കണ്ണൂരിൽ നടന്ന വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടാം എൽഡിഎഫ് സർക്കാരിന്റെ പ്രോഗ്രസ് കാർഡ് അവതരിപ്പിച്ചു. പ്രകടന പത്രികയിലെ 900 വാഗ്ദാനങ്ങളിൽ 97 ശതമാനവും നടപ്പാക്കിയെന്ന് വ്യക്തമാക്കിയ അദ്ദേഹം, ലൈഫ് മിഷൻ, പട്ടയം നൽകൽ, തൊഴിലവസരങ്ങൾ തുടങ്ങിയ പ്രധാന നേട്ടങ്ങൾ എടുത്തുപറഞ്ഞു.

കണ്ണൂർ: എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പ്രോഗ്രസ് കാര്‍ഡ് അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രകടന പത്രികയിലെ 900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും നടപ്പാക്കിയെന്ന് മുഖ്യമന്ത്രി കണ്ണൂരിൽ നടത്തിയ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. സർക്കാരിന്റെ പ്രവർത്തനങ്ങളുടെ കണക്ക് അവതരിപ്പിക്കുന്നത് ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് മുഖ്യമന്ത്രി സര്‍ക്കാരിന്‍റെ പ്രോഗ്രസ് കാര്‍ഡ് അവതരിപ്പിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

ഭൂമിയും വീടും ജനങ്ങൾക്ക് യാഥാർഥ്യമാക്കിയതായി വ്യക്തമാക്കിയ മുഖ്യമന്ത്രി, ലൈഫ് മിഷൻ പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ പൂർത്തിയാക്കിയതായി പറഞ്ഞു. കൂടാതെ, നാലര ലക്ഷം കുടുംബങ്ങൾക്ക് പട്ടയം നൽകി. സ്ത്രീശാക്തീകരണത്തിനും മുൻഗണന നൽകിയ സർക്കാർ 16 ലക്ഷത്തിലധികം സ്ത്രീകൾക്ക് സാമ്പത്തിക സഹായം നൽകിയതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമായി മാറ്റാൻ നടപടികൾ കൈക്കൊണ്ടതായും ഭരണസേവനങ്ങൾ ലളിതമാക്കിയതായും അദ്ദേഹം വ്യക്തമാക്കി. 82 ലക്ഷം അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കിയതായും പി എസ്‍ സി വഴി 3,13,202 നിയമനങ്ങൾ നടത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ, 2,66,000 തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഡിഗ്രി തലം വരെ സൗജന്യമാക്കി, വയനാട് തുരങ്ക പാത നിർമാണം തുടങ്ങി, വിഴിഞ്ഞം പദ്ധതി യഥാർഥ്യമാക്കി തുടങ്ങി നേട്ടങ്ങള്‍ എണ്ണ പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം. വയനാട് ടൗൺഷിപ്പിൽ 178 വീടുകൾ പൂർത്തിയാക്കി. ഇത്തരം കാര്യങ്ങളിൽ കേന്ദ്ര സഹായം വേണ്ടവിധം ഉണ്ടായില്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. വിഷുവിന് മുമ്പ് വയനാട്ടിലെ ദുരിതബാധിതർക്ക് സ്വന്തം വീട്ടിൽ താമസിക്കാൻ ആകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. മാലിന്യ നിർമാർജ്ജന സംവിധാനം കൂടിയേ പൂർത്തിയാകാൻ ഉള്ളൂ എന്നാണ് വിവാദങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിക്ക് വീട് വെച്ച് കൊടുത്ത ശേഷം കോൺഗ്രസ് ഇന്ദിര ഗ്യാരണ്ടിയെ കുറിച്ച് പറയട്ടെ എന്നും പിണറായി പരിഹസിച്ചു.

YouTube video player