Asianet News MalayalamAsianet News Malayalam

'ശ്വാസം മുട്ടിക്കുന്നു, കേരളത്തിലെ ജനങ്ങൾക്കെതിരായുള്ള വെല്ലുവിളി'; കടുംവെട്ടിനെതിരെ ഒന്നിക്കണമെന്ന് ധനമന്ത്രി

കുറച്ചുനാളുകളായി കേരളത്തിനുള്ള ഗ്രാന്‍റുകളും വായ്പകളും നിഷേധിക്കുകയും വെട്ടിക്കുറക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. 

central government cut borrowing limit of kerala finance minister k n balagopal response btb
Author
First Published May 26, 2023, 9:33 PM IST

തിരുവനന്തപുരം: കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധമുയര്‍ത്തി ധനമന്ത്രി കെ എൻ ബാലഗോപാല്‍.  ഏതു വിധേനയും സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുക എന്നതായി മാറിയിരിക്കുന്നു കേന്ദ്രത്തിന്റെ സമീപനമെന്ന് ധനമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. കുറച്ചുനാളുകളായി കേരളത്തിനുള്ള ഗ്രാന്‍റുകളും വായ്പകളും നിഷേധിക്കുകയും വെട്ടിക്കുറക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. 

നടപ്പു വർഷം 32442 കോടി രൂപയുടെ വായ്പ എടുക്കാനുള്ള അനുമതി സാമ്പത്തിക വർഷാരംഭത്തിൽ കേന്ദ്രം നൽകിയിരുന്നതാണ്. എന്നാൽ, 15390 കോടി രൂപയുടെ അനുമതി മാത്രമാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഗ്രാന്‍റ് ഇനത്തില്‍ 10000 കോടിയുടെ വെട്ടിക്കുറവ്  ഈ വർഷം വരുത്തിയതിന് പുറമെയാണിത്. ഇത് കേരളത്തിലെ ജനങ്ങൾക്കെതിരായുള്ള വെല്ലുവിളിയാണ്. സംസ്ഥാനത്തിന്റെ വികസന - ക്ഷേമ പ്രവർത്തനങ്ങൾ തടസപ്പെടുത്തുക എന്ന രാഷ്ട്രീയ ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.

ജനങ്ങളാകെ ഒരുമിച്ച് നിന്ന് ഈ തെറ്റായ നടപടിക്കെതിരെ ശബ്‍ദമുയർത്തേണ്ടതുണ്ട്. രാഷ്ട്രീയ ഭിന്നതകൾ മാറ്റിവെച്ച് സംസ്ഥാനത്തിന്റെ ഉത്തമ താൽപര്യം സംരക്ഷിക്കാനായി എല്ലാവരും ഒരുമിച്ച് നിന്ന് പ്രതിഷേധിക്കേണ്ട സന്ദർഭമാണിതെന്നും ബാലഗോപാല്‍ പറഞ്ഞു. സംസ്ഥാനങ്ങൾക്കെടുക്കാവുന്ന വായ്പ പരിധി ഓരോ സാമ്പത്തിക വര്‍ഷത്തിന്റേയും തുടക്കത്തിൽ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച് നൽകാറുണ്ട്.

32,440 കോടി രൂപ പരിധി നിശ്ചയിച്ച് നൽകിയെങ്കിലും വായ്പ എടുക്കാൻ അനുമതി പക്ഷേ 15,390 കോടി രൂപയ്ക്ക് മാത്രമാണ്. കഴിഞ്ഞ വര്‍ഷം ഇത് 23000 കോടിയായിരുന്നു. അതായത് കഴിഞ്ഞ വര്‍ഷത്തെ കണക്ക് വച്ച് നോക്കിയാൽ വീണ്ടും 8000 കോടിയുടെ കുറവാണ് ഉണ്ടായത്. കിഫ്ബി പദ്ധതി നടത്തിപ്പിന് വേണ്ടിയെടുത്ത വായ്പകളും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളെടുത്ത വായ്പയുമെല്ലാം സംസ്ഥാനത്തിന്റെ മൊത്തം ബാധ്യതയായി കണക്കാക്കിയാണ് വായ്പാ പരിധിയിൽ കേന്ദ്ര സര്‍ക്കാരിന്റെ ഈ കടും വെട്ട്. 

വിമാനത്തിന്‍റെ എമർജൻസി എക്സിറ്റ് തുറന്ന് യാത്രക്കാരൻ; ഞെട്ടി നിലവിളിച്ച് യാത്രക്കാർ, നിരവധി പേർ ആശുപത്രിയിൽ

Latest Videos
Follow Us:
Download App:
  • android
  • ios