കുഴൂർ നിരവത്ത് ജോസ് എന്നയാളുടെ പറമ്പിലെ മാളത്തിൽ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. പാമ്പ് പിടുത്തക്കാരൻ എത്തി ഇതിനെ പിടികൂടി. കുട്ടികൾ പുറത്ത് നിന്ന് കളിക്കുന്നതിനിടെയാണ് പാമ്പിനെ കണ്ടത്.
എറണാകുളം: പെരുമ്പാവൂർ മണ്ണൂർ കുഴൂരിൽ മൂർഖൻ പാമ്പിനെ പിടികൂടി. ഇരുപതോളം പാമ്പിൻ മുട്ടകളും കണ്ടെത്തി. കുഴൂർ നിരവത്ത് ജോസ് എന്നയാളുടെ പറമ്പിലെ മാളത്തിൽ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. പാമ്പ് പിടുത്തക്കാരൻ എത്തി ഇതിനെ പിടികൂടി. കുട്ടികൾ പുറത്ത് നിന്ന് കളിക്കുന്നതിനിടെയാണ് പാമ്പിനെ കണ്ടത്. അതേസമയം ചൂട് വളരെ രൂക്ഷമായ ഈ കാലാവസ്ഥയിൽ പാമ്പുകടി ഏൽക്കാനുള്ള സാധ്യത സാധാരണയുള്ളതിനേക്കാൾ കൂടുതലാണെന്നും അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട വിശദമായ നിർദ്ദേശങ്ങൾ അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചിട്ടുണ്ട്.
എന്തൊക്കെ ശ്രദ്ധിക്കണം?
- പരിസര ശുചീകരണം: വീടിനും ചുറ്റുമുള്ള കുറ്റിക്കാടുകൾ, ചപ്പുചവറുകൾ, പൊത്തുകൾ, മാളങ്ങൾ, വലിയ കല്ലുകൾ എന്നിവ നീക്കം ചെയ്യുക.
2. ഇരകളെ ആകർഷിക്കാതിരിക്കുക: ഭക്ഷണാവശിഷ്ടങ്ങൾ കഴിച്ച് എലികൾ എത്തുന്നതും, വീടുകളിൽ പക്ഷികളെ വളർത്തുന്നതും പാമ്പുകളെ ആകർഷിക്കാൻ കാരണമാകും. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുക.
3. കുട്ടികളുടെ സുരക്ഷ: അവധിക്കാലമായതിനാൽ കുട്ടികൾ പറമ്പുകളിലും മൈതാനങ്ങളിലും കളിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. കളിയിടങ്ങളിലെ കുറ്റിക്കാടുകളും മറ്റും ഒഴിവാക്കണം.
4. വീടിനുള്ളിലെ ജാഗ്രത: വേനൽക്കാലത്ത് ജനലുകളും വാതിലുകളും തുറന്നിടുമ്പോൾ പാമ്പുകൾ ഉള്ളിൽ കടക്കാതിരിക്കാൻ ശ്രദ്ധിക്കുക. വീടിനുള്ളിലേക്ക് പാമ്പുകൾ എത്താൻ സാധ്യതയുള്ള വിടവുകൾ, പൈപ്പുകൾ എന്നിവ അടക്കുകയും വള്ളിച്ചെടികൾ, മരച്ചില്ലകൾ എന്നിവ നീക്കം ചെയ്യുകയും വേണം.
സഹായത്തിന് വനം വകുപ്പ് സജ്ജം
- സർപ്പ വോളന്റീയർമാർ: പാമ്പുകളെ സുരക്ഷിതമായി പിടികൂടി കാട്ടിലേക്ക് വിടുന്നതിനായി വനം വകുപ്പ് പരിശീലിപ്പിച്ച 3600-ഓളം 'സർപ്പ' വോളന്റീയർമാർ സംസ്ഥാനത്ത് 24 മണിക്കൂറും സജ്ജമാണ്.
2. സർപ്പ ആപ്പ് (SARPA App): ഈ സേവനം എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി വനം വകുപ്പിന്റെ 'SARPA' മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗപ്പെടുത്തുക.
3. വിദ്യാർത്ഥികൾക്കായി 'സർപ്പപാഠം' എന്ന പേരിൽ ബോധവൽക്കരണ പരിപാടികളും, വിദ്യാലയങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ 'സർപ്പസുരക്ഷ' പദ്ധതിയും വനം വകുപ്പ് നടപ്പിലാക്കി വരുന്നു.
4. 2020-ൽ ആരംഭിച്ച 'സർപ്പ' പദ്ധതിയിലൂടെ പാമ്പുകടി മൂലമുള്ള മരണനിരക്ക് ഗണ്യമായി കുറയ്ക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഇത്തരം മരണങ്ങൾ പൂർണ്ണമായും ഒഴിവാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. ഇതിനായി എല്ലാവരുടെയും പൂർണ്ണ സഹകരണവും ജാഗ്രതയും അഭ്യർത്ഥിക്കുന്നു.


