യുകെജി വിദ്യാർഥിയായ അഞ്ചു വയസുകാരനെ മുഖത്തും കഴുത്തിനും മുറിവേറ്റ നിലയിൽ ചായക്കടയിലാണ് കണ്ടെത്തിയത്.

ആലപ്പുഴ: ചേർത്തലയിൽ അഞ്ചുവയസ്സുകാരന് നേരേ അമ്മയുടെയും അമ്മൂമ്മയുടെയും ക്രൂരത. കുട്ടിയുടെ മുഖത്തും നെറ്റിയിലും മുറിവുകൾ കണ്ടെത്തിയതിനെ തുടർന്നാണ് സംഭവത്തെ കുറിച്ച് അന്വേഷിച്ചത്. സ്കെയിലും വടിയും ഉപയോഗിച്ച് സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്ന് കുട്ടി മൊഴി നൽകി. സ്കൂൾ പിടിഎ പ്രസിഡന്റിന്റെ ഇടപെടലോടെ കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി.

അമ്മയും അമ്മൂമ്മയും തന്നെ ഉപദ്രവിക്കുന്നതിനെ കുറിച്ചാണ് അഞ്ചു വയസുകാരൻ തുറന്നു പറഞ്ഞത്. ലോട്ടറി വില്പനക്കാരിയായ അമ്മ പോകുമ്പോൾ കുട്ടിയെ ചേർത്തല കോടതിക്ക് സമീപമുള്ള ചായക്കടയിൽ നിർത്തും. ഇന്നലെ സ്കൂൾ പിടിഎ പ്രസിഡന്റ് ഈ കടയിൽ എത്തിയപ്പോൾ കുട്ടിയുടെ മുഖത്തെയും കഴുത്തിലെയും മുറിപ്പാടുകൾ ശ്രദ്ധയിൽപ്പെട്ടു. വിവരം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ അറിയിച്ചതോടെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പൊലീസിനും വിവരം കൈമാറി.

വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയ കുട്ടിയെ ജില്ലാ ശിശു സംരക്ഷണ സമിതി ഏറ്റെടുത്തു. ചൈൽഡ് ലൈൻ ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അമ്മയ്ക്കും അമ്മൂമ്മയ്ക്കുമെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. മുൻപും വീട്ടിൽ വെച്ച് കുട്ടിക്ക് മർദന മേറ്റിട്ടുണ്ട്. സംഭവത്തിൽ അമ്മയുടെ ആൺ സുഹൃത്ത് അറസ്റ്റിലായെങ്കിലും ഇയാളെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

YouTube video player