തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ എം.ശിവശങ്കറിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. ഇന്നലെയാണ് രവീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

രവീന്ദ്രന് ഇന്നും പരിശോധനകൾ തുടരുകയാണെന്നാണ് അദ്ദേഹത്തെ പരിശോധിക്കുന്ന ഡോക്ടർമാർ പറയുന്നത്. വെള്ളിയാഴ്ച ചോദ്യം ചെയ്യല്ലിന് ഹാജരാവണം എന്ന് കാണിച്ച് ഇഡി രവീന്ദ്രന് കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു. 

എം.ശിവശങ്കർ അറസ്റ്റിലായതിന് പിന്നാലെ രവീന്ദ്രനോട് ചോദ്യം ചെയ്യല്ലിന് ഹാജരാവാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇതിനു ശേഷം രവീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു. തുടർന്ന് ക്വാറൻ്റൈനിൽ പോയ രവീന്ദ്രൻ കൊവിഡ് നെഗറ്റീവായി ഒരാഴ്ചത്തെ സ്വയം നിരീക്ഷണവും പൂർത്തിയാക്കിയിരുന്നു. ഇതേ തുടർന്നാണ് ഇഡി അദ്ദേഹത്തിന് രണ്ടാമതും നോട്ടീസ് നൽകിയത്. പിന്നാലെ അദ്ദേഹം വീണ്ടും ആശുപത്രിയിൽ അഡ്മിറ്റ് ആവുകയായിരുന്നു.