വയനാട്: നാടിനെ നടുക്കിയ വയനാട് പുത്തുമല ഉരുള്‍പ്പൊട്ടലില്‍ കുടുങ്ങിയവര്‍ക്കായി തെരച്ചില്‍ തുടരവേ അപകടത്തില്‍ അകപ്പെട്ടവരുടെ കൃത്യം കണക്ക് പറയാനാകില്ലെന്ന് വയനാട് ജില്ലാ കളക്ടര്‍ എ ആര്‍ അജയ കുമാര്‍. പുത്തുമലയിലുണ്ടായ അപകടത്തില്‍ 17 പേര്‍ അകപ്പെട്ടെന്നാണ് പ്രാഥമിക കണക്ക്. എന്നാല്‍ ഈ കണക്ക് വസ്തുതാപരമെന്ന് പറയാനാകില്ലെന്നാണ് കളക്ടര്‍ പറയുന്നത്. അപകടത്തിൽപ്പെട്ടവര്‍ ഇതര സംസ്ഥാനക്കാരായതിനാൽ  വിവരശേഖരണം ദുഷ്കരമാണ്. കൂടാതെ വയനാട്ടിലെ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശനമായ നിയന്ത്രണം കൊണ്ടുവരുമെന്നും എ ആര്‍ അജയകുമാര്‍ പറഞ്ഞു.

ഒരു ഗ്രാമമൊന്നാകെ  ഇല്ലാതായ പുത്തുമല ഉരുൾപൊട്ടലിൽ  40 ലേറെ പേരെ കാണാതായെന്നായിരുന്നു രക്ഷപ്പെട്ടവരുടെ ആദ്യ പ്രതികരണം. എന്നാൽ ജില്ലാ പഞ്ചായത്ത്, റവന്യൂ, അധികൃതരും ഹാരിസൺ മലയാളം കമ്പനിയും നടത്തിയ വിവരശേഖരണത്തിന് ശേഷം ദുരന്തിൽ പെട്ടത് 18 പേരെന്ന് കൽപ്പറ്റ എംഎൽഎ സി കെ ശശീന്ദ്രൻ അറിയിച്ചു. പിന്നാലെ അപകടത്തിൽ കാണാതായത് 17 പേരെന്ന് ജില്ലാ ഭരണകൂടം വാർത്താ കുറിപ്പിറക്കി. ഈ കണക്കിലും മാറ്റം വന്നേക്കാമെന്നാണ് ജില്ലാ കളക്ടർ പറയുന്നത്. 

മഴമാറി നിന്നതോടെ ഇന്ന് രാവിലെ ഉരുള്‍പ്പൊട്ടലില്‍ അകപ്പെട്ടവര്‍ക്കായി  വീണ്ടും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. പത്തുപേരുടെ മൃതദേഹമാണ് പുത്തുമലയില്‍ നിന്നും ഇതുവരെ കണ്ടെത്തിയത്. മഴ മാറി നിൽക്കുകയാണെങ്കിലും മണ്ണും വെള്ളവും മരങ്ങളും പാറക്കല്ലുകളും എല്ലാം വന്നടിഞ്ഞ് ഒരു പ്രദേശമാകെ പ്രളയമെടുത്ത പുത്തുമലയിൽ അത്രപെട്ടെന്ന് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാൻ പറ്റില്ലെന്നാണ് വിലയിരുത്തൽ.