കല്യാണ പാർട്ടി റോഡ് ബ്ലോക്ക് ആക്കിയതിനെ തുടര്‍ന്ന് തൃശൂര്‍ ചെറുതുരുത്തിയിൽ സംഘര്‍ഷം. കല്യാണത്തിനെത്തിയവരുടെ വാഹനങ്ങള്‍ റോഡ് ബ്ലോക്ക് ആക്കിയത് യാത്രക്കാരായ പ്രദേശവാസികൾ ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ചേരിതിരിഞ്ഞ് കൂട്ടത്തല്ലാവുകയായിരുന്നു

തൃശൂര്‍: കല്യാണ പാർട്ടി റോഡ് ബ്ലോക്ക് ആക്കിയതിനെ തുടര്‍ന്ന് തൃശൂര്‍ ചെറുതുരുത്തിയിൽ സംഘര്‍ഷം. കല്യാണത്തിനെത്തിയവരുടെ വാഹനങ്ങള്‍ റോഡ് ബ്ലോക്ക് ആക്കിയത് യാത്രക്കാരായ പ്രദേശവാസികൾ ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ചേരിതിരിഞ്ഞ് കൂട്ടത്തല്ലാവുകയായിരുന്നു. ചെറുതുരുത്തി വെട്ടിക്കാട്ടിരി കെജെഎം ഓഡിറ്റോറിയത്തിൽ കല്യാണത്തിന് വന്നവരും നാട്ടുകാരും തമ്മിലാണ് സംഘർഷം ഉണ്ടായത്. പള്ളം സ്വദേശിയുടെയും ആറ്റൂർ സ്വദേശിനിയുടെയും കല്യാണ പാർട്ടി നടന്ന കെ.ജെ.എം ഓഡിറ്റോറിയത്തിന് മുന്നിലായിരുന്നു സംഘർഷം. കല്യാണത്തിന് വന്ന വാഹനങ്ങൾ റോഡ് ബ്ലോക്ക് ആക്കിയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. 

വെട്ടിക്കാട്ടിരി ആലിക്കപറമ്പിൽ ബഷീർ എന്നയാൾ ടിപ്പറിന്‍റെ ഹോൺ മുഴക്കിയതോടെ വാക്കേറ്റമായി. ബഷീറിനെ കല്യാണത്തിന് വന്ന ആളുകൾ ചേർന്ന് മർദ്ദിച്ചു. ബഷീറിനൊപ്പം ചേർന്ന നാട്ടുകാർ മർദ്ദിച്ചവരെ തടഞ്ഞതോടെ അടിയായി. തുടര്‍ന്ന് ഓ‍ഡിറ്റോറിയത്തിനുള്ളിൽ നിന്ന് പുറത്തേക്കും റോഡിൽ നിന്നവര്‍ അങ്ങോട്ടും കല്ലേറുണ്ടായി. കല്ലേറിൽ പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾക്ക് കേടു പറ്റി. ചെറുതുരുത്തി പൊലീസ് എത്തി ലാത്തിവീശി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായമാക്കുകയായിരുന്നു.