തൃശ്ശൂരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് വഴിയിലുപേക്ഷിച്ചു. കേസിൽ ചങ്ങരംകുളം സ്വദേശികളായ മൂന്ന് പേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു.
തൃശ്ശൂർ: യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവത്തിൽ മൂന്ന് പേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങരംകുളം സ്വദേശികളായ ഹിലാൽ, സംഗീത്, രഞ്ജിത്ത് എന്നിവരാണ് അറസ്റ്റിലായത്. ചങ്ങരംകുളം ചിയ്യാനൂർ സ്വദേശി കൈപ്പറവളപ്പിൽ വീട്ടിൽ ബാലന്റെ മകൻ 25 വയസ്സുള്ള അരുണിനെയാണ് അറസ്റ്റിലായ പ്രതികൾ ഉൾപ്പെടെ 12 ഓളം പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത്. മർദ്ദനത്തിൽ അരുണിൻ്റെ ചെവിക്കുൾപ്പെടെ ഗുരുതരമായി പരിക്കേറ്റു.
വ്യക്തി വൈരാഗ്യത്തെ തുടർന്നാണ് അരുണിനെ പ്രതികൾ ആക്രമിച്ചതെന്നാണ് വിവരം. അരുണും പ്രതികളുംതമ്മിൽ മുൻ വൈരാഗ്യമുണ്ടായിരുന്നുവെന്നും ഇതിൻ്റെ പേരിലായിരുന്നു ആക്രമിച്ചത് എന്നുമാണ് പൊലീസ് നൽകുന്ന വിവരം. യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച പ്രതികൾ ഇതിന് ശേഷം യുവാവിനെ വെള്ളറക്കാട് ചിറമനേങ്ങാട് എന്ന സ്ഥലത്ത് വച്ച് വാഹനത്തിൽ നിന്ന് ഇറക്കിവിടുകയായിരുന്നു.
തുടർന്ന് ചങ്ങരംകുളം പോലീസിൽ യുവാവ് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ചങ്ങരംകുളം പോലീസ് കേസെടുത്തെങ്കിലും സംഭവം നടന്നത് കുന്നംകുളത്തായതിനാൽ കേസ് ഇവിടേക്ക് മാറ്റുകയായിരുന്നു. പ്രതികളെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും. കേസിൽ പിടിയിലാകാനുള്ള 9 പേർക്കായി തെരച്ചിൽ തുടരുകയാണെന്നും ചങ്ങരംകുളം പൊലീസ് അറിയിച്ചു.


