സ്വപ്നയെ ഓഫീസിൽ കൊണ്ടു വന്ന് പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്നും ഒന്നിച്ച് ലോക്കർ തുടങ്ങാനും നിർദ്ദേശിച്ചുവെന്നും ചാർട്ടേഡ് അക്കൗണ്ട് എന്‍ഫോഴ്സ്മെന്‍റിന് നൽകിയ മൊഴിയിൽ പറയുന്നു.

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തിന് പിന്നാലെ ലൈഫ് മിഷൻ പദ്ധതിയിലും സ്വപ്ന സുരേഷിന്‍റെ ഇടപെടലുകൾ എം ശിവശങ്കറിനെ വീണ്ടും കുരുക്കിലാക്കുകയാണ്. അതിനിടെ ശിവശങ്കറിനെ കുരുക്കുന്ന ചാർട്ടേഡ് അക്കൗണ്ട് വേണുഗോപാൽ അയ്യരുടെ നിർണായക മൊഴിയും പുറത്ത് വന്നു. സ്വപ്നയെ ഓഫീസിൽ കൊണ്ടു വന്ന് പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്നും ഒന്നിച്ച് ലോക്കർ തുടങ്ങാനും നിർദ്ദേശിച്ചുവെന്നും ചാർട്ടേഡ് അക്കൗണ്ട് എന്‍ഫോഴ്സ്മെന്‍റിന് നൽകിയ മൊഴിയിൽ പറയുന്നു. നേരത്തെ ഒന്നിച്ച് ലോക്കര്‍ തുറക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും സ്വപ്നയെ പരിചയപ്പെടുത്തിയ ശേഷം മടങ്ങിയെന്നുമായിരുന്നു ശിവശങ്കറിന്‍റെ മൊഴി. എന്നാൽ ഈ വാദങ്ങളെ തള്ളുന്നതാണ് ചാർട്ടേഡ് അക്കൗണ്ട് നൽകിയ മൊഴി.

ലൈഫ് മിഷൻ: സ്വപ്ന രണ്ടുതവണ കമ്മീഷൻ വാങ്ങി; 20 കോടിയുടെ പദ്ധതിയിൽ കോഴ നാല് കോടിയിലധികമെന്നും യൂണിടാക്

'മണിക്കൂറുകളോളം ഓഫീസിൽ ശിവശങ്കറിന്‍റെ സാനിധ്യത്തിൽ സ്വപ്നയുമായി സംസാരിച്ചു. ചര്‍ച്ചകളിൽ ശിവശങ്കര്‍ പങ്കാളിയായിരുന്നു. ജോയിന്‍റ് അക്കൗണ്ടിലേക്ക് ആദ്യം നിക്ഷേപിച്ചത് 30 ലക്ഷമായിരുന്നു. പിന്നീട് പലഘട്ടത്തിലായി സ്വപ്ന തന്നെ ഈ തുക പിൻവലിച്ചു. തുടര്‍ന്ന് അക്കൗണ്ട് അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ തന്‍റെ കുറച്ച് സ്വര്‍ണാഭരണങ്ങൾ അക്കൗണ്ടിലുണ്ടെന്നായിരുന്നു സ്വപ്ന അന്ന് പറഞ്ഞത്. അന്വേഷണ ഏജൻസികൾ ഈ ജോയിന്‍റ് അക്കൗണ്ടിൽ നിന്നും 64 ലക്ഷവും സ്വര്‍ണ്ണവുമായിരുന്നു പിടികൂടിയത്'. എന്നാൽ അക്കൗണ്ടിലുണ്ടായിരുന്ന ബാക്കി തുകയെ കുറിച്ച് അറിയില്ലെന്നുമാണ് ചാർട്ടേഡ് അക്കൗണ്ട് നൽകിയ മൊഴി.

സ്വപ്ന സുരേഷിന്‍റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

അതേ സമയം സ്വർണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മന്റ് ഡയറക്ടറേറ്റ് എടുത്ത് കേസിൽ സ്വപ്ന സുരേഷ് നൽകിയ ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധിപറയും. ഹവാല, ബിനാമി ഇടപാടുകൾ, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയുമായി തനിക്ക് യാതൊരുബന്ധവും ഇല്ലെന്നാണ് സ്വപ്നസുരേഷ് ജാമ്യ ഹരജിയിൽ വാദിച്ചത്. ഇതുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഒരു തെളിവും ഹാജരാക്കാൻ എൻഫോഴ്സമന്റ് ഡയറക്ടറേറ്റിന് കഴിഞിട്ടില്ല. താൻ സമ്പാധിച്ചത് നിയമപരമായാണെന്നും അനധികൃതമായി ഒരു ഇടപാടും നടത്തിയിട്ടില്ലെന്നുമാണ് സ്വപ്ന സുരേഷിന്റെ വാദം.

എന്നാൽ പ്രതികൾക്ക് ഈ കേസിൽ ബന്ധമുണ്ടെന്നതിന് കേസ് ഡയറിയിൽ മതിയായ തെളിവുകളുണ്ടെന്ന് എൻഫോഴ്മന്റ് ഡയറക്ടറേറ്റ് വാധിച്ചു. സ്വപ്ന സുരേഷിന്റെ പേരിലുള്ള രണ്ട് ബാങ്ക് ലോക്കറിലെ പണം സംബന്ധിച്ച് നിരവധി ദുരൂഹതയുണ്ട്. ലോക്കറിൽ സൂക്ഷിച്ച പണം സംബന്ധിച്ച് ദുരൂഹത നിലനിൽക്കുന്നെന്നും ഉന്നത സ്വാധീനമുള്ള സ്വപ്നക്ക് ഉടൻ ജാമ്യം നൽകരുതെന്നുമാണ് എൻഫോഴ്മന്റിന്റെ വാദം.