സോണയുടെ സഹപ്രവർത്തകയുടേതടക്കം 17 സ്ത്രീകളുടെ 34 ദൃശ്യങ്ങളാണ് ഇയാൾ ഫോണിൽ സൂക്ഷിച്ചിരുന്നതെന്ന് കണ്ടെത്തിയിരുന്നു.
ആലപ്പുഴ: ആലപ്പുഴയില്‍ സിപിഎമ്മിനെ പിടിച്ചുലച്ച ഏരിയാ കമ്മിറ്റി അംഗം എ പി സോണ ഉള്‍പ്പെട്ട നഗ്നവീഡിയോ വിവാദത്തില്‍ പുതിയ വഴിത്തിരിവ്. പാര്‍ട്ടിയിലെ വിഭാഗീയ പ്രശ്നങ്ങളില്‍ പകപോക്കാന്‍ വേണ്ടി ജില്ലാ ഒളിംപിക് അസോസിയേഷൻ പ്രസിഡന്‍റ് വി ജി വിഷ്ണുവും ഭാര്യയും ഒരു ബ്രാഞ്ച് സെക്രട്ടറിയും ചേര്‍ന്ന് വ്യാജ പരാതി തയ്യാറാക്കി പാര്‍ട്ടിക്ക് നല്‍കുകയായിരുന്നുവെന്ന് ഒരു പരാതിക്കാരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സോണക്കെതിരെ സാമ്പത്തിക പരാതിയാണ് നല്‍കിയത്. ഇത് വിഷ്ണുവും ഭാര്യ നിഷയും ബീച്ച് വാര്‍ഡ് ബ്രാഞ്ച് സെക്രട്ടറി മാവോയും ചേര്‍ന്ന് ലൈംഗിക പരാതിയാക്കി മാറ്റി പാര്‍ട്ടി നേതൃത്വത്തിന് കൈമാറുകയായിരുന്നു. പാര്‍ട്ടിയിലെ വിഭാഗീയ തര്‍ക്കങ്ങള്‍ക്ക് തന്നെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും കരുവാക്കിയെന്നു ഇവര്‍ പറയുന്നു. സോണയുടെ രണ്ട് സഹോദരിമാര്‍ക്ക് ഒപ്പമായിരുന്നു പരാതിക്കാരി വാര്‍ത്താസമ്മേളനം നടത്തിയത്. നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് ഇവരുടെ തീരുമാനം.
മൂന്ന് മാസം മുമ്പാണ് സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കിയ നഗ്ന വീഡിയോ വിവാദം തുടങ്ങുന്നത്. സിപിഎം ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി അംഗം എ പി സോന, പാര്‍ട്ടി അനുഭാവികള്‍ ഉള്‍പ്പടെയുള്ള സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചു എന്നായിരുന്നു പരാതി. ദൃശ്യങ്ങളടക്കം വെച്ച് ലഭിച്ച പരാതികളെ കുറിച്ച് അന്വേഷിച്ച പാര്‍ട്ടി കമീഷന്‍, സോന കുറ്റക്കാരനെന്ന് കണ്ടെത്തുകയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ഇപ്പോള്‍ ഒന്നര മാസത്തിന് ശേഷമാണ് ഈ പരാതി തന്നെ വ്യാജമെന്ന ആരോപണവുമായി പരാതിക്കാരില്‍ ഒരാള്‍ പരസ്യമായി രംഗത്തെത്തുന്നത്.

