Asianet News MalayalamAsianet News Malayalam

സ്വപ്ന സുരേഷിന്റെ മുൻ അഭിഭാഷകന് കസ്റ്റംസ് സ്റ്റാൻഡിം​ഗ് കൗൺസിലായി കേന്ദ്ര നിയമനം

സ്വർണക്കള്ളക്കടത്തുകേസിൽ കഴിഞ്ഞ ജൂലൈ അഞ്ചിന് ഒളിവിൽപ്പോയതിന് പിന്നാലെയാണ് സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ മുൻകൂ‍ർ ജാമ്യാപേക്ഷ നൽകിയത്. കള്ളക്കടത്തിലെ കസ്റ്റംസ് കേസിലായിരുന്നു നടപടി. ഈ ഹർജിയിൽ സ്വപ്ന സുരേഷിനായി ഹൈക്കോടതിയിൽ ഹാജരായത് രാജേഷായിരുന്നു

central govt appointed former advocate of swapna suresh as customs standing council
Author
Kochi, First Published Jan 8, 2021, 7:36 AM IST

കൊച്ചി: വിമാനത്താവള സ്വർണക്കള്ളക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിന്‍റെ മുൻ അഭിഭാഷകനെ കസ്റ്റംസ് സ്റ്റാൻഡിം​ഗ് കൗൺസിലായി നിയമിച്ചു. ഹൈക്കോടതിയിലെ അഭിഭാഷകനായ രാജേഷിനെയാണ് കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തിയത്. എന്നാൽ, സ്വപ്നയുടെ അഭിഭാഷകനാകും മുമ്പേ തന്നെ ഇതിനായുളള നടപടികൾ തുടങ്ങിയതാണെന്ന് അഡ്വ. ടി കെ രാജേഷ് കുമാ‍ർ അറിയിച്ചു.

സ്വർണക്കള്ളക്കടത്തുകേസിൽ കഴിഞ്ഞ ജൂലൈ അഞ്ചിന് ഒളിവിൽപ്പോയതിന് പിന്നാലെയാണ് സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ മുൻകൂ‍ർ ജാമ്യാപേക്ഷ നൽകിയത്. കള്ളക്കടത്തിലെ കസ്റ്റംസ് കേസിലായിരുന്നു നടപടി. ഈ ഹർജിയിൽ സ്വപ്ന സുരേഷിനായി ഹൈക്കോടതിയിൽ ഹാജരായത് രാജേഷായിരുന്നു.

ബംഗളൂരൂവിലേക്ക് ഒളിവിൽപ്പോകുന്നതിന് മുമ്പ് തൃപ്പൂണിത്തുറയിൽ വീട്ടിലെത്തി അഭിഭാഷകനെ കണ്ടതായി സ്വപ്ന സുരേഷും മൊഴി നൽകിയരുന്നു. സ്വപ്നയുടെ ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ബംഗളൂരുവിൽ അറസ്റ്റുണ്ടായത്. അന്ന് സ്വപ്നയ്ക്കായി ഹാജരായ അതേ അഭിഭാഷകനെത്തന്നെയാണ് കസ്റ്റംസിന്‍റെ സ്റ്റാൻ‍ഡിം​ഗ് കൗൺസിലായി നിയമിച്ചുകൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്.

എന്നാൽ, സ്വപ്നയുടെ അഭിഭാഷകനാകും മുമ്പേ തന്നെ തുടങ്ങിയ നടപടിക്രമങ്ങളാണിതെന്ന് അഡ്വ രാജേഷ് അറിയിച്ചു.
2018ലാണ് അപേക്ഷ ക്ഷണിച്ചത്. 2019ൽ അഭിമുഖ പരീക്ഷയടക്കം നടന്നു. താനടക്കം 14 പേരെയാണ് സംസ്ഥാനത്ത് നിയമിച്ചത്. ഇതേപോലെ എല്ലാ സംസ്ഥാനത്തും ഒരേസമയം നിയമനം നടന്നി‌ട്ടുണ്ട്. മുൻകൂർ ജാമ്യാപേക്ഷയിൽ മാത്രമാണ് സ്വപ്ന സുരേഷിന് വേണ്ടി ഹാജരായതെന്നും കസ്റ്റംസ് സംബന്ധമായ കേസുകളിൽ തന്‍റെ അനുഭവം പരിഗണിച്ചാണ് നിയമനമെന്നുമാണ് അഡ്വ രാജേഷിന്‍റെ നിലപാട്. 

Follow Us:
Download App:
  • android
  • ios