കേരള പിറവിയുടെ 70-ാം വാർഷികത്തോടനുബന്ധിച്ച് രാജ്യത്തെ പ്രധാന നഗരങ്ങളിൽ 'ഫെസ്റ്റിവൽ കേരളം' സംഘടിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഉയർന്ന ചെലവ് കണക്കിലെടുത്ത് ലോക കേരളസഭ പിരിച്ചുവിടാനും പ്രവാസി നിക്ഷേപങ്ങൾക്കായി പുതിയ സംവിധാനം കൊണ്ടുവരാനും തീരുമാനമായി.

തിരുവനന്തപുരം: കേരള പിറവിയുടെ 70-ാം വാർഷികത്തോടനുബന്ധിച്ച് രാജ്യത്തെ പ്രധാന നഗരങ്ങളിൽ 'ഫെസ്റ്റിവൽ കേരളം' സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു. കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യം, നിക്ഷേപ സാധ്യതകൾ, ടൂറിസം മേഖലയുടെ സാധ്യതകൾ എന്നിവ ദേശീയ, അന്തർദേശീയ തലത്തിൽ പരിചയപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം സെക്രട്ടേറിയറ്റിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

ആദ്യഘട്ടത്തിൽ ന്യൂഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിലാണ് ഫെസ്റ്റിവൽ കേരളം സംഘടിപ്പിക്കുക. കേരളത്തിന്റെ തനത് കലാരൂപങ്ങളുടെ അവതരണം, സാംസ്‌കാരിക ചർച്ചകൾ, നിക്ഷേപക സംഗമം, ടൂറിസം സാധ്യതകളുടെ അവതരണം എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. രണ്ടാംഘട്ടത്തിൽ വിദേശ രാജ്യങ്ങളിലേക്കും പരിപാടി വ്യാപിപ്പിക്കും. ഫെസ്റ്റിവൽ കേരളം നടത്തിപ്പിനായി മുഖ്യമന്ത്രി ചെയർമാനും സാംസ്‌കാരിക വകുപ്പ് മന്ത്രി കൺവീനറുമായി മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

ലോക കേരളസഭ പിരിച്ചുവിടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. മുൻ തീരുമാനങ്ങൾ നടപ്പാക്കാത്തതും ഉയർന്ന ചെലവും കണക്കിലെടുത്താണ് തീരുമാനം. പ്രവാസികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും പ്രവാസി വരുമാനം നിക്ഷേപങ്ങളാക്കി മാറ്റുന്നതിനുമായി ബദൽ സംവിധാനം കൊണ്ടുവരും. പ്രവാസികളുടെ വരുമാനത്തെ 'റെമിറ്റൻസ് ഇക്കോണമി'യിൽ നിന്ന് 'ഇൻവെസ്റ്റ്‌മെന്റ് ഇക്കോണമി'യിലേക്ക് മാറ്റുന്നതിനുള്ള പദ്ധതികൾ പുതിയ സംവിധാനത്തിലൂടെ നടപ്പാക്കും. ഇതിനായി മുഖ്യമന്ത്രി ചെയർമാനായും വ്യവസായ, ആഭ്യന്തര, ആരോഗ്യ, ജലവിഭവ വകുപ്പ് മന്ത്രിമാർ അംഗങ്ങളായും പ്രത്യേക മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചതായും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് റോഡപകടങ്ങളും അപകട മരണങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ ശക്തമായ റോഡ് സുരക്ഷാ ക്യാമ്പയിൻ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഗതാഗത വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചായിരിക്കും ക്യാമ്പയിൻ നടപ്പാക്കുക. വിപുലമായ ബോധവൽക്കരണ പ്രവർത്തനങ്ങൾക്കൊപ്പം കർശനമായ നിയമനടപടികളും ഒരേസമയം നടപ്പാക്കും. റോഡപകടങ്ങൾ കുറയ്ക്കുകയാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം. റോഡപകടങ്ങളിൽ നിരവധി പേർ ഗുരുതരമായി പരിക്കേറ്റ് ജീവിതകാലം മുഴുവൻ ദുരിതം അനുഭവിക്കേണ്ടിവരുന്ന സാഹചര്യമുണ്ട്. നാടിന്റെ സുരക്ഷ മുൻനിർത്തിയുള്ള ഈ ക്യാമ്പയിനിൽ പൊതുജനങ്ങളുടെ പൂർണ സഹകരണവും പങ്കാളിത്തവും ഉണ്ടാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.