Asianet News MalayalamAsianet News Malayalam

കുഴല്‍നാടന്‍റെ ചിന്നക്കനാൽ ഭൂമിയിൽ 50 സെന്‍റ് അധികം, മാത്യു ക്രമക്കേട് നടത്തിയെന്ന് തെളിവില്ലെന്നും വിജിലന്‍സ്

2008 ലെ മിച്ചഭൂമി കേസിൽ ഉൾപ്പെട്ട സ്ഥലമാണിതെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. ഭൂമി വിൽപ്പന നടത്തരുതെന്ന് 2020ൽ ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നതാണ്.  ഭൂമി പോക്ക് വരവ് സമയത്ത് വില്ലേജ് ഓഫീസർ ഇത് അടയാളപ്പെടുത്തിയില്ലെന്നും വിജിലൻസ് കണ്ടെത്തി. 

Chinnakanal Resort controversy vigilance take statement from Mathew Kuzhalnadan nbu
Author
First Published Jan 20, 2024, 4:11 PM IST

ഇടുക്കി: മാത്യു കുഴല്‍നാ‍ടന്‍ എംഎല്‍എയുടെ ചിന്നക്കനാലിലെ ഭൂമിയില്‍ 50 സെന്‍റ് ആധാരത്തിലുള്ളതിനെക്കാല്‍ അധികമുണ്ടെന്ന് വിജിലൻസ് കണ്ടെത്തൽ. ഇത് തിരിച്ചുപിടിക്കാന്‍ ശുപാര്‍ശ ചെയ്യുമെന്നും വിജിലൻസ് അറിയിച്ചു. നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ മാത്യു കുഴല്‍നാടന്‍റെ മൊഴിയെടുത്ത ശേഷമായിരുന്നു വിജിലൻസ് കണ്ടെത്തല്‍. അധികഭൂമി കണ്ടെത്തിയാല്‍ തിരികെ നല്‍കുമെന്ന് കുഴല്‍നാടന്‍ പ്രതികരണം.

സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയുടെ പരാതിയില്‍ ഇന്ന് പന്ത്രണ്ട് മണിയോടെയാണ് മാത്യു കുഴല്‍നാടന്‍ തൊടുപുഴ വിജിലൻസ് ഓഫീസിലെത്തി മൊഴി നല്‍കിയത്. ഡിവൈഎസ്പി ഷാജു ജോസിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് മൊഴിയെടുത്തത്. ആധാരത്തിലുള്ളത് ഒരു ഏക്കര്‍ 23 സെന്‍റെ ഭൂമിയാണെന്നും അളന്നപ്പോള്‍ 50 സെന്‍റ് അധികം കണ്ടെത്തിയെന്നും വിജിലന്‍സ് അറിയിച്ചു. ഇത് തിരികെ പിടിക്കാന്‍ ശുപാര്‍ശ ചെയ്യും. റിസോര്‍ട്ടിരിക്കുന്ന മുഴുവന്‍ ഭൂമിയും 2008 മുതല്‍ മിച്ചഭൂമി കേസില്‍ ഉള്‍പ്പെട്ടതിനാല്‍ രജിസ്ട്രേഷന്‍ നടത്തരുതെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടതാണ്. അന്നത്തെ ഉടമ വിറ്റയാളില്‍ നിന്നാണ് മാത്യു കുഴല്‍നാ‍ടന്‍ ഭൂമി വാങ്ങിയത്. മിച്ചഭൂമിയെന്ന് കുഴല്‍നാടന് അറിവുണ്ടെന്നതിന് തെളിവില്ല. ക്രയവിക്രയം നിയമവിരുദ്ധമാണ്. പോക്കുവരവ് നടന്നപ്പോള്‍ റവന്യു ഉദ്യോഗസ്ഥര്‍ ജില്ലാ കളക്ടറുടെ  ഉത്തരവ് മറച്ചുവെച്ചു. എന്നാല്‍, ഈ ക്രമക്കേടുകള്‍ക്കെല്ലാം പിന്നില്‍ മാത്യുക്കുഴൽനാടൻ ആണെന്നതിന് തെളിവില്ല. 

രജിസ്ട്രേഷനില്‍ നികുതി വെട്ടിപ്പ് നടത്തിയെന്നും വിജിലന്‍സിന് തെളിയിക്കാനായില്ല. ഭൂമിയിലുള്ള കെട്ടിടത്തിന്‍റെ മൂല്യം നിശ്ചയിക്കുന്നതില്‍ കുഴല്‍നാടന് ക്രമക്കേട് നടത്തിയോ എന്ന് ഇനി അന്വേഷിക്കണം. പരാതിയില്‍ വിജിലന്‍സ് ഇനി അഞ്ച് റവന്യു ഉദ്യോഗസ്ഥരുടെ കൂടി മൊഴിയെടുക്കും. അതിനുശേഷം ആവശ്യമെങ്കില്‍ വീണ്ടും വിളിക്കാനാണ് തീരുമാനം. തുടര്‍ന്ന് നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണോയെന്ന് തീരുമാനിക്കുക.

Latest Videos
Follow Us:
Download App:
  • android
  • ios