ശബരിമലയിലെ സ്വർണ്ണക്കവർച്ചയിൽ 2019ലെ ദേവസ്വം ബോർഡ് അംഗങ്ങൾ പ്രതികളായതും തന്ത്രിക്കും പങ്കുണ്ടെന്ന സൂചന പുറത്തുവന്നതും കേരളത്തിൽ ചർച്ചയാകുന്നു. ഇതോടൊപ്പം, ഷാഫി പറമ്പിലിനേറ്റ ലാത്തിയടിയിൽ പോലീസിനെതിരെ ഉയർന്ന വിമർശനവും പ്രധാന വാർത്തകളായി.
ശബരിമലയിലെ സ്വർണ്ണക്കവർച്ചയിൽ കൂടുതല്‍ വിവരങ്ങൾ പുറത്ത് വരുമ്പോൾ കേരളം ശരിക്കും ഞെട്ടുകയാണ്. 2019ലെ ദേവസ്വം ബോർഡ് പ്രസിഡന്‍റും അംഗങ്ങളും കേസിൽ പ്രതികളായിട്ടുണ്ട്. ഇതിനിടെ തന്ത്രി കണ്ഠര് രാജീവർക്കും പങ്കുണ്ടെന്ന് പരോക്ഷമായി സൂചിപ്പിക്കുന്ന പരാമർശവുമായി എ പദ്മകുമാർ രംഗത്തെത്തിയിട്ടുമുണ്ട്. അതേസമയം, ഷാഫി പറമ്പില്‍ എംപിക്ക് ലാത്തിയടിയേറ്റ സംഭവത്തില്‍ പൊലീസിനെ വിമര്‍ശിച്ച് കോഴിക്കോട് റൂറല്‍ എസ് പി കെ ഇ ബൈജു പ്രതികരിച്ചു. ഒപ്പം കോൺഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിലിനെ പൊതു പരിപാടികളിൽ ഒളിച്ചെത്തിക്കാൻ ഷാഫി, രാഹുൽ വിഭാഗം തീരുമാനിച്ചുവെന്നുള്ള വാർത്തയും ഇന്ന് ചര്‍ച്ചയായി
ദേവസ്വം ബോർഡ് പ്രസിഡന്‍റും അംഗങ്ങളും പ്രതികൾ
ശബരിമലയിലെ സ്വർണ്ണക്കവർച്ചയിൽ 2019ലെ ദേവസ്വം ബോർഡ് പ്രസിഡന്‍റും അംഗങ്ങളും പ്രതികൾ. ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയിലെ സ്വർണ്ണം പതിപ്പിച്ച പാളികൾ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൈമാറിയത് ദേവസ്വം ബോർഡ് അംഗങ്ങളുടെ അറിവോടെയെന്നാണ് എസ്ഐടി എഫ്ഐആറിലെ കണ്ടെത്തൽ. എഫ്ഐആറിലെ വിവരങ്ങൾ ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുവിട്ടത്. എല്ലാം തന്‍റെ നെഞ്ചത്തേക്ക് ഇരിക്കട്ടെ എന്ന് കരുതണ്ട എന്നും മറുപടി പറയേണ്ടവർ വേറെയുണ്ടെന്നുമാണ് ദേവസ്വം മുൻ പ്രസിഡന്‍റ് എ പത്മകുമാറിന്‍റെ പ്രതികരണം.
തന്ത്രി കണ്ഠര് രാജീവർക്കും പങ്കുണ്ടെന്ന സൂചനയുമായി എ പദ്മകുമാർ
സ്വർണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠര് രാജീവർക്കും പങ്കുണ്ടെന്ന് പരോക്ഷമായി സൂചിപ്പിക്കുന്ന പരാമർശവുമായി എ പദ്മകുമാർ രംഗത്തെത്തി. 2007ലാണ് ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിലെത്തിയത്. അതിന് മുൻപ് ബംഗളുരു ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ ശാന്തിക്കാരനായിരുന്നു. അവിടത്തെ തന്ത്രി ആരായിരുന്നുവെന്നും ആരൊക്കെ തമ്മിലാണ് നേരത്തെ പരിചയം ഉണ്ടായിരുന്നതെന്ന് തിരക്കണമെന്നും പദ്മകുമാർ പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകന് ഇഡി സമൻസ് അയച്ചത് പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിലെന്ന് വിവരം
ലൈഫ് മിഷൻ തട്ടിപ്പ് കേസിൽ മുഖ്യമന്ത്രിയുടെ മകന് ഇഡി സമൻസ് അയച്ചത് പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിലെന്ന് വിവരം. സമൻസിലെ തുടർനടപടി നിലച്ചതിലെ ദുരൂഹത തുടരുമ്പോൾ എല്ലാം രാഷ്ട്രീയ ഗൂഡാലോചനയെന്നാണ് സിപിഎം മന്ത്രിമാരുടെ പ്രതികരണം. സമൻസ് പുറത്ത് വന്ന് രണ്ടാം ദിവസമായിട്ടും മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല.
പൊലീസില്‍ ചിലര്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചെന്ന് കോഴിക്കോട് റൂറല്‍ എസ് പി
ഷാഫി പറമ്പില്‍ എംപിക്ക് ലാത്തിയടിയേറ്റ സംഭവത്തില്‍ പൊലീസിനെ വിമര്‍ശിച്ച് കോഴിക്കോട് റൂറല്‍ എസ് പി കെ ഇ ബൈജു. പൊലീസില്‍ ചിലര്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചെന്നും അവരെ കണ്ടെത്താന്‍ അന്വേഷണം നടത്തുകയാണെന്നും എസ്പി പറഞ്ഞു. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി. അതേസമയം പേരാമ്പ്രയിലെ സംഘര്‍ഷ സമയത്ത് പൊലീസിനിടയിലേക്ക് യുഡിഎഫ് പ്രവര്‍ത്തകര്‍ സ്ഫോടക വസ്തു എറിഞ്ഞെന്ന പുതിയ ആരോപണവുമായി സിപിഎമ്മും രംഗത്തെത്തി.
അതിജീവിതയെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി മമത ബാനർജി
പശ്ചിമബംഗാളിൽ എംബിബിഎസ് വിദ്യാർത്ഥി കൂട്ട ബലാൽസംഗത്തിനിരയായ സംഭവത്തിൽ അതിജീവിതയെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി മമത ബാനർജി. അർദ്ധരാത്രി പെൺകുട്ടികൾ പുറത്തിറങ്ങിയത് എന്തിനാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. പ്രസ്താവന അപമാനകരമാണെന്ന് ബിജെപി വിമർശിച്ചു. ഇതിനിടെ ഉത്തർപ്രദേശിൽ പ്രായപൂർത്തായാകാത്ത ദളിത് പെൺകുട്ടിയെ കൂട്ട ബലാൽസംഗത്തിനിരയാക്കിയ നാല് പേർ അറസ്റ്റിലായി.
രാഹുലിനെ ഒളിച്ചെത്തിക്കാൻ തീരുമാനം
ലൈംഗിക പീഡന ആരോപണങ്ങളെ തുടർന്ന് കോൺഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിലിനെ പൊതു പരിപാടികളിൽ ഒളിച്ചെത്തിക്കാൻ ഷാഫി, രാഹുൽ വിഭാഗത്തിന്‍റെ തീരുമാനം.പാലക്കാട് മണ്ഡലത്തിലും ഗ്രൂപ്പിന് സ്വാധീനമുള്ള മറ്റ് ഇടങ്ങളിലും രാഹുലിനെ പരിപാടികളിൽ പങ്കെടുപ്പിക്കാനാണ് നീക്കം. പോസ്റ്ററുകളോ പ്രചരണമോ നൽകാതെ രഹസ്യമായിട്ടായിരിക്കും ആദ്യഘട്ടത്തിൽ പരിപാടികളിൽ പങ്കെടുപ്പിക്കുക.


