി നടന്ന ദമ്പതികൾക്കെതിരെ പൊലീസ് കേസെടുത്തു. ഒല്ലൂർ സ്വദേശി രതീഷിനും കുടുംബത്തിനുമെതിരെയാണ് കേസ്. നാട്ടിലെത്തിയ ഇവർ ബന്ധുക്കളെ കാണാൻ വ്യാപകമായി കറങ്ങി നടന്നിരുന്നു.

തുറന്ന ടയർ കമ്പനി അടപ്പിച്ചു

കോട്ടയത്ത് നിയന്ത്രണങ്ങൾ ലംഘിച്ച് പ്രവർത്തനം തുടർന്ന എംആർഎഫ് ടയർ കമ്പനി പൊലീസ് അടപ്പിച്ചു. ഇരുന്നൂറിലധികം തൊഴിലാളികൾ ഇവിടെ ജോലി ചെയ്യുന്നുണ്ടെന്ന വിവരം കിട്ടി എത്തിയ മണർകാട് പൊലീസാണ് കമ്പനി അടപ്പിച്ചത്. കോട്ടയത്ത് നിയന്ത്രണം ലംഘിച്ചതിന് 18 കേസുകളാണ് ഇന്ന് മാത്രം റജിസ്റ്റർ ചെയ്തത്. 

അതിർത്തിയിൽ കർശനനിയന്ത്രണങ്ങൾ

രാവിലെ വാളയാറിൽ അതിർത്തി കടന്ന് പച്ചക്കറി വാഹനങ്ങൾ വരുന്നതടക്കം തമിഴ്നാട് പൊലീസ് തടഞ്ഞത് തലവേദനയായി. പിന്നീട് ഇരുസംസ്ഥാനങ്ങളിലെയും മന്ത്രിമാർ ഇടപെട്ട ശേഷമാണ് ഈ വാഹനങ്ങൾ അതിർത്തി കടന്നെത്തിയത്. 

ഇടുക്കിയിൽ ഇന്ന് നിയന്ത്രണം ലംഘിച്ചതിന് 46 കേസുകളാണ് റജിസ്റ്റർ ചെയ്തത്. ഇടുക്കിയിലേക്ക് അതിർത്തിയിൽ നിന്ന് ഇങ്ങോട്ടുള്ള വാഹനഗതാഗതത്തിന് കർശനനിയന്ത്രണമാണ് ഏർപ്പെടുത്തിയത്. അത്യാവശ്യത്തിന് പോകുന്നവരെയല്ലാതെ ആരെയും അതിർത്തിയ്ക്ക് ഇപ്പുറത്തേക്ക് പ്രവേശിപ്പിക്കുന്നില്ല. 

പൊലീസിന് തലവേദനയായി ചില ഹോട്ടലുകളും ബിവറേജസും

വയനാട് വൈത്തിരിയിൽ തുറന്ന് ആളുകളെ കയറ്റി ഭക്ഷണം നൽകിയ ടോപ് സ്റ്റാർ ഹോട്ടലുടമ പുതുശ്ശേരി വീട്ടിൽ നിസ്സാറിനെതിരെ പൊലീസ് കേസെടുത്തു. വയനാട്ടിൽ ബിവറേജസിന് മുന്നിൽ പൊലീസിന് കനത്ത സുരക്ഷ ഒരുക്കേണ്ടി വന്നു. സർക്കാർ നിർദ്ദേശം ലംഘിച്ച് ഹോട്ടലിൽ ആളുകളെ ഇരുത്തി ഭക്ഷണം നൽകിയ ആലപ്പുഴ പുന്നപ്രയിലെ രണ്ടു കട ഉടമകൾക്ക് എതിരെ പോലീസ്  പോലീസ് കേസെടുത്തു, ഇവരെ അറസ്റ്റും ചെയ്തു.

നെടുമ്പാശ്ശേരി വിമാനത്താവളത്തിലാകട്ടെ കൊറോണ പരിശോധനയുമായി സഹകരിക്കാൻ തയ്യാറാകാതെ മാസ്ക് വലിച്ചെറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. എറണാകുളം സ്വദേശി ലാമി അറയ്ക്കലിനെയാണ്‌ (54) അറസ്റ്റ് ചെയ്തത്. ചെന്നൈയിൽ നിന്നും വന്നിറങ്ങിയ ഇയാൾക്ക്  ആരോഗ്യ പ്രവർത്തകർ മാസ്ക് നൽകിയപ്പോൾ അത് വലിച്ചെറിഞ്ഞ് പുറത്തുകടക്കാൻ ഇയാൾ ശ്രമിക്കുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios