തന്റെ ഫേസ്ബുക്ക് പോസ്റ്റ് ഏതെങ്കിലും ഒരു വ്യക്തിക്കെതിരെ അല്ലെന്നും വൻകിടക്കാരുടെ കയ്യേറ്റം ഒഴിപ്പിക്കണമെന്നാണ് താൻ ഉദ്ദേശിച്ചതെന്നും കെ കെ ശിവരാമന്‍ പറഞ്ഞു

തൊടുപുഴ: ഇടുക്കിയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഫേയ്സ്ബുക്ക് പോസ്റ്റില്‍ വിശദീകരണവുമായി സിപിഐ ഇടുക്കി മുന്‍ ജില്ല സെക്രട്ടറി കെ കെ ശിവരാമന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റ് ഏതെങ്കിലും ഒരു വ്യക്തിക്കെതിരെ അല്ലെന്നും വൻകിടക്കാരുടെ കയ്യേറ്റം ഒഴിപ്പിക്കണമെന്നാണ് താൻ ഉദ്ദേശിച്ചതെന്നും കെ കെ ശിവരാമന്‍ പറഞ്ഞു. ഇടുക്കിയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചതില്‍ എംഎം മണിയടക്കമുള്ള സിപിഎം നേതാക്കളുടെ വിമര്‍ശനത്തിന് മറുപടിയായാണ് കെ കെ ശിവരാമന്‍റെ ഫേയ്സ്ബുക്ക് പോസ്റ്റ് വിലയിരുത്തപ്പെട്ടത്. ഇടുക്കിയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ സിപിഎമ്മും സിപിഐയും തമ്മില്‍ ഭിന്നത നിലനില്‍ക്കുന്നുണ്ടെന്ന ആരോപണവും ഇതോടെ ഉയര്‍ന്നു. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ വിശദീകരണവുമായി കെ കെ ശിവരാമന്‍ രംഗത്തെത്തിയത്.

വന്‍കിടക്കാരെ ഒഴിപ്പിക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും അതുതന്നെയാണ് താന്‍ ഫേയ്സ്ബുക്ക് പോസ്റ്റില്‍ ഉദ്ദേശിച്ചതെന്നും അഞ്ചു സെന്‍റ് വരെയുള്ള സാധാരണക്കാരുടെ ഭൂമി പിടിച്ചെടുക്കില്ലെന്നും അങ്ങനെ സംഭവിച്ചാല്‍ അപ്പോള്‍ നോക്കാമെന്നും കെ കെ ശിവരാമന്‍ പറഞ്ഞു. ജില്ലയില്‍ ആയിരക്കണക്കിന് സര്‍ക്കാര്‍ ഭൂമി കൈയേറിയവരുണ്ട്. അവരുടെയെല്ലാം ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടിയുമായി മുന്നോട്ടുപോകണം. വന്‍കിടക്കാരുടെ കൈയിലുള്ള ഭൂമി ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് കൈമാറണം. അഞ്ചു സെന്റിൽ താഴെ ഭൂമി കൈയേറിയവരെ കുടിയിറക്കരുത് എന്നാണ് സർക്കാർ നയം.

പാവങ്ങളെ കുടിയിറക്കാൻ പാടില്ല. അങ്ങനെ സംഭവിച്ചാൽ അത് വൻകിടക്കാരെ സഹായിക്കാൻ ആണെന്ന ധാരണ ഉണ്ടാക്കുമെന്നും ശിവരാമൻ കൂട്ടിചേര്‍ത്തു. ജില്ലയിലെ കയ്യേറ്റ മാഫിയയെ തളയക്കണമെന്നും കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് പറയുമ്പോള്‍ ചിലര്‍ക്ക് സമനില തെറ്റുമെന്നുമായിരുന്നു കെ കെ ശിവരാമന്‍ ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ നടത്തിയ വിമര്‍ശനം. നിയമവിരുദ്ധമായി ദൗത്യസംഘം പെരുമാറിയാല്‍ അവരെ തുരത്തുമെന്നായിരുന്നു എംഎം മണിയുടെ പരാമര്‍ശം. 

മൂന്നാറിലെകയ്യേറ്റമൊഴിപ്പിക്കൽ;ഭൂമികയ്യേറിയവർ ഏത് വമ്പന്മാരായാലും അകത്തിടണമെന്ന് KK ശിവരാമൻ | Munnar