പാലക്കാട്: ഏഴ് പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ 89 രോഗികളാണ് ഇപ്പോള്‍ പാലക്കാട് ചികിത്സയിലുളളത്. നിരീക്ഷണത്തിലിരിക്കുന്നവരുടെ ജാഗ്രത കുറവ് മൂലമാണ് ഒരാൾക്ക് രോഗബാധയുണ്ടായതെന്ന ആശങ്കയും പാലക്കാട്ടുണ്ട്. കഴിഞ്ഞദിവസത്തെ 30ൽ നിന്ന് ഏഴിലേക്ക് പുതിയ രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും പാലക്കാട് ആശങ്കവിട്ടൊഴിയുന്നില്ല.

സമ്പർക്കത്തിലൂടെ രോഗവ്യാപനം ഉണ്ടാവുന്നതാണ് പാലക്കാട്ടെ പ്രശ്നം. നിരീക്ഷണത്തിലുളളവർ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നില്ലെന്നതും വിലങ്ങുതടിയാകുന്നു. കഴിഞ്ഞദിവസം ചെന്നൈയിൽ നിന്നെത്തി നിരീക്ഷണത്തിലുള്ളയാളുടെ അമ്മയ്ക്ക് രോഗബാധയുണ്ടായതും, പുതുശ്ശേരിയിലെ ഹോട്ടൽ തൊഴിലാളിയായ അസം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചതുമാണ് പുതിയ സംഭവങ്ങൾ.

കഴിഞ്ഞ ദിവസം ഒറ്റപ്പാലം തോട്ടക്കര സ്വദേശിക്കും സമാനരീതിയിൽ രോഗബാധ സ്ഥിരീകരിച്ചിരുന്നു. വീട്ടില്‍ നിരീക്ഷണത്തിലുള്ളവർ സമ്പർക്ക വിലക്ക് ലംഘിക്കുന്നതാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. വാർഡുതല നിരീക്ഷണ സമിതി ശക്തമെന്ന് ആവർത്തിക്കുമ്പോഴാണ് ഇത്തരം സംഭവങ്ങളെന്നതും ശ്രദ്ധേയം.

ചെന്നൈയിൽ നിന്നെത്തിയ മുണ്ടൂർ സ്വദേശി, ഹൈദരബാദിൽ നിന്നുവന്ന കടമ്പഴിപ്പുറം സ്വദേശി, ലണ്ടനിൽ നിന്നെത്തിയ അമ്പലപ്പാറ സ്വദേശി , ബെംഗളൂരുവിൽ നിന്നെത്തിയ കഞ്ചിക്കോട് സ്വദേശി എന്നിവരുൾപ്പെടെയാണ് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവർ. ഷൊര്‍ണൂര്‍, പരരൂർ, നെല്ലായ, പട്ടിത്തറ തുടങ്ങിയ പടിഞ്ഞാറൻ പ്രദേശങ്ങൾക്കൊപ്പം ചിറ്റൂർ തത്തമംഗലം നഗരസഭ, പൊൽപ്പുളളി, പെരിങ്ങോട്ടുകുറിശ്ശി എന്നീ പ്രദേശങ്ങളും ഹോട്ട് സ്പോട്ടിൽ ആയി.