Asianet News MalayalamAsianet News Malayalam

യൂറോപ്പ് യാത്ര പ്രതീക്ഷിച്ചതിലും വലിയ വിജയമെന്ന് മുഖ്യമന്ത്രി: വിദേശത്ത് 3000 തൊഴിൽ അവസരങ്ങൾ അടുത്തമാസം തന്നെ

സംസ്ഥാനത്തിൻ്റെ മുന്നോട്ടുള്ള വികസനം മുൻനിര്‍ത്തിയാണ് ഇങ്ങനെയൊരു യാത്ര പദ്ധതിയിട്ടത്. അഭിമാനത്തോടെ പറയട്ടെ ലക്ഷ്യമിട്ടതിലും കൂടുതൽ ഗുണഫലങ്ങൾ ഈ യാത്ര കൊണ്ട് സംസ്ഥാനത്തിനുണ്ടായി

CM Press Meet After his Europe Visit
Author
First Published Oct 18, 2022, 6:21 PM IST

തിരുവനന്തപുരം: സര്‍ക്കാര്‍ സംഘം നടത്തിയ വിദേശ പര്യടനം പ്രതീക്ഷിച്ചതിലും വലിയ വിജയമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലക്ഷ്യമിട്ടതിലും വളരെയേറെ കാര്യങ്ങൾ വിദേശയാത്രയിലൂടെ സാധ്യമായി. പുതിയ പല കാര്യങ്ങളും പഠിക്കാനും കേരളത്തിൽ നിന്നും ആരോഗ്യമേഖലയിൽ നിന്നും മറ്റുമായി കൂടുതൽ പേര്‍ക്ക് യൂറോപ്പിൽ തൊഴിലവസരങ്ങൾ ഒരുക്കാനും വലിയ നിക്ഷേപങ്ങൾ ഉറപ്പാക്കാനും യൂറോപ്പ് യാത്രയിലൂടെ സാധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. പതിവിന് വിപരീതമായി ചീഫ് സെക്രട്ടറി വിപി ജോയിയോടൊപ്പമാണ് മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണാനെത്തിയത്.

മുഖ്യമന്ത്രിയുടെ വാക്കുകൾ - 

ഒക്ടോബര്‍ ആദ്യത്തെ രണ്ടാഴ്ച കേരളത്തിന്‍റെ ഔദ്യോഗികസംഘം യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. യാത്രയുടെ ഉദേശലക്ഷ്യമടക്കമുള്ള വിശദാംശങ്ങള്‍ സെപ്തംബര്‍ 21ന് വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചത് ഓര്‍ക്കുന്നുണ്ടാകുമല്ലോ. ഒക്ടോബര്‍ ഒന്നിന് പുറപ്പെടണം എന്നാണ് നിശ്ചയിച്ചിരുന്നത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ   സമുന്നത നേതാവും മുന്‍മന്ത്രിയും ഞങ്ങളുടെയെല്ലാം പ്രിയങ്കരനുമായ സഖാവ് കോടിയേരി ബാലകൃഷ്ണന്‍റെ വിയോഗംമൂലം  നിശ്ചിത ദിവസം യാത്ര ആരംഭിച്ചിരുന്നില്ല. 

സംസ്ഥാനത്തിന്‍റെ മുന്നോട്ടു പോക്കിന് അനിവാര്യമായ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇത്തരം ഒരു യാത്ര പ്ലാന്‍ ചെയ്തത്. അത് പൂർണമായും തന്നെ പൂര്‍ത്തിയാക്കാനായിട്ടുണ്ട്. അഭിമാനത്തോടെ പറയട്ടെ, ലക്ഷ്യമിട്ടതിനേക്കാള്‍ കൂടുതല്‍ ഗുണഫലങ്ങള്‍  ഈ യാത്ര കൊണ്ട് സംസ്ഥാനത്തിന്  സ്വായത്തമായിട്ടുണ്ട്. 

പഠനഗവേഷണ മേഖലകളിലെ  സഹകരണം, കേരളീയര്‍ക്ക് പുതിയ തൊഴില്‍ സാധ്യതകള്‍ കണ്ടെത്തല്‍, പ്രവാസി ക്ഷേമത്തിനായുള്ള ഇടപെടലുകള്‍,  മലയാളി സമൂഹവുമായുള്ള ആശയ വിനിമയം, സംസ്ഥാനത്തേക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കല്‍  എന്നിവയാണ്  സന്ദര്‍ശനത്തിന്‍റെ പ്രധാന ലക്ഷ്യങ്ങളായി കണ്ടിരുന്നത്. ഇവയിലെല്ലാം പ്രതീക്ഷയില്‍ കവിഞ്ഞ നേട്ടങ്ങളാണ് ഉണ്ടാക്കാനായത്. നാളെയുടെ പദാര്‍ത്ഥം എന്ന് ശാസ്ത്ര ലോകം വിശേഷിപ്പിക്കുന്ന ഗ്രഫീന്‍ അടിസ്ഥാനമാക്കിയുള്ള പദ്ധതികള്‍ കേരളത്തില്‍ യാഥാര്‍ഥ്യമാക്കുന്നതടക്കമുള്ള മൂല്യവത്തായ തീരുമാനങ്ങളാണ് ഈ സന്ദര്‍ശനത്തിന്‍റെ ഭാഗമായി 
ഉണ്ടായത്. 

ഫിന്‍ലന്‍ഡ്, നോര്‍വ്വേ, യു കെ  എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്. യു കെയുടെ തന്നെ ഭാഗമായ വെയില്‍സിലും കൂടിക്കാഴ്ചകള്‍ നടത്തി. മന്ത്രിമാരായ പി രാജീവ്, വി ശിവന്‍കുട്ടി, വീണ ജോര്‍ജ് എന്നിവരും ചീഫ് സെക്രട്ടറി വി പി ജോയ് അടക്കമുള്ള ഉദ്യോഗസ്ഥ പ്രമുഖരും പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫസ്സര്‍ വികെ രാമചന്ദ്രനും സംഘത്തില്‍ ഉണ്ടായിരുന്നു. 
  
ഞങ്ങള്‍ പങ്കെടുത്ത ഒരു പ്രധാന പരിപാടി ലോക കേരള സഭയുടെ മേഖലാ സമ്മേളനമാണ്.  ഒക്ടോബര്‍ 9ന് ലോക കേരള സഭയുടെ യൂറോപ്പ് ആന്‍ഡ്  യുകെ മേഖല സമ്മേളനവും യുകെയിലെ  څമലയാളി പ്രവാസി സമ്മേളനവുംچ  ലണ്ടനില്‍  നടക്കുകയുണ്ടായി.     

സമ്മേളനത്തില്‍ 10 യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രാതിനിധ്യം ഉണ്ടായിരുന്നു.   ഉന്നത വിദ്യാഭ്യാസത്തിന്‍റെ ഹബ്ബായി കേരളത്തെ മാറ്റുക, വ്യവസായ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക  എന്നീ 
ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍   പ്രവാസി സമൂഹത്തിന്‍റെ പിന്തുണ ആ സമ്മേളനത്തില്‍ അഭ്യര്‍ത്ഥിച്ചു.

വിദേശത്തുള്ള പ്രൊഫഷണലുകളുടെ കഴിവും നൈപുണ്യവും വിനിയോഗിക്കുന്നതിനുള്ള സാധ്യതകള്‍,  വിദ്യാര്‍ഥി കുടിയേറ്റം,  യൂറോപ്പിലേക്കുള്ള അനധികൃത റിക്രൂട്ട്മെന്‍റ്,  പ്രവാസി സംഘടനകളുടെയും ലോക കേരള സഭയുടെയും പ്രവര്‍ത്തന ഏകോപനം, സ്ഥിര കുടിയേറ്റം നടത്തിയവര്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ നാട്ടില്‍ ലഭ്യമാക്കുന്നതിനുള്ള  മാര്‍ഗ്ഗങ്ങള്‍,  സ്കില്‍ മാപ്പിംഗ് ഉള്‍പ്പെടെ സാധ്യമാക്കുന്ന രീതിയില്‍ ഗ്ലോബല്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം വികസിപ്പിക്കുക തുടങ്ങി നിരവധി വിഷയങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്തു. ഈ നിര്‍ദ്ദേശങ്ങള്‍ ലോക കേരള സഭാ സെക്രട്ടറിയേറ്റ്  പരിശോധിച്ച്  സര്‍ക്കാരിനു കൈമാറും.

സമ്മേളനത്തില്‍ വച്ച് കേരളത്തില്‍ നിന്നുളള ആരോഗ്യപ്രവര്‍ത്തകര്‍ക്കും സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്കും   യു.കെ യിലേയ്ക്ക് തൊഴില്‍ കുടിയേറ്റം സാധ്യമാക്കുന്നതിനുള്ള അര്‍ത്ഥവത്തായ ഇടപെടല്‍ സാധ്യമായി. ഇതിനു വേണ്ടി,  യു.കെ.യിലെ ദേശീയ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്ന ഇന്‍റഗ്രേറ്റഡ് കെയര്‍ പാര്‍ട്ണര്‍ഷിപ്പുകളില്‍ ഒന്നായ څഹംബര്‍ ആന്‍ഡ് നോര്‍ത്ത് യോക്ക് ഷെയര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ പാര്‍ട്ടണര്‍ഷിപ്പ്چ, നോര്‍ത്ത് ഈസ്റ്റ് ലിങ്കണ്‍ ഷെയറിലെ ഹെല്‍ത്ത് സര്‍വീസിന്‍റെ മാനസിക ആരോഗ്യ സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന څനാവിഗോچ എന്നിവരുമായി നോര്‍ക്ക റൂട്ട്സ് ധാരണാപത്രം ഒപ്പുവച്ചു. 2022 ജൂലൈ 1 ന് യു.കെയില്‍ നിയമംമൂലം നിലവില്‍ വന്ന സ്റ്റാറ്റ്യൂട്ടറി സംവിധാനമാണ് ഹെല്‍ത്ത് ആന്‍ഡ് കെയര്‍ പാര്‍ട്ണര്‍ഷിപ്പുകള്‍. ഈ ധാരണാപത്രത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചിരുന്നു. അവരുടെ ഭേദഗതികള്‍ കൂടി ഉള്‍ക്കൊള്ളിച്ച ധാരണാപത്രമാണ് ഒപ്പുവച്ച് ചടങ്ങില്‍ കൈമാറിയത്.

ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നീ ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്ക്  സുഗമവും സുരക്ഷിതവുമായ കുടിയേറ്റം സാധ്യമാക്കുകയാണ് ലക്ഷ്യം. നവംബറില്‍ ഒരാഴ്ചയോളം നീളുന്ന യു.കെ എംപ്ലോയ്മെന്‍റ് ഫെസ്റ്റ് സംഘടിപ്പിക്കാന്‍  ഉദ്ദേശിക്കുന്നു. ആദ്യഘട്ടത്തില്‍ ആരോഗ്യമേഖലയിലെ വിവിധ പ്രൊഫഷണലുകള്‍ക്കായി 3000 ലധികം ഒഴിവുകളിലേക്ക്  ഇതുവഴി തൊഴില്‍ സാധ്യത തെളിയും. അടുത്ത മൂന്ന് വര്‍ഷത്തേക്ക് യുകെയില്‍  42,000 നഴ്സുമാരെ ആവശ്യം വരുമെന്നാണ് നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ഉദ്യോഗസ്ഥര്‍  പറഞ്ഞത്.
അതില്‍ മുപ്പതു ശതമാനവും  മാനസിക പരിചരണ രംഗത്താണ്. കിഴക്കന്‍  യൂറോപ്യന്‍ രാജ്യങ്ങളില്‍ 
നിന്നുള്ളവരായിരുന്നു ഇത്തരം ജോലികളിലേക്ക് നേരത്തെ എത്തിയിരുന്നത്.   ബ്രെക്സിറ്റ് വന്നതോടെ  ആ സാധ്യത അടഞ്ഞു.  അതുകൊണ്ടാണ്  നമ്മുടെ നഴ്സുമാരുള്‍പ്പെടേയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പുതിയ അവസരം ലഭ്യമാകുന്നത്.  ഈ സാധ്യത പ്രയോജനപ്പെടുത്താന്‍ ആവശ്യമായ ഇടപെടല്‍ നടത്തും.

ഒപ്പുവച്ച കരാര്‍ പ്രകാരം  നഴ്സിങ്ങ് പ്രൊഫഷണലുകള്‍ക്ക് മാത്രമല്ല ആരോഗ്യ, ഇതര മേഖലയിലെ മറ്റ് പ്രൊഫഷണലുകള്‍ക്കും ഇതര രംഗത്തുള്ളവര്‍ക്കും യു.കെ കുടിയേറ്റം സാധ്യമാകുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.  ഇന്‍റര്‍വ്യൂവില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നവര്‍ക്ക് ഭാഷാപരിചയം വ്യക്തമാക്കുന്ന ഓ ഇ ടി /ഐ ഇ എല്‍ ടി എസ്    എന്നിവ ഇല്ലാതെതന്നെ ഉപാധികളോടെ, ഓഫര്‍ ലെറ്റര്‍ ലഭിക്കുന്നതിനും നോര്‍ക്ക റൂട്ട്സ് വഴി അവസരമൊരുങ്ങും. ഓഫര്‍ ലെറ്റര്‍ ലഭിച്ചശേഷം പ്രസ്തുത യോഗ്യത നേടിയാല്‍ മതിയാകും.
 
ആരോഗ്യവിദ്യാഭ്യാസ മേഖലയില്‍ കേരളം കൈവരിച്ച പുരോഗതിയുടെ തെളിവാണ് കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആഗോള തൊഴില്‍ മേഖലയില്‍ ലഭിക്കുന്ന അവസരങ്ങളും ആദരവും. ഇനിയും അന്താരാഷ്ട്ര തലത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള തൊഴില്‍ സാധ്യതകള്‍  പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തിയിട്ടില്ല. കോവിഡാനന്തരം ആ ഡിമാന്‍റ് വര്‍ദ്ധിച്ചിരിക്കുകയാണ്. ഈ തൊഴിലവസരങ്ങള്‍ പരമാവധി ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 

വിദേശത്തേയ്ക്കുളള അനധികൃത റിക്രൂട്ട്മെന്‍റുകള്‍, വീസ തട്ടിപ്പുകള്‍, മനുഷ്യക്കടത്ത് എന്നിവ സമീപകാലത്ത് നാം നേരിടുന്ന ഗുരുതരമായ പ്രശ്നമാണ്. ഇത് തടയാന്‍ 'ഓപ്പറേഷന്‍ ശുഭയാത്ര' എന്ന പ്രത്യേക പരിപാടി തന്നെ സംസ്ഥാനം ആരംഭിച്ചിട്ടുണ്ട്.  കൃത്യവും പഴുതുകളില്ലാത്തതുമായ റിക്രൂട്ട്മെന്‍റ് സാധ്യമാവുക എന്ന നമ്മുടെ ആവശ്യം സാധ്യമാകുന്നതിനുള്ള ഒരു ചവിട്ടുപടിയാണ്  യുകെ സന്ദര്‍ശനത്തിലെ നേട്ടങ്ങള്‍.

ലണ്ടനില്‍ വെച്ച് ലോര്‍ഡ് മേയര്‍ ഓഫ് ലണ്ടനുമായി കൂട്ടിക്കാഴ്ച നടത്തി. ഫിന്‍ടെക്ക് സ്റ്റാര്‍ട്ട് അപ്പ് എക്കോ സിസ്റ്റവുമായി സഹകരണം സാധ്യമാക്കുന്നതിനെക്കുറിച്ചും കേരളത്തിലെ ഗിഫ്റ്റ് സിറ്റിയിലേക്കുള്ള നിക്ഷേപ സാധ്യതകളെ കുറിച്ചും ചര്‍ച്ച നടത്തി.

വെയില്‍സ് 

വെയില്‍സില്‍  കേരള പ്രതിനിധി സംഘം   ഫസ്റ്റ് 
മിനിസ്റ്റര്‍ മാര്‍ക് ഡ്രെയ്ക്ഫോഡിനെ സന്ദര്‍ശിച്ചിരുന്നു.   കൊച്ചിയില്‍ ആരംഭിക്കുന്ന ഗിഫ്റ്റ് സിറ്റിയില്‍ നിക്ഷേപം നടത്തുന്നതിന് കമ്പനികളുമായി ചര്‍ച്ച നടത്താന്‍ മുന്‍കൈ എടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.  ആരോഗ്യ മന്ത്രി എലുന്‍റ് മോര്‍ഗനുമായി ആരോഗ്യ രംഗത്തെക്കുറിച്ച് ചര്‍ച്ച നടത്തി. കേരളത്തില്‍നിന്ന് ആരോഗ്യമേഖലയിലെ പ്രൊഫഷണലുകളെ വെയില്‍സിലേക്ക് കൊണ്ടുവന്ന് അവരുടെ സേവനം ഉപയോഗപ്പെടുത്തുന്നതിനായി സര്‍ക്കാരുമായി നേരിട്ട് ധാരണാപത്രം ഒപ്പുവെക്കാന്‍ തീരുമാനിച്ചു. അടുത്തവര്‍ഷം ഈ സമയത്തോടുകൂടി ആ ധാരണാപത്രത്തിന്‍റെ  അടിസ്ഥാനത്തില്‍ ആദ്യത്തെ ബാച്ച് വെയില്‍സിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യമന്ത്രി പറഞ്ഞു. 

കാര്‍ഡിഫ് യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് ആര്‍ക്കിടെക്ചറിലെ വിദ്യാര്‍ത്ഥികളും ഫാക്കല്‍റ്റികളുമായി കേരള സംഘം ആശയവിനിമയം നടത്തി. കൊച്ചിയുടെ നഗരവല്‍ക്കരണം നേരിടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് ആധികാരികമായ പഠനം സ്കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ നടത്തിയിട്ടുണ്ട്. അതിനെ ആധാരമാക്കിയ  കണ്ടെത്തലുകള്‍ അവര്‍ പ്രതിനിധി സംഘത്തിനു മുമ്പില്‍ അവതരിപ്പിച്ചു. 

കൊച്ചി നേരിടുന്ന  ശബ്ദമലിനീകരണം, ജലമലിനീകരണം, ഗതാഗത പ്രശ്നങ്ങള്‍, ജൈവ വൈവിധ്യം നിലനിര്‍ത്തേണ്ടതിന്‍റെ ആവശ്യകത എന്നിവയെല്ലാം പഠനത്തില്‍  വിശദമായി പ്രതിപാദിക്കുന്നുണ്ട്. 

ഇത്  സംബന്ധിച്ച തുടര്‍ ചര്‍ച്ചകള്‍ ജനുവരിയില്‍ കേരളത്തില്‍ നടത്തും. കേരളത്തിലെ പ്ലാനിങ് വിഭാഗവും കാര്‍ഡിഫ് സര്‍വ്വകലാശാലയിലെ  ബന്ധപ്പെട്ട വകുപ്പുകളും  സംയുക്തമായി ഈ ദൗത്യം ഏറ്റെടുക്കുന്നതിന്  യൂണിവേഴ്സിറ്റി താല്‍പര്യം പ്രകടിപ്പിച്ചു.  

ലണ്ടനില്‍ ഹിന്ദുജ ഗ്രൂപ്പ് കോ ചെയര്‍മാന്‍ ഗോപി ചന്ദ് ഹിന്ദൂജയുമായി സര്‍ക്കാര്‍ പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലും  ഇലക്ട്രിക് ബസ്സ് നിര്‍മ്മാണം, സൈബര്‍ രംഗം, ഫിനാന്‍സ് എന്നീ മേഖലകളിലും ഹിന്ദുജ ഗ്രൂപ്പ് കേരളത്തില്‍ നിക്ഷേപം നടത്തുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.  ഇതിന്‍റെ  പ്രാഥമിക ചര്‍ച്ചകള്‍ക്കായി മൂന്നംഗ ടീമിനെ ഹിന്ദുജ ചുമതലപ്പെടുത്തി. ഗോപിചന്ദ് ഹിന്ദൂജ തന്നെ ഡിസംബര്‍ അവസാനം കേരളം സന്ദര്‍ശിക്കും. 

ഹിന്ദൂജ ഗ്രൂപ്പിന്‍റെ അശോക് ലൈലന്‍റ് ഇലക്ട്രിക് വാഹന നിര്‍മ്മാണത്തില്‍ കൂടുതല്‍ ഊന്നുന്ന സമയമാണിത്. കേരളത്തില്‍ ഒരു അനുബന്ധ ഫാക്ടറി തുടങ്ങണമെന്ന അഭ്യര്‍ത്ഥന മാനിച്ചാണ് പ്രത്യേക സംഘത്തെ അയക്കാന്‍ നിശ്ചയിച്ചത്. അനുയോജ്യമായ സ്ഥലം ഉള്‍പ്പെടെ ഈ  സന്ദര്‍ശനത്തില്‍ നിര്‍ദേശിക്കാനാവുമെന്നാണ് കരുതുന്നത്. 

സൈബര്‍ ക്രൈം  നേരിടുന്നതിനുള്ള ആധുനിക സംവിധാനങ്ങള്‍ ഹിന്ദൂജ ഗ്രൂപ്പ് വികസിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ ഐ ടി മാനവവിഭവശേഷി വിനിയോഗിക്കാന്‍ കഴിയുംവിധം  ആധുനിക സൗകര്യങ്ങളുള്ള ഒരു ക്യാമ്പസ് ആരംഭിക്കുന്ന കാര്യവും പരിഗണിക്കുമെന്ന് കൂടിക്കാഴ്ചയില്‍ ധാരണയായിട്ടുണ്ട്. 

നോര്‍വ്വേ  

ഫിഷറീസ് രംഗത്തെ വന്‍ ശക്തികളിലൊന്നായ നോര്‍വ്വെയുമായി സഹകരണം ശക്തമാക്കാന്‍ നടത്തിയ ചര്‍ച്ചകള്‍  കേരളത്തിന്‍റെ മത്സ്യമേഖലയ്ക്ക് കുതിപ്പ് നല്‍കുന്നതാണ്.  നോര്‍വെയുടെ മാരിടൈം തലസ്ഥാനമായ ബെര്‍ഗന്‍ നഗരത്തില്‍  നടന്ന ബിസിനസ് മീറ്റില്‍ മാരിടൈം വ്യവസായ രംഗത്തെ  പുതിയ അനേകം   സാധ്യതകളാണ് ഉരുത്തിരിഞ്ഞത്. 

കേരളത്തില്‍ മാരിടൈം ക്ലസ്റ്റര്‍ രൂപപ്പെടുത്തുന്നതിനും ഫിഷറീസ്, അക്വാ കള്‍ച്ചര്‍ രംഗത്ത് പുതിയ പദ്ധതികള്‍ നടപ്പിലാക്കാനും നോര്‍വേയുടെ സഹായവാഗ്ദാനം  ലഭിച്ചു.   നോര്‍വേ ഫിഷറീസ് ആന്‍റ് ഓഷ്യന്‍ പോളിസി മന്ത്രി ജോര്‍ണര്‍ സെല്‍നെസ്സ് സ്കെജറന്‍  ഇത് സംബന്ധിച്ച് വ്യക്തമായ ഉറപ്പുകള്‍ നല്‍കി. 

1953ല്‍  നീണ്ടകരയില്‍ ആരംഭിച്ച നോര്‍വീജിയന്‍ പദ്ധതി കേരളത്തിലെ മത്സ്യബന്ധന മേഖലയില്‍ ഗുണപരമായ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. 1961ല്‍  പദ്ധതി എറണാകുളത്തേക്ക് മാറ്റി. എറണാകുളത്ത് ഒരു ഐസ്പ്ലാന്‍റും മത്സ്യബന്ധന യാനങ്ങള്‍ക്കുള്ള സ്ലിപ്പ് വേയോടു കൂടിയ വര്‍ക്ക്ഷോപ്പും സ്ഥാപിച്ചത് പദ്ധതിയുടെ ഭാഗമായാണ്. പദ്ധതി നടപ്പാക്കിയതോടെ യന്ത്രവത്കൃത മത്സ്യബന്ധന മേഖലയില്‍ കേരളം അതിവേഗം വളരുകയും കടല്‍ മത്സ്യ ഉല്‍പ്പാദനം വര്‍ഷം തോറും വര്‍ധിക്കുകയും ചെയ്തു. ഈ നേട്ടം പുതിയ സാങ്കേതികവിദ്യകളുടെയും സമീപനങ്ങളുടെയും സഹായത്തോടെ കൂടുതല്‍ വിപുലമാക്കാന്‍ നോര്‍വ്വേയുമായുള്ള സഹകരണം  കൊണ്ട് സാധ്യമാകും. 

ഫിഷ് ന്യൂട്രിഷനിലും ഫീഡ് റിസര്‍ച്ച് ആന്‍ഡ് ഹെല്‍ത്ത്  മാനേജ്മെന്‍റിലും  കേരളത്തെ സഹായിക്കാമെന്ന ഉറപ്പ് നോര്‍വീജിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മറൈന്‍ റിസര്‍ച്ചില്‍ നിന്നും ലഭിക്കുകയുണ്ടായി. മറൈന്‍ കേജ് കള്‍ച്ചര്‍, കപ്പാസിറ്റി ബില്‍ഡിങ് ഇവയില്‍ നോര്‍വീജിയന്‍ ഫുഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് കേരളത്തിലെ കുഫോസുമായി സഹകരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു.  സ്റ്റുഡന്‍റ് ആന്‍ഡ് ഫാക്കല്‍ട്ടി എക്സ്ചേഞ്ച്, കേജ് ഫാര്‍മിങ് വഴിയുള്ള ഓഫ് ഷോര്‍ അക്വാകള്‍ച്ചര്‍, കയറ്റുമതിക്കുള്ള പുനഃചംക്രമണ മത്സ്യ കൃഷി തുടങ്ങിയ മേഖലകളില്‍ ഗവേഷണത്തിനും തൊഴില്‍ സാധ്യതകള്‍ക്കും കൂടുതല്‍ സഹകരണം ഉറപ്പുവരുത്താന്‍ തീരുമാനിച്ചു. 

ഇതുകൂടാതെ, നോര്‍ദ് യൂണിവേഴ്സിറ്റി കുഫോസ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഗവേഷണ പരിശീലനം നല്‍കാന്‍ താല്പര്യം അറിയിച്ചു. 

നോര്‍വ്വേ സന്ദര്‍ശനത്തിലെ എടുത്തുപറയേണ്ട ഒരു കാര്യം  നോബല്‍ പീസ് സെന്‍റര്‍ എക്സിക്യുട്ടീവ് ഡയരക്ടറുമായുള്ള കൂടിക്കാഴ്ചയാണ്. കേരള സര്‍ക്കാരിന്‍റെ കഴിഞ്ഞ ബജറ്റില്‍ ലോക സമാധാന സമ്മേളനം  സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.  സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കുന്ന സ്ഥാപനമാണ് നോര്‍വേയിലെ നോബല്‍ പീസ് സെന്‍റര്‍.

ലോക സമാധാന സമ്മേളനം വിളിച്ചുചേര്‍ക്കാനുള്ള കേരള സര്‍ക്കാരിന്‍റെ ആവശ്യത്തെ ഗൗരവമായി പരിഗണിക്കുമെന്ന് നോബല്‍ പീസ് സെന്‍റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെജെര്‍സ്റ്റി ഫ്ലോഗ്സ്റ്റാഡ് കൂടികാഴ്ചയില്‍ വ്യക്തമാക്കി.

പ്രകൃതിക്ഷോഭങ്ങളെ നേരിടല്‍, വയനാട്  തുരങ്കപാത നിര്‍മ്മാണം, തീരശോഷണം തടയല്‍ എന്നീ മേഖലകളില്‍  സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ നോര്‍വീജിയന്‍ ജിയോ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് താല്‍പര്യം പ്രകടിപ്പിച്ചതാണ്   മറ്റൊരു നേട്ടം. നോര്‍വ്വേയില്‍ തുരങ്കപാതകള്‍ ഒട്ടേറെയാണ്. പരിസ്ഥിതിയെയും ആവാസ വ്യവസ്ഥകളെയും പരിക്കേല്‍പ്പിക്കാതെ തുരങ്കപാതകള്‍ നിര്‍മ്മിച്ച് സുഗമമായ ഗതാഗതം സാധ്യമാക്കുന്ന നോര്‍വ്വേ മാതൃകയില്‍ കേരളത്തിന് അനുകരിക്കാവുന്നതുണ്ടെന്നാണ് യാത്രാനുഭവത്തില്‍നിന്ന് ബോധ്യമായത്. 

ഇന്ത്യന്‍ റെയില്‍വേക്ക്  തുരങ്കപ്പാത നിര്‍മ്മാണത്തില്‍ നോര്‍വേയുടെ സാങ്കേതിക സഹകരണം  ലഭിക്കുന്നുണ്ട്. മണ്ണിടിച്ചിലിനുള്ള സാധ്യത മുന്‍കൂട്ടി മനസ്സിലാക്കാനുള്ള സാങ്കേതികവിദ്യ വിവിധ രാജ്യങ്ങളില്‍ നോര്‍വീജിയന്‍ ജിയോ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിജയകരമായി നടപ്പിലാക്കുന്നുണ്ട്. തീരശോഷണത്തിന്‍റെ കാര്യത്തിലും ആധുനികവും സ്വാഭാവികവുമായ പരിഹാര മാര്‍ഗ്ഗങ്ങള്‍ ഇവര്‍ കണ്ടെത്തിയിട്ടുണ്ട്. 

കേരളത്തില്‍ സമീപകാലത്തുണ്ടായ പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ നോര്‍വീജിയന്‍ ജിയോ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പദ്ധതികള്‍ കേരളത്തിനു സഹായകരമാകും. കേരള സംഘത്തിന്‍റെ അഭ്യര്‍ത്ഥന പരിഗണിച്ച്  വിവിധ മേഖലകളിലെ വിദഗ്ദരുടെ സംഘത്തെ അയക്കാമെന്ന് നോര്‍വെയിലെ ദേശീയ ദുരന്ത നിവാരണ മേഖലയിലെ വിദഗ്ധന്‍ ഡൊമനിക് ലെയ്ന്‍  ഉറപ്പു നല്‍കുകയുണ്ടായി. പ്രളയ മാപ്പിങ്ങില്‍ ആവശ്യമായ സാങ്കേതിക ഉപദേശം നല്‍കാമെന്നും ഇവര്‍ വ്യക്തമാക്കി. 

വിദഗ്ധരുടെ കേരള സന്ദര്‍ശനത്തിനു ശേഷം സര്‍വ്വകലാശാലകളും ഗവേഷണ സ്ഥാപനങ്ങളുമായി യോജിച്ചു പ്രവര്‍ത്തിക്കുന്ന കാര്യം കൂടി പരിഗണിക്കാമെന്നും 
അവര്‍ അറിയിച്ചു.

ഓസ്ലോയില്‍ നടത്തിയ ഇന്‍വെസ്റ്റേഴ്സ് റൗണ്ട് ടേബിളില്‍ നാല് നോര്‍വീജിയന്‍ കമ്പനികള്‍ കേരളത്തില്‍ നിക്ഷേപം നടത്താനുള്ള താല്പര്യം പ്രകടിപ്പിച്ചു. ഹൈഡ്രജന്‍ പ്രൊ, ടോമ്ര, കാമ്പി ഗ്രൂപ്പ്, ഓര്‍ക്ക്ല എന്നിവയാണ് അവ.

കേരളത്തില്‍ ഭക്ഷ്യ സംസ്കരണ മേഖലയില്‍  150 കോടി രൂപയുടെ തുടര്‍ നിക്ഷേപം നടത്തുമെന്നാണ് പ്രമുഖ നോര്‍വീജിയന്‍ കമ്പനിയായ  ഓര്‍ക്ക്ലെ ബ്രാന്‍ഡഡ് കണ്‍സ്യൂമര്‍ ഗുഡ്സ് സിഇഒ ആറ്റ്ലെ വിഡര്‍ ഉറപ്പു നല്‍കിയത്. ഭക്ഷ്യ സംസ്കരണ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിനും കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ഉറപ്പുവരുത്തുന്ന സംവിധാനം ഏര്‍പ്പെടുത്തുന്നതിനും ഓര്‍ക്ക്ലെ യുടെ സന്നദ്ധതയും അറിയിച്ചു. റിന്യൂവബിള്‍ എനര്‍ജി രംഗത്തും നിക്ഷേപം 
നടത്താന്‍ ഓര്‍ക്ക്ലെ ആലോചിക്കുന്നുണ്ടെന്ന് ചര്‍ച്ചയില്‍ അവര്‍ സൂചിപ്പിച്ചു.

കൊച്ചിയെ ലോകത്തെ പ്രധാന മാരിടൈം ഹബുകളിലൊന്നാക്കി മാറ്റുക എന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്.  കൊച്ചിയില്‍ ആരംഭിക്കുന്ന മാരിടൈം  ക്ലസ്റ്ററുമായി സഹകരിക്കുവാന്‍   അസ്കോ മാരിടൈം താല്‍പര്യം പ്രകടിപ്പിച്ചു.   

കേരളത്തില്‍ സംരംഭങ്ങള്‍ ആരംഭിക്കാനും നിക്ഷേപം നല്‍കാനും തയ്യാറായി നോര്‍വ്വേയിലെ മലയാളി സമൂഹം മുന്നോട്ടു വരിക കൂടി ചെയ്തു.   നോര്‍വ്വേയിലെ  മലയാളി കൂട്ടായ്മയായ  'നന്മയുടെ സ്വീകരണ 
സമ്മേളനത്തില്‍ പങ്കെടുത്ത പലരും ഈ താല്പര്യം പ്രകടിപ്പിച്ചു. മികച്ച സംരഭകത്വ അവസരങ്ങള്‍ അവര്‍ക്കായി സര്‍ക്കാര്‍ കേരളത്തിലൊരുക്കും. 

വിക്രാന്തിന് ആവശ്യമായ കാബിനുകളും സ്റ്റീല്‍ ഫര്‍ണിച്ചറുകളും നിര്‍മിച്ചു നല്‍കിയ മരിനോര്‍ കേരളത്തില്‍ ഫാക്ടറി ആരംഭിക്കുന്നത് പരിഗണിക്കും എന്നറിയിച്ചു. ഏഷ്യന്‍ മേഖലയിലെ ആവശ്യത്തിനുള്ള ഉല്‍പ്പാദനം കേരളത്തില്‍ നടത്താന്‍ കഴിയുമോയെന്നാണ് അവര്‍ നോക്കുന്നത്. ജനുവരിയില്‍ കേരളത്തില്‍ സംഘടിപ്പിക്കുന്ന നോര്‍വ്വീജിയന്‍ സംരംഭകരുടെ സംഗമത്തില്‍ പങ്കെടുക്കുമെന്ന് മരിനോര്‍  വ്യക്തമാക്കി. 
 
കേരളത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പ്രമുഖ ഇലക്ട്രിക് ബാറ്ററി നിര്‍മ്മിതാക്കളായ കോര്‍വസ് എനര്‍ജി മുന്നോട്ടുവന്നിട്ടുണ്ട്.  മാരിടൈം ഇലക്ട്രിക്ക് ബാറ്ററി നിര്‍മ്മാണ രംഗത്തെ പ്രമുഖരായ കോര്‍വസ് എനര്‍ജി കേരളത്തിലെ  വൈദ്യുതി അധിഷ്ഠിത ജലഗതാഗതരംഗത്തെ സാധ്യതകളില്‍ താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു.  കൊച്ചിയിലെ നിര്‍ദ്ദിഷ്ട സുസ്ഥിര 
മാരിടൈം ടെക്നോളജി ഹബ്ബിലൂടെ  കമ്പനി  കേരളത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കും.

നോര്‍വേയ്ക്ക് സമാനമായ രീതിയില്‍ കേരളത്തില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് രാജ്യങ്ങളിലെ ലാബുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ 
ലഭ്യമാക്കുന്നതിനാവശ്യമായ പദ്ധതികളും തയ്യാറാക്കും.  കേന്ദ്ര, കേരള സര്‍ക്കാരുകളുടെയും മറ്റ് ഗവേഷണസ്ഥാപനങ്ങളുടെയും ഫെല്ലോഷിപ്പുകളെക്കുറിച്ചും സ്കോളര്‍ഷിപ്പുകളെക്കുറിച്ചും വിശദീകരിക്കുന്നതും എല്ലാവര്‍ക്കും പ്രാപ്യമാവുന്നതുമായ ഒരു ഇന്‍ഫര്‍മേഷന്‍ സിസ്റ്റം രൂപീകരിക്കും.  ഗവേഷക വിദ്യാര്‍ത്ഥികള്‍ക്കായി മുഖ്യമന്ത്രിയുടെ ഫെല്ലോഷിപ്പ് ഇപ്പോള്‍ കേരളത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവയോടൊപ്പം ഈ കാര്യങ്ങള്‍ കൂടി പരിഗണിക്കും.

നോര്‍വ്വേയില്‍ നിന്ന് നമുക്ക് പഠിക്കാന്‍ ഒട്ടേറെ കാര്യങ്ങളുണ്ട്. അവിടത്തെ വയോജന പരിചരണവും സഹായങ്ങളും എടുത്തുപറയേണ്ടതാണ്. മറ്റൊരു കാര്യം ശ്രദ്ധയില്‍പെട്ടത് ആ രാജ്യത്ത് കുപ്പിവെള്ളക്കച്ചവടം കണ്ടില്ല എന്നതാണ്. ഏത് ജലാശയത്തില്‍ നിന്നും നേരിട്ട് എടുത്ത് കുടിക്കാനാവുന്നത്ര ശുദ്ധമാണ് വെള്ളം. ശുദ്ധജലത്താല്‍ സമൃദ്ധമാണ് നമ്മുടെ കേരളം. നമുക്കും നോര്‍വ്വേ മാതൃക അനുകരിക്കാനാകും എന്നാണ് തോന്നിയത്.  
 
ഫിന്‍ലന്‍ഡ്

കേരള സംഘത്തിന്‍റെ യാത്രയുടെ തുടക്കം ഫിന്‍ലന്‍ഡിലായിരുന്നു. എല്ലാ സംഘാംഗങ്ങള്‍ക്കും  നിശ്ചിത സമയത്ത് എത്താനായില്ല എങ്കിലും തീരുമാനിച്ച കൂടിക്കാഴ്ചകള്‍ അവിടെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. ഫിൻലണ്ട് വിദ്യാഭ്യാസ മന്ത്രി ലി ആന്‍ഡേഴ്സെന്‍റ ക്ഷണപ്രകാരമാണ് ഫിന്‍ലാന്‍ഡ് സന്ദര്‍ശിച്ചത്. 

പുതിയ കാലത്തിന്‍റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനും വെല്ലുവിളികള്‍ നേരിടാനും  നമ്മുടെ വിദ്യാഭ്യാസ മേഖലയെയും വിദ്യാര്‍ത്ഥികളെയും സജ്ജരാക്കാന്‍ കേരള-ഫിന്‍ലാന്‍ഡ്  സഹകരണം സഹായിക്കും. ഫിന്‍ലാന്‍ഡിലെ പ്രാരംഭശൈശവ വിദ്യാഭ്യാസം, പ്രീ പ്രൈമറി, എലമെന്‍ററി, സെക്കന്‍ററി വിദ്യാഭ്യാസം എന്നിവയെ കുറിച്ച്   മനസ്സിലാക്കാന്‍ സന്ദര്‍ശനം വഴി സാധിച്ചു.
  
ഫിന്‍ലാന്‍ഡിലെ ഹെല്‍ത്ത് നെറ്റ്വര്‍ക്ക് ഫെസിലിറ്റി, ഫിനിഷ് നാഷണല്‍ പ്രോഗ്രാം ഓണ്‍ ഏയ്ജിങ് തുടങ്ങിയവയെക്കുറിച്ച്  മനസ്സിലാക്കാനും  അവസരം ലഭിച്ചു.  
ആരോഗ്യ രംഗത്തും സാമൂഹ്യ വയോജന പരിപാലന രംഗത്തും പരസ്പര സഹകരണം തുടരാന്‍ തീരുമാനം കൈക്കൊണ്ടു.  കേരളത്തിന്‍റെ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം വലിയ അളവില്‍ ആവശ്യമുണ്ടെന്ന് ഫിന്നിഷ് പ്രതിനിധികള്‍ വ്യക്തമാക്കി.  തുടര്‍ചര്‍ച്ചകള്‍ക്കായി ഫിന്‍ലാന്‍ഡില്‍ നിന്നുള്ള സംഘം കേരളം സന്ദര്‍ശിക്കും.

ജനസംഖ്യ   കുറഞ്ഞുകൊണ്ടിരിക്കുന്ന രാജ്യമാണ് ഫിന്‍ലാന്‍ഡ്. അതേസമയം  വയോജനങ്ങളുടെ സംഖ്യ അവിടെ വര്‍ദ്ധിച്ചുവരികയാണ്.    സ്കില്‍ ഷോര്‍ട്ടേജ് സ്വാഭാവികമായും ഉണ്ട്. ഈ സ്കില്‍ ഷോര്‍ട്ടേജ് നികത്താനാണ് ഫിന്നിഷ് ഗവണ്മെന്‍റ് 'ടാലന്‍റ് ബൂസ്റ്റ് പ്രോഗ്രാം' വിഭാവനം ചെയ്തത്. ഈ പദ്ധതി വഴി അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും കഴിവുള്ള യുവാക്കളെ ഫിന്‍ലാന്‍ഡിലേക്ക് ക്ഷണിക്കാനാണ് അവര്‍ തീരുമാനിച്ചത്. അവരുടെ പ്രധാന ടാര്‍ഗറ്റ് രാജ്യം ഇന്ത്യയാണ്. അതില്‍ തന്നെ കേരളമാണ് ഇങ്ങനെയൊരു അവസരം ഉപയോഗിക്കാന്‍ ഒരു സംഘത്തെ അയച്ചത്. വരുന്ന നാല്-അഞ്ച് വര്‍ഷത്തേക്ക് ഏകദേശം പതിനായിരം നഴ്സുമാരെ ഫിന്‍ലാന്‍ഡിലേക്ക് വേണ്ടിവരുമെന്നാണ് ഫിൻലന്റ് അധികൃതര്‍  അറിയിച്ചത്. കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് എക്കോ സിസ്റ്റവുമായി സഹകരിക്കാനും അവര്‍ക്ക് ആഗ്രഹമുണ്ട്. നോര്‍ക്ക, ഒഡേപെക്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, കെഎസ്ഐഡിസി എന്നിവ ചേര്‍ന്ന് ഈ സഹകരണത്തെ മുന്നോട്ടുകൊണ്ടുപോവാനാണ് ശ്രമം. ബിസിനസ് ഫിന്‍ലാന്‍ഡിന്‍റെ ഇന്ത്യാ ഓഫീസുമായി ചേര്‍ന്ന് തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍   ധാരണയായി. 

കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെയും തൊഴിലന്വേഷകരുടെയും കുടിയേറ്റം സുഗമമാക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ഫിന്‍ലാന്‍ഡ് സാമ്പത്തികാര്യ, തൊഴില്‍ വകുപ്പ് മന്ത്രാലയത്തിലെ കുടിയേറ്റ വിഭാഗം ഡയറക്ടര്‍ സോണ്യ ഹമലായ്നെന്‍ അടങ്ങുന്ന സംഘവുമായി ചര്‍ച്ച  ചെയ്തു.

കേരളത്തില്‍ നിന്നുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഫിന്‍ലാന്‍ഡില്‍ വലിയ സാധ്യതകളുണ്ടെന്നും കേരള സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റം വഴി സാങ്കേതിവിദ്യാ രംഗത്തെ തൊഴില്‍ശക്തിയെ ഉപയോഗിക്കാന്‍ സാധിക്കണമെന്നുമാണ്  ഫിന്നിഷ് സംഘം അറിയിച്ചത്. കേരളത്തില്‍ നിന്നുള്ളവരുടെ കുടിയേറ്റ  നടപടികള്‍ സുഗമമാക്കുമെന്നും അവര്‍ ഉറപ്പുനല്‍കി.

ഫിന്‍ലാന്‍ഡിലെ ഇന്ത്യന്‍ എംബസി,  കോണ്‍ഫെഡറേഷന്‍ ഓഫ് ഫിന്നിഷ് ഇന്‍ഡസ്ട്രിയുമായി ചേര്‍ന്ന് അഡ്വാന്റേജ് കേരള ബിസിനസ് മീറ്റ് നടത്തുകയുണ്ടായി. കോണ്‍ഫെഡറേഷന്‍ ഓഫ് ഫിന്നിഷ് ഇന്‍ഡസ്ട്രി ഡയറക്ടര്‍ ടിമോ വൗറി മീറ്റില്‍ പങ്കെടുത്തിരുന്നു. ഫിന്‍ലാന്‍ഡിലെ പ്രമുഖ ബിസിനസ് വൃത്തങ്ങളില്‍ നിന്നുള്ളവര്‍ സംഗമത്തില്‍ സന്നിഹിതരായി. ഗ്രീന്‍ എനര്‍ജി, മറൈന്‍ മേഖല, ലൈഫ് സയന്‍സസ്,പെട്രോകെമിക്കല്‍സ്, നാനോ മെറ്റീരിയല്‍സ്, ഗ്രഫീന്‍ എന്നീ സാങ്കേതിക വിദ്യാമേഖലകളിലെ സഹകരണത്തിനുള്ള സാദ്ധ്യതകള്‍ കേരള  സംഘം വിശദീകരിച്ചു.   പരിസ്ഥിതി സൗഹൃദ വികസന മേഖലകളിലെ സഹകരണം  അവര്‍ ഉറപ്പുനല്‍കി.

പ്രമുഖ മൊബൈല്‍ ഫോണ്‍ കമ്പനിയായ 'നോക്കിയ'യുടെ എക്സ്പീരിയന്‍സ് സെന്‍റര്‍ സന്ദര്‍ശിക്കുകയും  ഊര്‍ജ്ജ, മറൈന്‍ ബിസിനസ് രംഗത്തെ   ഫിന്‍ലാന്‍ഡ് കമ്പനിയായ 'വാര്‍ട്സീല'യുടെ വൈസ് പ്രസിഡന്‍റ് കായ് ജാന്‍ഹ്യൂനെനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. 
 കൊച്ചിയില്‍ ആരംഭിക്കുന്ന സസ്റ്റയിനബിള്‍ മാരിടൈം ടെക്നോളജി ഹബിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാമെന്ന് വാര്‍ട്സീല വാക്കുനല്‍കി 

സര്‍വ്വകലാശാലകളുടെ സഹകരണം 

നൂതന സാങ്കേതിക വിദ്യകളുടെ വികാസത്തിന്‍റെയും ശാസ്ത്ര സാങ്കേതിക ഗവേഷണത്തിന്‍റെയും സാധ്യതകള്‍ കേരളത്തിന്‍റെ വികസനത്തിനായി എങ്ങനെ 
ഉപയോഗിക്കാമെന്ന്  മാഞ്ചസ്റ്റര്‍, ഓക്സ്ഫോര്‍ഡ്, എഡിന്‍ബറോ, സൈഗന്‍ സര്‍വ്വകലാശാലകളിലെ പ്രതിനിധികളുമായി ചര്‍ച്ച നടത്തുകയുണ്ടായി. ഇതിന്‍റെ ഭാഗമായി ഗ്രഫീന്‍ മേഖലയിലെ സഹകരണത്തിനായി ഈ സര്‍വ്വകലാശാലകളുമായി കേരള ഡിജിറ്റല്‍ സര്‍വകലാശാല ധാരണാപത്രം ഒപ്പുവെച്ചു.

ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്, റിസര്‍ച്ച് സെന്‍റ്ററുകള്‍ എന്നിവ മുഖേന ഗ്രഫീന്‍, മറ്റു  2 ഡി പദാര്‍ത്ഥങ്ങള്‍ എന്നിവയിലധിഷ്ഠിതമായ ഗവേഷണവികസന പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുവാനുള്ള ധാരണാപത്രത്തില്‍  കേരള ഡിജിറ്റല്‍ സര്‍വ്വകലാശാലയും 
മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയും  ഒപ്പ്  വച്ചു. ഗ്രഫീന്‍ സംബന്ധിച്ച സുപ്രധാനമായ ഗവേഷണങ്ങള്‍ നടന്നത്  മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയിലാണ്. ഗ്രഫീന്‍ കണ്ടുപിടുത്തത്തിന് 2010 ലെ നോബേല്‍ സമ്മാന ജേതാവായ   ആന്‍ഡ്രു  ജീം ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നു. സര്‍ക്കാര്‍ ഗ്രഫീന്‍ രംഗത്ത് മുന്‍കൈയെടുക്കുന്നത് ഭാവി വ്യവസായത്തില്‍ കേരളത്തെ മുന്‍പിലാക്കുന്നതിന് സഹായിക്കുമെന്ന് ആന്‍ഡ്രു  ജീം  വ്യക്തമാക്കി. 

നിര്‍മ്മിത ബുദ്ധിയും റോബോട്ടിക്സും സംബന്ധിച്ച സംയുക്ത ഗവേഷണത്തിനുള്ള ധാരണാപത്രമാണ് എഡിന്‍ബറോ സര്‍വ്വകലാശാലയുമായി ഒപ്പു വച്ചത്. നിര്‍മ്മിത ബുദ്ധിക്കായുള്ള ഹാര്‍ഡ് വെയര്‍, റെസ്പോണ്‍സിബിള്‍ ആര്‍ട്ടിഷിഷ്യല്‍ ഇന്‍റലിജന്‍സ്, ഡിജിറ്റല്‍ ഹെല്‍ത്ത് എന്നീ മേഖലകളില്‍  ഇരു യൂണിവേഴ്സിറ്റികളും സംയുക്തമായി പദ്ധതികളും ഗവേഷണശാലകളും ആരംഭിക്കും. കേരള ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കുമായുള്ള സഹകരണവും പരിഗണനയില്‍ ഉണ്ട്. 

ഇമേജ് സെന്‍സറുകള്‍,  മൈക്രോഇലക്ട്രോമെക്കാനിക്കല്‍ സിസ്റ്റം, ന്യൂറോമോര്‍ഫിക് വി എല്‍ എസ് ഐ എന്നിവ വികസിപ്പിക്കുന്നതില്‍ സഹകരിക്കുന്നതിനുള്ള ധാരണാപത്രമാണ് ജര്‍മ്മന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സീഗന്‍ യൂണിവേഴ്സിറ്റിയുമായി ഒപ്പു വച്ചത്. ഡിജിറ്റല്‍ യൂണിവേഴ്സിറ്റി, മേക്കര്‍ വില്ലജ് പോലുള്ള ഡിജിറ്റല്‍ ചിപ്പ് ഡിസൈന്‍ സംരംഭങ്ങള്‍ എന്നിവയുമായും ഈ ധാരണാപത്രത്തിന്‍റെ അടിസ്ഥാനത്തില്‍ സഹകരണമുണ്ടാകും.

ഗ്രഫീന്‍ അടിസ്ഥാനമാക്കി വ്യവസായ പാര്‍ക്ക് രൂപീകരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഡിജിറ്റല്‍ സര്‍വ്വകലാശാല ഒപ്പിട്ട ഈ ധാരണാപത്രങ്ങള്‍ അത്യാധുനിക ഗവേഷണം വികസിപ്പിക്കുന്നതിനും വിജ്ഞാന സമ്പദ്  വ്യവസ്ഥ വികസിപ്പിക്കുന്നതിനുമുള്ള സംസ്ഥാനത്തിന്‍റെ കഴിവിനെ കൂടുതല്‍ ശക്തിപ്പെടുത്തും. ഗ്രഫീനിനായി ലോകോത്തര ആവാസവ്യവസ്ഥ നിര്‍മ്മിക്കാനാണ് കേരളം ഉദ്ദേശിക്കുന്നത്. അതിലേക്ക് വലിയ സംഭാവനകള്‍ ചെയ്യാന്‍   സര്‍വ്വകലാശാലകളുമായുള്ള സഹകരണം വഴി സാധിക്കും.

ഇത്തരത്തിൽ  ഭാവികേരളത്തെ കെട്ടിപ്പടുക്കാനുള്ള കൃത്യമായ പദ്ധതിയോടെയാണ് കേരള സംഘത്തിന്‍റെ വിദേശ യാത്ര പ്ലാന്‍ ചെയ്തത്.  യാത്രയ്ക്കിടെയുള്ള കൂടിക്കാഴ്ചകളും മറ്റും അതാത് സമയം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  നവ കേരളനിര്‍മ്മിതിക്കുള്ള സാധ്യതകള്‍ കണ്ടെത്തുക, ലോക കേരള സമൂഹത്തിന്‍റെ മുന്നോട്ടുപോക്കിന് ക്രിയാത്മക സംഭാവന നല്‍കുക എന്ന ലക്ഷ്യത്തോടെയാണ്   ഈ പര്യടനത്തിലെ കൂടിക്കാഴ്ചകളും പരിപാടികളും ആസൂത്രണം ചെയ്തത്.  അതിന്‍റെ ഏതാനും വിവരങ്ങള്‍ മാത്രമാണ് ഇവിടെ പങ്കു വെച്ചത്.  വരുംനാളുകളില്‍ ഈ യാത്രയുടെ ഭാഗമായ തുടര്‍നടപടികള്‍ ഉണ്ടാകും. ഓരോ കൂടിക്കാഴ്ചകളും തുടര്‍നടപടിക്ക് വ്യക്തമായ തീരുമാനമെടുത്തും അതിനുള്ള ചുമതലകള്‍ നല്‍കിയുമാണ് അവസാനിപ്പിച്ചത്. വളരെ പെട്ടന്നുതന്നെ ഫലപ്രാപ്തിയുണ്ടാകുന്നതും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സംസ്ഥാനത്തിന് പ്രയോജനകരമാകുന്നതുമായ തീരുമാനങ്ങളും ധാരണകളും ഈ സന്ദര്‍ശനത്തിന്റെ  ഭാഗമായി ഉരുത്തിരിഞ്ഞിട്ടുണ്ട്. 

ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയില്‍ കാള്‍ മാര്‍ക്സിന്‍റെ ശവകുടീരത്തില്‍ പുഷ്പചക്രം അര്‍പ്പിക്കാന്‍ അവസരം ലഭിച്ചതും മാര്‍ക്സ് സ്മാരക ലൈബ്രറി സന്ദര്‍ശിച്ചതും ഈ യാത്രയിലെ അവിസ്മരണീയ അനുഭവമായിരുന്നു എന്നുകൂടി സൂചിപ്പിക്കട്ടെ. മഹാനായ ലെനിന്‍റെ സ്മരണകള്‍ തങ്ങിനില്‍ക്കുന്നത്  കൂടിയാണ് മാര്‍ക്സ് ലൈബ്രറി. മനുഷ്യ മോചന പോരാട്ടങ്ങളുടെ കാലാതിവര്‍ത്തിയായ  പ്രചോദനമാണ് ഈ സ്മാരകങ്ങള്‍.   മാര്‍ക്സിസ്റ്റു പുരോഗമന പുസ്തകങ്ങള്‍ നാസികള്‍ ബെര്‍ലിനില്‍ ചുട്ടുകരിച്ചപ്പോള്‍ 1933  ല്‍  ആരംഭിച്ചതാണ് ലൈബ്രറി.  ഫാസിസത്തിനെതിരായ പോരാട്ടങ്ങള്‍ക്ക്  കൂടുതല്‍ കരുത്തും പ്രചോദനവും നല്‍കുന്നതായിരുന്നു  ആ സ്മാരകങ്ങളിലെ സന്ദര്‍ശനാനുഭവം എന്ന് പ്രത്യേകം ഓര്‍ക്കുന്നു.

Follow Us:
Download App:
  • android
  • ios