തൃശ്ശൂര്‍: ഗുരുവായൂർ ക്ഷേത്ര പരിസരത്ത് പരസ്യ ചിത്രീകരണം നടത്തിയത് വിവാദമായതോടെ സ്വകാര്യ കമ്പനി, പരസ്യ കമ്പനി, അഭിനയിച്ച ചലച്ചിത്ര താരം എന്നിവർക്കെതിരെ പരാതിയുമായി ദേവസ്വം ബോര്‍ഡ്. ഗുരുവായൂർ ടെമ്പിള്‍ പൊലീസിൽ ആണ് ദേവസ്വം അഡ്മിനിസ്ട്രേറ്റർ പരാതി നൽകിയത്. ക്ഷേത്രം അനുവിമുക്തമാക്കാൻ നൽകിയ അനുവാദം ദുരുപയോഗം ചെയ്തുവെന്നാണ് ആക്ഷേപം.

ഒരു വർഷത്തേയ്ക്ക് ഗുരുവായൂർ ക്ഷേത്ര പരിസരം അണുവിമുക്തമാക്കുമെന്നതാണ് സ്വകാര്യ കമ്പനിയുടെ പരസ്യം. സിനിമാതാരത്തെ ഉള്‍പ്പെടുത്തി ക്ഷേത്രപരിസരത്താണ് പരസ്യം ചിത്രീകരിച്ചത്. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് സാനിറ്റൈസർ നൽകുന്നത് സ്വകാര്യ കമ്പനിയാണെന്നാണ് പരസ്യത്തില്‍ പറയുന്നത്. പരസ്യം ചലച്ചിത്ര താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചതോടെയാണ് വിവാദമായത്. ക്ഷേത്രവും പരിസരവും സ്വകാര്യസ്ഥാപനങ്ങളുടെ പരസ്യത്തിനായി ഉപയോഗിക്കരുതെന്ന ഹൈക്കോടതി നിര്‍ദേശത്തിന്‍റെ ലംഘനമാണ് ഇതെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി. 

ഇതോടെയാണ്  പരാതി നൽകി തടിയൂരാനുള്ള ദേവസ്വത്തിന്‍റെ ശ്രമം. ഏറെ സമയമെടുത്ത് പ്രൊഫഷണൽ രീതിയിൽ ആണ് പരസ്യം ചിത്രീകരിച്ചിരിക്കുന്നത് എന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ശക്തമായ സുരക്ഷാ സംവിധാനമുള്ള ക്ഷേത്രത്തിൽ ഒരു മുഴുനീള പരസ്യ ചിത്രീകരണം നടന്നിട്ടും ചെയർമാൻ അറിഞ്ഞില്ലെന്ന് പറയുന്നതിൽ ദുരൂഹത ഉണ്ടെന്നാണ് ഭരണ സമിതി അംഗങ്ങളുടെ ആക്ഷേപം.

സാമൂഹിക അകലം ഉറപ്പാക്കാൻ നടവഴിയിൽ വരച്ച വൃത്തത്തിനുള്ളിൽ വരെ കമ്പനി മുദ്ര പതിപ്പിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങൾ തന്നെ നേരിട്ടിറങ്ങി കഴിഞ്ഞ ദിവസം ഇത് നീക്കം ചെയ്തിരുന്നെന്നാണ് ബിജെപിയുടെ ആരോപണം. ക്ഷേത്രവും പരിസരവും സാനിറ്റൈസ് ചെയ്യാൻ സ്വകാര്യ കമ്പനിയ്ക്ക് അനുമതി നൽകിയിരുന്നതായി ചെയർമാൻ   കെ ബി മോഹൻദാസ് വ്യക്തമാക്കി. എന്നാല്‍ പരസ്യ ചിത്രീകരണത്തിന് ദേവസ്വത്തിന്‍റെ അനുമതി വാങ്ങിയിട്ടില്ലെന്നാണ് ചെയര്‍മാന്‍റെ നിലപാട്.