Asianet News MalayalamAsianet News Malayalam

Chancellor Issue : 'ഇടപെടലിലും ബാഹ്യ ഇടപെടലിലും' സംശയം; നേർക്കുനേർ ഭരണത്തലവന്മാർ, അസാധാരണ പോരിൽ ഇനിയെന്ത്?

മുഖ്യമന്ത്രി ഗവർണ്ണറെ സംശയത്തിന്‍റെ നിഴലിൽ കൂടി ആക്കുമ്പോൾ സമവായത്തിൻറെ സാധ്യത കാണുന്നില്ല. ആയുധങ്ങളെല്ലാം ആഞ്ഞുവീശി പോ‍ർവിളിക്കുമ്പോൾ ഇരുവരും ആവർത്തിക്കുന്ന ഏറ്റുമുട്ടാനില്ല പ്രയോഗം വെറും വാക്ക് മാത്രമായി മാറുകയാണ്

CM Pinarayi Vijayan and Governor Arif Mohammad Khan fight with Chancellor controversy
Author
Thiruvananthapuram, First Published Dec 12, 2021, 8:55 PM IST

തിരുവനന്തപുരം: ചാൻസലർ (Chancellor) സ്ഥാനത്ത് നിന്നൊഴിയാമെന്ന് കത്ത് നൽകി ഗവ‍ർണർ (Governor Arif Mohammad Khan) തുടങ്ങിവച്ച പരസ്യ പോരാട്ടത്തിന് മുഖ്യമന്ത്രി (CM Pinarayi Vijayan) പരസ്യമായി തന്നെ മറുപടിയുമായി രംഗത്തെത്തിയതോടെ ഭരണത്തലവൻമാർ നേർക്കുനേർ എത്തിയ സാഹചര്യമാണുള്ളത്. ഗവ‍ർണർ എടുത്ത തീരുമാനങ്ങൾ തള്ളിപ്പറയുന്നതിൽ ബാഹ്യഇടപെടൽ ഉണ്ടെന്ന ഗുരുതര ആക്ഷേപം ഉന്നയിച്ച് മുഖ്യമന്ത്രി ഉച്ചയ്ക്ക് ശേഷം രംഗത്തെത്തിയതോടെയാണ് പോര് അസാധാരണ നിലയിലേക്ക് കടന്നത്. ബാഹ്യഇടപെടൽ സംശയത്തിലൂടെ മുഖ്യമന്ത്രി പിണറായി ചോദ്യം ചെയ്യുന്നത് ഗവർണ്ണറുടെ വിശ്വാസ്യത തന്നെയാണ്. ബാഹ്യ ഇടപെടൽ ആരോപണം മറുപടി പറയാതെ തള്ളിയ ഗവർണ്ണർ ആരിഫ് ഖാൻ സർക്കാറിനെതിരായ വിമർശനങ്ങളുടെ മൂർച്ച കൂട്ടി പിന്നാലെ രംഗത്തെത്തി. സർക്കാരിന്‍റെ തലവനും ഭരണത്തലവനും തമ്മിൽ പരസ്യമായി ഏറ്റുമുട്ടുന്ന അസാധാരണ സാഹചര്യത്തിന് എങ്ങനെ അവസാനമാകും എന്ന ചോദ്യമാണ് ഇപ്പോൾ പൊതുസമൂഹത്തിലുയരുന്നത്.

വിമർശനങ്ങൾക്ക് പിന്നിൽ ബാഹ്യ ഇടപെടൽ എന്ന മുഖ്യമന്ത്രിയുടെ ആക്ഷേപം ഗവർണ്ണറുടെ അടിക്കുള്ള കനത്ത തിരിച്ചടിയായി. ഗവർണ്ണറുടെ കത്ത് പുറത്തുവന്നത് മുതൽ പിന്നിൽ കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ ഇടപെടലെന്നായിരുന്നു സൈബറിടത്തേയും പുറത്തേയും സിപിഎം കേന്ദ്രങ്ങളുടെ പ്രചാരണം. രാഷ്ട്രീയ ആക്ഷേപം ഏറ്റെടുത്ത് രാജ്ഭവനെ സംശയിക്കുന്ന മുഖ്യമന്ത്രി നൽകുന്നത് ഒട്ടും പിന്നോട്ടില്ലെന്ന സന്ദേശമാണ്. പിണറായി എണ്ണിയെണ്ണി മറുപടി പറഞ്ഞപ്പോൾ ഉന്നയിച്ച വിമർശനങ്ങൾ ഒന്നുകൂടി കടുപ്പിച്ച് തിരിച്ചടിക്കുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

ഒപ്പിട്ടിറക്കിയത് തള്ളിപ്പറയുന്നോ? ബാഹ്യ ഇടപെടൽ സംശയിച്ച് മുഖ്യമന്ത്രി; ഗവ‍ർണർക്ക് പരസ്യ മറുപടി

ആരോപണം കടുപ്പിച്ച് വീണ്ടും ഗവ‍ർണർ

സ‍ർക്കാരുമായി ഏറ്റുമുട്ടലിനും മത്സരത്തിനുമില്ലെന്ന് വീണ്ടും പറഞ്ഞ ഗവ‍ർണർ പക്ഷേ ആരോപണങ്ങള്‍ ശക്തമാക്കി രാത്രിയോടെ മാധ്യമങ്ങളെ കണ്ടു. ഭിന്നത ഉണ്ടാകരുത് എന്ന് ഉള്ളത് കൊണ്ടാണ് ചാൻസിലർ പദവി വേണ്ട എന്ന് പറഞ്ഞത്. മാധ്യമങ്ങളിലൂടെ സർക്കാരുമായി സംസാരിക്കാൻ ഒന്നുമില്ല. ആരാണ് എജിയുടെ അഭിപ്രായം ചോദിച്ചതെന്ന് ചോദിച്ച ഗവ‍ർണർ താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും വ്യക്തമാക്കി. കാലടിയിലെ വിവാദങ്ങളിൽ ഒന്നും പറയാനില്ലെന്ന് അദ്ദേഹം പറഞ്ഞെങ്കിലും ഒറ്റ പേര് മതി എന്ന് പറഞ്ഞിട്ടില്ലെന്ന് വിവരിച്ചു. അങ്ങനെ പറഞ്ഞു എന്ന് മുഖ്യമന്ത്രി എങ്ങനെ അറിഞ്ഞെന്ന ചോദ്യവും ഗവർണർ ഉന്നയിച്ചു. സമ്മർദം ഉള്ളത് കൊണ്ടാണ് കണ്ണൂർ വി സി നിയമനത്തിൽ ഒപ്പിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണൂർ വി സിയുടെ നിയമനത്തെ അനുകൂലിച്ചിരുന്നില്ല, ഭിന്നത ഒഴിവാക്കാൻ ഒപ്പിട്ടതാണ്. കണ്ണൂരിൽ എങ്ങനെ എ ജി യുടെ നിയമോപദേശം ഉണ്ടായി. എന്നെ സമ്മർദ്ദത്തിലാക്കാൻ ആയിരുന്നു ശ്രമം. അത്തരം സമ്മർദ്ദത്തിന് ഇനി നിന്ന് കൊടുക്കാൻ ആകില്ലെന്നും അദ്ദേഹം വിവരിച്ചു. സർവകലാശാലകളിൽ രാഷ്ട്രീയ നിയമനങ്ങൾ നടക്കുന്നു. ചാൻസിലർ നിയമനങ്ങൾ അറിയുന്നത് പത്രങ്ങളിലൂടെയാണ്. സർവകലാശാലകളിൽ ഒരു രാഷ്ട്രീയ ഇടപെടലും ഉണ്ടാകില്ല എന്ന് സർക്കാർ ഉറപ്പ് നൽകിയാൽ തിരുമാനം പുനഃപരിശോധിച്ചേക്കാം എന്നാണ് നിലപാട്. ചാൻസിലർ സ്ഥാനം വേണ്ടന്ന് വക്കാനുള്ള തീരുമാനം നിലവിൽ പുനഃപരിശോധിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വിവരിച്ചു.

ഒറ്റപേര് മതിയെന്ന് പറഞ്ഞിട്ടില്ല, എജിയോട് നിയമോപദേശം തേടിയത് ഞാനല്ല; മുഖ്യമന്ത്രിക്ക് ഗവർണറുടെ മറുപടി

ഇനിയെന്ത്? 

പൗരത്വ പ്രതിഷേധ കാലത്തെ റസിഡൻറ് ആക്ഷേപം വ്യക്തിപരമല്ലെന്ന് പറയുന്ന മുഖ്യമന്ത്രി വിമർശനം ഭയന്ന് ചെയ്യേണ്ട ജോലി ചെയ്യാതെ ഉത്തരവാദിത്തം സർക്കാരിന്‍റെ തലയിൽ ഇടരുതെന്ന് കൂടി ഗവർണ്ണറെ ഓ‌ർമ്മിപ്പിക്കുന്നു. പൗരത്വ വിവാദകാലത്തെക്കാൾ രൂക്ഷമാണ് നിലവിലെ ഗവർണ്ണർ-മുഖ്യമന്ത്രി പോര്. ഉന്നയിച്ച വിമർശനത്തിലെ തിരുത്തലും രാഷ്ട്രീയ ഇടപടെൽ ഉണ്ടാകില്ലെന്ന വ്യക്തമായ ഉറപ്പുമില്ലാതെ ചാൻസല‍ർ കസേരയിലേക്കില്ലെന്ന് രണ്ടാം ദിനവും ഗവർണ്ണർ ആവർത്തിച്ചു. എന്നാൽ വിസിമാരെ പുകഴ്ത്തി എടുത്ത തീരുമാനങ്ങളിൽ തെറ്റില്ലെന്ന് ഉറപ്പിക്കുന്ന മുഖ്യമന്ത്രി ഗവർണ്ണറെ സംശയത്തിന്‍റെ നിഴലിൽ കൂടി ആക്കുമ്പോൾ സമവായത്തിൻറെ സാധ്യത കാണുന്നില്ല. ആയുധങ്ങളെല്ലാം ആഞ്ഞുവീശി പോ‍ർവിളിക്കുമ്പോൾ ഇരുവരും ആവർത്തിക്കുന്ന ഏറ്റുമുട്ടാനില്ല പ്രയോഗം വെറും വാക്ക് മാത്രമായി മാറുകയാണ്.

Follow Us:
Download App:
  • android
  • ios