കൊച്ചി/ തൃശ്ശൂർ: കോയമ്പത്തൂര്‍ അവിനാശിയിൽ കെഎസ്ആർടിസി ബസിലേക്ക് കണ്ടെയ്നർ ലോറി ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ന് സംസ്കരിക്കും. മുഴുവന്‍ മൃതദേഹങ്ങളുടെയും പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഇന്നലെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. മൃതദേഹങ്ങൾ വീട്ടിലെത്തിച്ചപ്പോൾ വൈകാരിക നിമിഷങ്ങളോടെയാണ് ബന്ധുക്കളും നാട്ടുകാരും ഏറ്റുവാങ്ങിയത്.

അപകടത്തിൽ മരിച്ച കെഎസ്ആർടിസി ഡ്രൈവർമാരായ വി ആർ ബൈജുവിന്റെയും വി ഡി ഗിരീഷിന്‍റെയും മൃതദേഹം ഇന്നലെ രാത്രിയോടെ എറണാകുളത്ത് എത്തിച്ചു. കെഎസ്ആർടിസി സൗത്ത് ബസ് സ്റ്റേഷനിൽ അൽപസമയം പൊതുദർശനത്തിന് വെച്ച ശേഷം മൃതദേഹങ്ങൾ മോർച്ചറികളിലേക്ക് മാറ്റി. മുഖ്യമന്ത്രിക്ക് വേണ്ടി എറണാകുളം ജില്ലാ കലക്ടർ എസ് സുഹാസ് റീത്ത് സമർപ്പിച്ചു.

Read More: ശ്രദ്ധ നഷ്ടപ്പെട്ടു,ഡിവൈഡറില്‍ ഇടിച്ച കണ്ടെനര്‍ ബസ്സിലേക്ക് ഇടിച്ച് കയറി; ഡ്രൈവറെ ചോദ്യം ചെയ്യുന്നത് തുടരുന്നു

കെഎസ്ആർടിസി എറണാകുളം ഡിപ്പോയിൽ കണ്ടക്ടർ വി ആർ ബൈജുവിന്‍റെ മൃതദേഹം രാവിലെ ഒമ്പത് മണിയോടെ പിറവം വെളിയനാട് പേപ്പതിയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും. ഡ്രൈവർ വി ഡി ഗിരീഷിന്‍റെ സംസ്കാര ചടങ്ങുകൾ 12 മണിയോടെ പെരുമ്പാവൂർ ഒക്കലിലിലെ എസ്എൻഡിപി ശ്മശാനത്തിലാണ് നടക്കുക. ബെംഗളൂരു ഐടി കമ്പനി ജീവനക്കാരിയും ഇടപ്പള്ളി സ്വദേശിനിയുമായ ഐശ്വര്യ, തൃപ്പൂണിത്തുറയിലെ ഗോപിക എന്നിവരുടെ സംസ്കാര ചടങ്ങുകളും ഇന്ന് രാവിലെ നടക്കും.

Read More: കോയമ്പത്തൂർ അപകടം: മരിച്ച 19 പേരും മലയാളികൾ, എല്ലാവരെയും തിരിച്ചറിഞ്ഞു

തൃശ്ശൂർ ജില്ലയിൽ നിന്ന് ആറ് പേരുടെ ജീവനാണ് വാഹനാപകടത്തിൽ പൊലിഞ്ഞത്. ഒല്ലൂർ സ്വദേശി ഇഗ്നി റാഫേൽ ഭാര്യ ബിൻസിയടെ സർട്ടിഫിക്കറ്റുകൾ വാങ്ങി വിദേശത്തേക്ക് കൊണ്ട് പോകാനായി എത്തിയപ്പോൾ നസീഫ് മുഹമ്മദ് അലി സഹോദരന്റെ ഗൃഹപ്രവേശനത്തിന് വരികയായിരുന്നു. പാസ്പോർട്ട് ആവശ്യത്തിന് വിദേശത്ത് നിന്നെത്തിയ യേശുദാസും, വിദേശത്തേക്ക് പോകാനിരിക്കുന്ന ഭർത്താവിനെ യാത്രയാക്കാൻ വന്ന അനുവും, അവധിക്കായി നാട്ടിലേക്ക് മടങ്ങിയ ജോഫിയും ഹനീഷും വിധിക്ക് മുന്നിൽ കീഴടങ്ങി.

Read More: ഡിവൈഡർ ഇടിച്ച് തെറിപ്പിച്ച് ബസ്സിൽ ഇടിച്ചു; കോയമ്പത്തൂർ അപകടത്തിന്‍റെ കാരണമെന്ത്?

നാല് മാസം മുമ്പ് മാത്രമാണ് ഹനീഷിന്റെ വിവാഹം നടന്നത്. ചേതനയറ്റ ശരീരങ്ങൾ വീട്ടിൽ എത്തുന്നത് വരെ മരണവാർത്ത വിശ്വസിക്കാൻ പോലും കഴിയാതെയാണ് നാട് കാത്തിരുന്നത്. ആശ്വാസ വാക്കുകളുമായി ജില്ലാ ഭരണകൂടം എല്ലാ വീടുകളിലും എത്തി. നസീഫിന്റെ മൃതദേഹം പുലർച്ചയോടെ സംസ്കരിച്ചു. ഒല്ലൂർ സ്വദേശി ഇഗ്നി യുടെ സംസ്കാരം ശനിയാഴ്ച നടക്കും. ഇഗ്നിയുടെ ഭാര്യ ബിൻസി കോയമ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സയിൽ ആണ്.

Read More: 'അന്ന് ഒരു ജീവന് വേണ്ടി വണ്ടി തിരികെ ഓടിച്ചവർ', ഇന്ന് ആ ജീവനക്കാർ കണ്ണീരോർമ

മരിച്ചവരുടെ പേര് വിവരങ്ങളും, അവർ ഇരുന്ന സീറ്റ് നമ്പറുമടക്കം:

1. ഗിരീഷ് (43) - പുല്ലുവഴി, പെരുമ്പാവൂർ, എറണാകുളം - കെഎസ്ആർടിസി ഡ്രൈവർ കം കണ്ടക്ടർ
2. ബൈജു (37) - അറക്കുന്നം, വെളിങ്ങാടി, എറണാകുളം - കെഎസ്ആർടിസി ഡ്രൈവർ കം കണ്ടക്ടർ
3. ഇഗ്നി റാഫേൽ (39) - അപ്പാടൻ ഹൗസ്, ഒല്ലൂർ, തൃശ്ശൂർ (സീറ്റ് നമ്പർ 28)
4. കിരൺകുമാർ (33) - s/o ബസമ്മ, തുംകൂർ. കർണാടകയിൽ സ്ഥിരതാമസമാക്കിയ മലയാളി (സീറ്റ് നമ്പർ 17)
5. ഹനീഷ് (25) - തൃശ്ശൂർ - (സീറ്റ് നമ്പർ 21)
6. ശിവകുമാർ (35) - മംഗലാംകുന്ന്, ഒറ്റപ്പാലം, പാലക്കാട് - (സീറ്റ് നമ്പർ 26)
7. ജിസ്‍മോൻ ഷാജു (24) - കിടങ്ങൻ ഹൗസ്, തുറവൂർ, ആലപ്പുഴ (സീറ്റ് നമ്പർ 22)
8. നസീഫ് മുഹമ്മദ് അലി (24) s/o മുഹമ്മദ് അലി - അണ്ടത്തോട് - തൃശ്ശൂർ (സീറ്റ് നമ്പർ 5)
9. ഐശ്വര്യ (24) - ഇടപ്പള്ളി, എറണാകുളം - (സീറ്റ് നമ്പർ 1)
10. ഗോപിക ഗോകുൽ (23) - തൃപ്പൂണിത്തുറ, എറണാകുളം (സീറ്റ് നമ്പർ 2)
11. റോഷാന ജോൺ - ശാന്തി കോളനി, പാലക്കാട് (സീറ്റ് നമ്പർ അറിയില്ല)
12. എംസി മാത്യു (W/O ജോൺ) - പാലക്കാട് (സീറ്റ് നമ്പർ 6)
13. രാഗേഷ് (35) - തിരുവേഗപ്പുറ, പാലക്കാട് - (സീറ്റ് നമ്പർ 9)
14. മാനസി മണികണ്ഠൻ (25) - മലയാളിയാണ്, കർണാടകയിലെ ബെൽഗാമിൽ സ്ഥിരതാമസം - (സീറ്റ് നമ്പർ 18)
15. അനു കെ വി - ഇയ്യൽ, തൃശ്ശൂർ - (സീറ്റ് നമ്പർ 25)
16. ജോഫി പോൾ (33) - തൃശ്ശൂർ - (സീറ്റ് നമ്പർ 11)
17. ശിവശങ്കർ പി (30) - എറണാകുളം - (സീറ്റ് നമ്പർ 32)
18. സനൂപ് - കാനം, പയ്യന്നൂർ - (സീറ്റ് നമ്പർ 14)
19. യേശുദാസ് (30 വയസ്സ്)