ചേരാനല്ലൂർ അപകടത്തിൽ വീഴ്ച വരുത്തിയതിന് പിന്നാലെ കൊച്ചി പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷിനെ മാറ്റി ആർ നിശാന്തിനിയെ നിയമിക്കും.
തിരുവനന്തപുരം: എറണാകുളം ചേരാനല്ലൂർ വാഹനാപകട കേസിലെ പൊലീസ് വീഴ്ചയിൽ കടുത്ത നടപടിയുമായി സർക്കാർ. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കളിരാജ് മഹേഷ് കുമാറിനെ മാറ്റി. ആർ നിശാന്തിനി ആണ് പുതിയ കമ്മിഷണർ. പി പ്രകാശ് ദക്ഷിണമേഖല ഐജിയാകും. എസ്സിആർബിയുടെ ചുമതലയും പ്രകാശ് തുടരും. ഇത് സംബന്ധിച്ച് സര്ക്കാര് ഉത്തരവ് പുറത്തിറങ്ങി. ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് നടപടി.
അഡീഷണൽ ജഡ്ജിയുടെ മകനായ 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് 55 കാരൻ കേസിൽ പൊലീസിന് വീഴ്ചയുണ്ടായി എന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ തുറന്നുപറച്ചിലിന് പിന്നാലെയാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറും തെറിച്ചത്. സിഐയും എസ് എച്ച് ഒയുമടക്കം ചേരാനല്ലൂർ സ്റ്റേഷനിലെ നാല് പൊലീസുകാരെ സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് നടപടി. ജഡ്ജിയുടെ ആലുവയിലെ ഫ്ലാറ്റിലെ പരിശോധനയിൽ കാലതാമസം വരുത്തിയതും നടപടിക്ക് കാരണമായി. ഇന്നലെ രാവിലെ റെയ്ഡ് നടത്താനായിരുന്നു നിർദ്ദേശം നൽകിയെങ്കിലും പരിശോധന നടന്നത് രാത്രി മാത്രമാണ്. അതേസമയം, 17കാരന് ജാമ്യം നിഷേധിക്കാൻ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ പൊലീസ് കൃത്യമായ നടപടി എടുത്തില്ലെന്ന വിമർശനവും ശക്തമാണ്.
ആശയങ്ങളുടെ ഉത്സവം- അഗോറയില് രജിസ്റ്റര് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക







