മുൻപ് കൊടുത്ത പരാതി ബ്രഹ്മഗിരി സിഇഒ ആയിരുന്ന സുനിൽകുമാർ സമ്മർദ്ദം ചെലുത്തി പിൻവലിപ്പിച്ചു എന്ന് നൗഷാദ് പറയുന്നു.

കൽപറ്റ: ബ്രഹ്മഗിരിക്കെതിരെ പോലീസിൽ പരാതി. ബഡ്സ് ആക്ട് പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് 14 ലക്ഷം രൂപ നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ട നൗഷാദ് ആണ് പരാതി നൽകിയിരിക്കുന്നത്. മുൻപ് കൊടുത്ത പരാതി ബ്രഹ്മഗിരി സിഇഒ ആയിരുന്ന സുനിൽകുമാർ സമ്മർദ്ദം ചെലുത്തി പിൻവലിപ്പിച്ചു എന്ന് നൗഷാദ് ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശപ്രകാരം പാർട്ടി നേതൃത്വം ആവശ്യപ്പെട്ടിട്ടാണ് സിഇഒ പരാതി പിൻവലിപ്പിച്ചതെന്നും നൗഷാദ് പറഞ്ഞു. ബ്രഹ്മഗിരിയുടെ ആസ്ഥാനം ഉൾപ്പെടുന്ന മീനങ്ങാടി സ്റ്റേഷനിലാണ് നൗഷാദ് പരാതി നൽകിയിരിക്കുന്നത്. ബ്രഹ്മഗിരിയിലെ ജീവനക്കാരൻ കൂടിയാണ് നൌഷാദ്. ബ്രഹ്മഗിരി നിക്ഷേപ തട്ടിപ്പുായി ബന്ധപ്പെട്ട് ബഡ്സ് ആക്റ്റിന്‍റെ ലംഘനമുണ്ടായിട്ടുണ്ട്.

പ്രതികരിച്ച് പ്രതിപക്ഷ നേതാവ്

സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി ചാരിറ്റബിൾ സൊസൈറ്റിയിൽ നടന്നത് ഗുരുതരമായ ക്രമക്കേടുകളെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തട്ടിപ്പുകൾ പുറത്തെത്തിച്ച ഏഷ്യാനെറ്റ് ന്യൂസിനെ അഭിനന്ദിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ബ്രഹ്മഗിരിയിലെ തട്ടിപ്പിൽ ഒ ആർ കേളുവിന്റെ രാജി ആവശ്യപ്പെട്ട് മാനന്തവാടിയിലെ മന്ത്രിയുടെ ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി.

ബ്രഹ്മാണ്ഡ തട്ടിപ്പ് എന്ന ഏഷ്യാനെറ്റ് ന്യൂസ് പരമ്പരയിൽ രാഷ്ട്രീയ വിവാദവും ശക്തമാവുകയാണ്. ഇത്രയും ഗുരുതരമായ തട്ടിപ്പുകൾ ആണ് ബ്രഹ്മഗിരിയിൽ നടന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ അന്വേഷണത്തിലൂടെയാണ് തിരിച്ചറിയുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ശബരിമലയിൽ ആണെങ്കിലും ബ്രഹ്മഗിരിയിൽ ആണെങ്കിലും സിപിഎം നേതാക്കൾ തട്ടിപ്പിന് കൂട്ടു നിൽക്കുന്നതാണ് കാണാനാകുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി

ബ്രഹ്മഗിരി വിഷയം ഏറ്റെടുത്ത് വയനാട്ടിൽ ശക്തമായ പ്രതിഷേധം ഉയർത്തുകയാണ് കോൺഗ്രസ്. മന്ത്രി ഒ ആർ കേളുവിന്റെ രാജി ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി മാനന്തവാടിയിലെ മന്ത്രിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തി. തട്ടിപ്പ് നടന്നതിൽ ബ്രഹ്മഗിരിയിൽ ഡയറക്ടറായിരുന്ന ഒ ആർ കേളുവിനും ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം രാജിവെക്കണം നേതാക്കൾ ആവശ്യപ്പെട്ടു

നിയമം ലംഘിച്ച് ബ്രഹ്മഗിരിയിൽ നിക്ഷേപം നടത്തിയ സഹകരണ ബാങ്കുകൾക്ക് മുൻപിൽ നാളെ മുതൽ കോൺഗ്രസ് ഉപരോധം സംഘടിപ്പിക്കും. മുസ്ലിം ലീഗ് കഴിഞ്ഞദിവസം ബത്തേരിയിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. കേന്ദ്ര ഏജൻസികൾക്ക് പരാതി നൽകുമെന്നും കടുത്ത സമരത്തിന് ഇറങ്ങുമെന്നും ബിജെപിയും പ്രഖ്യാപിച്ചിരിക്കുകയാണ്.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്