Asianet News MalayalamAsianet News Malayalam

മരടിലെ ഫ്ലാറ്റുകൾ ചീഫ് സെക്രട്ടറി ഇന്ന് പരിശോധിക്കും, നഗരസഭാ യോഗം ഇന്ന്

ഫ്ലാറ്റുകൾ പൊളിച്ച് നീക്കാൻ ശരാശരി 30 ലക്ഷം രൂപ ചെലവാകുമെന്നാണ് ന​ഗരസഭ നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നത്. ഈ തുക ഒറ്റയ്ക്ക് താങ്ങാനാകില്ലെന്ന് ന​ഗരസഭ അറിയിച്ചു. 

chief secretary will visit maradu flats today
Author
Maradu, First Published Sep 9, 2019, 9:01 AM IST

കൊച്ചി: അടിയന്തരമായി പൊളിച്ച് മാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ട മരടിലെ ഫ്ലാറ്റുകൾ ചീഫ് സെക്രട്ടറി ഇന്ന് പരിശോധിക്കും. കഴിഞ്ഞ ദിവസം ഫ്ലാറ്റുകൾ പൊളിച്ച് നീക്കാനുള്ള നടപടികൾ തുടങ്ങണമെന്ന് കാണിച്ച് മരട് നഗരസഭയ്ക്കും ജില്ലാഭരണകൂടത്തിനും ചീഫ് സെക്രട്ടറി  കത്ത് നൽകിയിരുന്നു. ഫ്ലാറ്റുകളും തൽസ്ഥിതിയും പരിശോധിക്കുന്നതിനായി ചീഫ് സെക്രട്ടറി മരടിലെത്തും. 

ഇതിന് ശേഷം ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ച് മാറ്റാനുള്ള സർക്കാർ ഉത്തരവും തുടർനടപടികളും ചർച്ച ചെയ്യാൻ മരട് നഗരസഭയിലെ സ്റ്റാന്‍റിംഗ് കമ്മിറ്റി അംഗങ്ങളുടെ അടിയന്തര യോഗം ഇന്ന് ചേരും. പൊതുമരാമത്തടക്കമുള്ള ആറ് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻമാരാണ് യോഗത്തിൽ പങ്കെടുക്കുക. പ്രശ്നം ചർച്ച ചെയ്യാൻ കൗൺസിൽ വിളിക്കുന്നത് അടക്കമുള്ള തീരുമാനങ്ങൾ യോഗം കൈകൊള്ളും. കൗൺസിൽ തീരുമാന പ്രകാരമായിരിക്കും വിഷയത്തിൽ തുടർനടപടികൾ ഉണ്ടാവുക.

അതേസമയം, ഫ്ലാറ്റുകൾ പൊളിച്ച് നീക്കാനുള്ള സർക്കാർ ഉത്തരവ് ലഭിച്ചെങ്കിലും തുടർനടപടികൾ എങ്ങനെയായിരിക്കണമെന്ന ആശങ്കയിലാണ് ന​ഗരസഭ. ഫ്ലാറ്റുകൾ പൊളിച്ച് നീക്കാൻ ശരാശരി 30 ലക്ഷം രൂപ ചെലവാകുമെന്നാണ് ന​ഗരസഭ നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നത്. ഈ തുക ഒറ്റയ്ക്ക് താങ്ങാനാകില്ലെന്ന് മരട് നഗരസഭ ചെയർപേഴ്സൺ ടി എച്ച് നദീറ അറിയിച്ചു. ഫ്ലാറ്റുകൾ പൊളിച്ച് മാറ്റുക എന്ന സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കാൻ ന​ഗരസഭ ബാധ്യസ്ഥരാണ്. എന്നാൽ, ഫ്ലാറ്റുകൾ പൊളിക്കാനുള്ള ബാധ്യത നഗരസഭയ്ക്ക് ഏറ്റെടുക്കാനാകില്ല. ഫ്ലാറ്റിലെ താമസക്കാരുടെ പുനരധിവാസ കാര്യത്തിലും സർക്കാർ സഹായം വേണമെന്നും നദീറ വ്യക്തമാക്കി. 


കൂടുതല്‍ വായിക്കാം; മരട് ഫ്ലാറ്റ് പൊളിക്കുന്നതിൽ ത്രിശങ്കുവിലായി നഗരസഭ, മാലിന്യവും പുനരധിവാസവും പ്രശ്നം, ഇന്ന് യോഗം

ഇതുകൂടാതെ, ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ ഉണ്ടാകുന്ന മാലിന്യ പ്രശ്നവും ഭൂരിഭാഗം വരുന്ന ആളുകളുടെ പുനരധിവാസവും സംബന്ധിച്ചും നഗരസഭ ആശങ്ക പ്രകടിപ്പിച്ചു. തീരദേശ പരിപാലന നിയമം ലംഘിച്ച് കായലോരത്ത് നിർമ്മിച്ച ഫ്ളാറ്റ് സമുച്ചയങ്ങൾ ഈമാസം 20-നകം പൊളിച്ച് മാറ്റി റിപ്പോർട്ട് സമർപ്പിക്കാനാണ് സുപ്രീംകോടതി സർക്കാറിന് നൽകിയ അന്ത്യശാസനം.
 

Follow Us:
Download App:
  • android
  • ios