നിലവിലെ ആസ്ഥാനമായ തിരുവനന്തപുരത്തെ എകെജി സെന്ററിന് എതിര്‍വശത്ത് വാങ്ങിയ 32 സെന്റിലാണ് 9 നില കെട്ടിടം.
തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റിക്ക് ഇനി പുതിയ ആസ്ഥാനം. എകെജി സെന്റർ എന്നുതന്നെയാണ് പേര്. പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. നിലവിലെ ആസ്ഥാനമായ തിരുവനന്തപുരത്തെ എകെജി സെന്ററിന് എതിര്‍വശത്ത് വാങ്ങിയ 32 സെന്റിലാണ് 9 നില കെട്ടിടം. സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി അടക്കം മുതിർന്ന നേതാക്കൾ മന്ത്രിമാർ ഘടകക്ഷി നേതാക്കൾ എന്നിവരെല്ലാം ഉദ്ഘാടന ചടങിനെത്തിയിരുന്നു. പണി തീർത്ത് പുതിയ കെട്ടിടത്തിലേക്ക് പാർട്ടി ആസ്ഥാനത്ത്ന്റെ പ്രവർത്തനം പൂർണ്ണമായി മാറാൻ ഇനിയും ദിവസങ്ങളെടുക്കും.
ഉദ്ഘാടനത്തിന് നിശ്ചയിച്ച തീയതി സംബന്ധിച്ച വിവാദങ്ങൾക്കുള്ള മറുപടി കൂടിയായിരുന്നു മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം. വിശേഷ ദിവസം നോക്കിയാൽ ലോക പുസ്തക ദിനവും ഷേക്സ്പിയറുടെ ചരമ ദിനവും ആണ്. ഏപ്രിൽ 23 നാണ് കുഞ്ഞമ്പു രക്തസാക്ഷിയാകുന്നത്. ഈ പ്രത്യേകതകൾ എല്ലാം ആലോചിച്ചല്ല ഉദ്ഘാടനം ചെയ്തത്. എല്ലാവർക്കും സൗകര്യം ഉള്ള ഒരു സമയം തീരുമാനിക്കുകയാണ് ചെയ്തത്. പഞ്ചാംഗം നോക്കി പ്രത്യേകത കണ്ട് പിടിച്ച് ഉദ്ഘാടനം ചിലർ വിവാദമാക്കി. അതൊന്നും ഏശുന്ന പാർട്ടിയല്ല സിപിഎം എന്ന് പിണറായി പറഞ്ഞു.
