തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്ക് എതിരായ പരാമർശമടങ്ങുന്ന നയപ്രഖ്യാപന പ്രസംഗം പൂർണമായി വായിക്കണമെന്നാവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ കത്ത് ഏഷ്യാനെറ്റ് ന്യൂസിന്. ഭരണഘടനാപരമായ ബാധ്യത ഓർമിപ്പിച്ചുകൊണ്ട് ഇന്ന് രാവിലെയാണ് മുഖ്യമന്ത്രി ഗവർണർക്ക് കത്ത് നൽകിയത്. പൗരത്വ നിയമഭേദഗതിയ്ക്ക് എതിരായ പരാമർശം വായിക്കാതെ വിടരുത്, കൂട്ടിച്ചേർക്കലുകളോ, ഒഴിവാക്കലുകളോ നടത്തരുത്, ഇത് മന്ത്രിസഭ അംഗീകരിച്ച പ്രസംഗമാണ്. ഇത് മുഴുവൻ വായിക്കാൻ ഭരണഘടനയുടെ 176-ാം വകുപ്പ് പ്രകാരം താങ്കൾക്ക് ഭരണഘടനാപരമായ ബാധ്യതയുണ്ട് - കത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു. 

ബഹുമാനപ്പെട്ട ഗവർണർ,

എന്തുകൊണ്ടാണ് പൗരത്വ നിയമഭേദഗതിക്ക് എതിരായ പരാമർശം നയപ്രഖ്യാപന പ്രസംഗത്തിൽ ഉൾപ്പെടുത്തിയത് എന്നതിൽ വിശദീകരണം തേടിക്കൊണ്ടുള്ള താങ്കളുടെ കത്ത് അർദ്ധരാത്രിയോടെ കിട്ടി. വിശദമായി, സൂക്ഷ്മമായിത്തന്നെ അത് ഞാൻ വായിച്ചു. ബഹുമാനപ്പെട്ട ഗവർണർ ചൂണ്ടിക്കാട്ടിയ വിഷയങ്ങളിൽ പലതിനും കൃത്യമായ വിശദീകരണം ഞങ്ങൾ നൽകിയതാണ്. ഈ ചെറുമറുപടി ഇപ്പോൾ നൽകുന്നത്, താങ്കൾ നടത്താനിരിക്കുന്ന നയപ്രഖ്യാപനപ്രസംഗത്തിന്‍റെ അടിസ്ഥാനത്തിലാണ്. 

പൗരത്വ നിയമഭേദഗതിയെക്കുറിച്ചുള്ള സംസ്ഥാനസർക്കാരിന്‍റെ ആശങ്ക തീർച്ചയായും ഗവർണർ അവതരിപ്പിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിലും ഇടംപിടിക്കേണ്ടതാണ്. ഭരണഘടനയുടെ 176-ാം വകുപ്പ് പ്രകാരം, മന്ത്രിസഭയുടെ നിർദേശങ്ങളും ഉപദേശങ്ങളും പ്രകാരമാണ് നയപ്രഖ്യാപനപ്രസംഗം തയ്യാറാക്കുന്നത്. മന്ത്രിസഭ ഏകകണ്ഠമായി അംഗീകരിച്ച നയപ്രഖ്യാപനം പൂർണമായിത്തന്നെ താങ്കൾ വായിക്കണം എന്നാണ് എന്‍റെ അഭ്യർത്ഥന. അതിൽ കൂട്ടിച്ചേർക്കലുകളോ, ഒഴിവാക്കലുകളോ അരുതെന്നും ഞാൻ അഭ്യർത്ഥിക്കുന്നു. 

എന്ന്, 
പിണറായി വിജയൻ,
മുഖ്യമന്ത്രി.

Read more at: ഗവർണറുടെ വിയോജിപ്പ് ഇനി എന്ത് ചെയ്യും? 18-ാം ഖണ്ഡിക വായിച്ചപ്പോൾ അമ്പരന്നത് പ്രതിപക്ഷം

വിയോജിപ്പുകളുണ്ടെങ്കിലും പൗരത്വ നിയമഭേദഗതിക്ക് എതിരായ പരാമർശമുള്ള 18-ാം ഖണ്ഡിക മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം, ബഹുമാനാർത്ഥം വായിക്കുന്നു എന്നാണ് ഗവർണർ നയപ്രഖ്യാപനപ്രസംഗത്തിൽ വ്യക്തമാക്കിയത്. 

ഗവർണറുടെ പ്രസംഗം കാണാം:

Read more at: രാവിലെയും ചർച്ചകൾ, ഒടുവിൽ സർക്കാരിന് വഴങ്ങി സിഎഎ വിരുദ്ധ പരാമർശം വായിച്ച് ഗവർണർ